വാസ്തുശാസ്ത്രത്തിൽ പൂജാമുറി പ്രധാനം;
പരദേവതയെ പൂജിച്ചാൽ ഐശ്വര്യം താനേ വരും
കുളത്തൂർ പുരുഷോത്തമൻ
കുലദേവതാ പ്രീതി കുടുംബഐശ്വര്യത്തിലെ സുപ്രധാന ഘടകമാണ്. ധർമ്മദേവത, പരദേവത, കുടുംബ ദേവത തുടങ്ങി നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നു. ഈ കുടുംബദേവതയെ ആരാധിക്കാൻ പണ്ടുകാലത്ത് മിക്ക പ്രധാന കുടുംബങ്ങളിലും ക്ഷേത്രം തന്നെ ഉണ്ടായിരുന്നു. അവർ വീട് നിർമ്മിക്കുമ്പോൾ പൂജാമുറിക്ക് പ്രത്യേകമായ സ്ഥാനവും നിശ്ചയിക്കുമായിരുന്നു. അന്നുള്ള ഗൃഹങ്ങൾ മിക്കതും അറയും നിരയും ആയിരുന്നു. അതിൽ പ്രത്യേക സ്ഥാനത്ത് പൂജാമുറിയുണ്ടാക്കി പരദേവതയെ വച്ച് പൂജിച്ച് വന്നിരുന്നു. അറയും നിരയും മാറി ആധുനിക ഗൃഹങ്ങൾ വന്നിട്ടും പൂജാമുറി എന്ന പരമ്പരാഗത രീതി മിക്ക വീടുകളിലും തുടരുന്നു. ഈശ്വരവിശ്വാസമുള്ള എല്ലാ ഹിന്ദുക്കളും നിർമ്മിക്കുന്ന ഗൃഹങ്ങളിൽ പൂജാമുറി പ്രത്യേകമായി പണിയുന്നുണ്ട്. ഇങ്ങനെ പൂജാമുറി ഒരുക്കി ആരാധിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേക ശ്രദ്ധിക്കണം.
പൂർവ്വികർ വച്ചാരാധിച്ചിരുന്ന ദേവതകൾ പല കുടുംബങ്ങളിലുമുണ്ട്. അപ്രകാരം ആരാധനകൾ ഇന്നു തുടർന്നു കൊണ്ടു പോകുവാൻ സാധിക്കാത്തവരും ഉണ്ട്. അതിന് പരിഹാരം ഒന്നുകിൽ ദേവതയെ പ്രത്യേകം ആലയം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് ആരാധിക്കുക. അതിന് കഴിയുന്നില്ലെങ്കിൽ യഥാസ്ഥാനത്തേക്ക ആ ദേവതയെ തിരിച്ചെൽപ്പിക്കണം. സേവയും ആരാധനയും രണ്ടാണ്. സേവ ചെയ്താൽ മുടങ്ങാതെ തലമുറകൾ തുടർന്നു കൊണ്ടിരിക്കണം. പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് ആരാധന മാത്രമാണ്. പൂജാമുറിക്ക് ഈശാനകോൺ (വടക്ക് കിഴക്ക്) കന്നി കോൺ (തെക്ക് പടിഞ്ഞാറ്) മേടം രാശി ഇതെല്ലാം നല്ല സ്ഥാനങ്ങളാണ്. നിലവിളക്കു വയ്ക്കുന്നത് വെറും നിലത്തല്ലാതെ ഒരു പീഠത്തിലായാൽ നല്ലതായിരിക്കും. ഇതിന് ശാസ്ത്രവിധി പ്രകാരമുള്ള പീഠമായാൽ നന്ന്.
നിലവിളക്കിൽ അഞ്ചുതിരി ഇട്ടുകൊളുത്തുന്നത് ഉത്തമം. രണ്ടുതിരിയും കുഴപ്പമില്ല. കുടുംബദേവതകളെ ആർക്കും ഭജിക്കാം. സേവിക്കാം. പക്ഷെ അത് വരുംതലമുറയ്ക്കു കൂടി പകർന്നുകൊടുക്കണമെന്ന് മാത്രം. അല്ലെങ്കിൽ ആരാധന മുടങ്ങുവാനിടയാകും. അങ്ങനെ വന്നാൽ കുടുംബത്തിൽ പലതരം അനർത്ഥങ്ങൾ ഉണ്ടാകാം. മിക്ക കുടുംബങ്ങളുടെയും കുലദേവത ഭദ്രകാളിയാണ്. പരദേവതയെ ആരാധിച്ചാൽ കുടുംബത്തിൽ ഐശ്വര്യം താനേ വന്നുചേരും. കൂടാതെ തടസ്സങ്ങൾ മാറാൻ ഓരോ മാസവും ഒരു ഗണപതിഹോമം കൂടി ചെയ്യുന്നത് ഉത്തമം. ഗണപതിഹോമം ക്ഷേത്രത്തിൽ ചെയ്താലും മതി.
പല കുടുംബങ്ങളിലും സേവ ചെയ്തു വന്നിരുന്നത് മുടങ്ങാറുണ്ട്. അത് കാരണമാകാം പിന്നീട് ആ കുടുംബങ്ങളിൽ അനർത്ഥങ്ങളും അധോഗതിയും ഉണ്ടാകുന്നത്. ഒരു ദേവതയെ ആരാധിച്ചാൽ അതിന്റെ ഹിതമനുസരിച്ച് അതിനുവേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുത്തില്ലെങ്കിൽ ആ ദേവതയുടെ അപ്രീതി ആ കുടുംബാംഗങ്ങൾക്കും വരും തലമുറയ്ക്കും സംഭവിക്കും. അതുവരാതെ നോക്കിയാൽ കുടുംബം അഭിവൃദ്ധിപ്പെടും. ഒരു ആലയമോ പൂജാമുറിയോ നിർമ്മിക്കുമ്പോൾ അത് വാസ്തു ശാസ്ത്രപരമായി തന്നെ വേണം. എങ്കിലേ പരദേവതകൾക്ക് തൃപ്തിയുണ്ടാവൂ.
കുളത്തൂർ പുരുഷോത്തമൻ,
+91 9446922756, 9496527756