Saturday, 21 Sep 2024

വാർഷിക ഷഷ്ഠി ഈ മാസം തുടങ്ങാം;
ഇവർ നോറ്റാൽ മേൽക്കുമേൽ ഉയർച്ച

മംഗള ഗൗരി

ചൊവ്വാ ദോഷങ്ങൾ കാരണം വിവാഹം വൈകുന്നവരും സന്താനഭാഗ്യം ആഗ്രഹിക്കുന്നവരും സന്താനങ്ങൾ കാരണം ക്ലേശിക്കുന്നവരും വൃശ്ചികമാസത്തിൽ തുടങ്ങി തുലാമാസത്തിൽ അവസാനിക്കും വിധം 12 ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. സുബ്രഹ്മണ്യ ഭഗവാനെ ഷഷ്ഠി വ്രതം നോറ്റ് ഭജിച്ചാൽ പെട്ടെന്ന് ദോഷനിവ‍ൃത്തി വരുമെന്നാണ് വിശ്വാസം. വ്രതമെടുക്കുന്നവർ തലേന്ന് പഞ്ചമിയിൽ ഒരിക്കലെടുത്ത് ഷഷ്ഠി ദിവസം രാവിലെ കുളിച്ച് മുരുക ക്ഷേത്രത്തിൽ തൊഴുത് പൂജകളിൽ പങ്കെടുത്ത് ഉച്ചയ്ക്ക് അവിടുത്തെ നിവേദ്യച്ചോറുണ്ട് പാരണ വിടാം. ഒരു നേരം അരിയാഹാരവും മറ്റ് സമയത്ത് ഫലങ്ങളും കഴിക്കാം. 2022 നവംബർ 29 നാണ് വൃശ്ചിക മാസത്തിലെ ഷഷ്ഠി.

അശ്വതി, കാർത്തിക, മകം, ഉത്രം, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രജാതർ എല്ലാ മാസവും ഷഷ്ഠി വ്രതം നോറ്റാൽ അവർക്ക് ജീവിതത്തിൽ മേൽക്കുമേൽ അഭിവൃദ്ധിയും മഹാഭാഗ്യവുമുണ്ടാകും. ഉത്രാടം, മൂലം, ഉത്തൃട്ടാതി, അനിഴം നക്ഷത്രക്കാർ ഷഷ്ഠി വ്രതം
അനുഷ്ഠിച്ചാൽ ജീവിത ദുരിതങ്ങൾക്ക് ശമനമുണ്ടാകും. മാത്രമല്ല ഇവർക്ക് ധാരാളം ശുഭാനുഭവങ്ങളും ലഭിക്കും.

ചൊവ്വാദോഷ മുക്തി, കാര്യവിജയം, കുടുംബസൗഖ്യം, സന്താനഭാഗ്യം, സർപ്പദോഷ ശാന്തി, ജീവിതസൗഭാഗ്യം എന്നിവയ്ക്ക് അത്യുത്തമമാണ് ഷഷ്ഠി വ്രതാനുഷ്ഠാനം. ഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍ത്തൃ , സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ലെന്നും വിശ്വസിക്കപ്പെടുന്നു. കുടുംബ ഐക്യത്തിനും ഐശ്വര്യം
നേടുന്നതിനും ഒരു സുബ്രഹ്മണ്യ സ്തുതിയും മന്ത്രവും ഇവിടെ ചേർക്കുന്നു. സുബ്രഹ്മണ്യ ഗായത്രി ദിവസവും 21 തവണ ജപിക്കുന്നത് ചൊവ്വാ ദോഷം പരിഹരിക്കുന്നതിന് ഉത്തമമാണ്.

വ്രതം അനുഷ്ഠിക്കുന്നവർ പഞ്ചമി, ഷഷ്ഠി ദിനങ്ങളില്‍ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ കുറഞ്ഞത് 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഓം ശരവണ ഭവഃ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും അരിഷ്ടതകൾ മാറി മന:സുഖം നേടാൻ നല്ലതാണ്.

സുബ്രഹ്മണ്യ സ്തുതി
കനകകുണ്ഡലമണ്ഡിതഷണ്‍മുഖം
വനജരാജിത ലോചനം
നിശിത ശസ്ത്രശരാസനധാരിണം ശരവണോദ്ഭവമീശസുതം ഭജേ
സുബ്രഹ്മണ്യ മന്ത്രം
ഓം വല്ലീദേവയാനീ സമേത
ദേവസേനാപതീം
കുമാര ഗുരുവരായ സ്വാഹാ

സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

Story Summary: Significance and Benefits Of Kumara Shashi Vritham ( Vrichka Shashi )


error: Content is protected !!
Exit mobile version