വിചാരിക്കുന്ന കാര്യം നടക്കാൻ 41 ദിവസം ഇത് ജപിക്കുക
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
ദേവീ ഭക്തരുടെ അമൂല്യ നിധിയാണ് സൗന്ദര്യ ലഹരി. ദേവീ മഹാത്മ്യം, ലളിതാസഹസ്രനാമം എന്നിവ പോലെ ഭക്തരെ കാത്തു രക്ഷിക്കുന്ന ശങ്കരാചാര്യ വിരചിതമായ ഈ പുണ്യഗ്രന്ഥം ശ്രീലളിതാ പരമേശ്വരീ വർണ്ണനയായ 100 ശ്ലോകങ്ങളുടെ സമാഹാരമാണ്. മന്ത്രാക്ഷരങ്ങളാൽ ബന്ധിച്ചിരിക്കുന്ന
സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകങ്ങൾക്കും ഓരോ ഫലശ്രുതി വിധിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പൂജ ചെയ്യുകയും യന്ത്രം ഒരുക്കുകയും ചെയ്യാറുണ്ട്. ശരീരശുദ്ധിയും മന:ശുദ്ധിയും പാലിച്ച് വേണം ഇതിലെ ഏതൊരു മന്ത്രവും ജപിക്കാൻ. നിത്യജപത്തിന് ഉത്തമമാണ്. ദേവീ പ്രധാനമായ നവരാത്രി, ചൊവ്വ, വെള്ളി, പൗർണ്ണമി ദിവസങ്ങളിലെ ജപം അതി വിശേഷമാണ്. ജപിക്കുന്നവർക്ക് ആത്മാർപ്പണബുദ്ധി അനുപേക്ഷണീയമാണ്.
ജോലി ചെയ്യുന്നതും ആഹാരം കഴിക്കുന്നതും കിടക്കുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും സംസാരിക്കുന്നതുമെല്ലാം ആത്മാർത്ഥമായ അർപ്പണബോധത്തോടെ ചെയ്താൽ അത് ദേവിയെ പൂജിക്കുന്നതിനു തുല്യമാണ്. ഏതു കാര്യത്തിനും ആത്മാർപ്പണബുദ്ധിയും ഭക്തിയുമാണ് പ്രധാനം. ദുർഗ്ഗ എങ്ങും നിറഞ്ഞു നിൽക്കുന്ന ശാശ്വത സത്യമാണ്. ഭക്തർക്ക് ഏതു രൂപത്തിലും ദേവിയെ ഭജിക്കാം. ഫലം ലഭിക്കും. ഇവിടെ പറയുന്ന സൗന്ദര്യ ലഹരിയിലെ
ശ്ലോകം മഹാദേവിയുടെ ആദിപരാശക്തിയുടെ
ചിത്രത്തിനു മുന്നിൽ വിളക്കു കൊളുത്തി കിഴക്കോട്ടു നോക്കിയിരുന്ന് പ്രഭാതത്തിലോ സായാഹ്‌നത്തിലോ ദിവസവും 108 പ്രാവശ്യം 41 ദിവസം ജപിക്കുക. വിചാരിക്കുന്ന കാര്യം നടക്കും. പൂജാമുറിയുണ്ടെങ്കിൽ ദിക്ക് നോക്കണ്ടാ. നാം ചെയ്യുന്ന സകല കർമ്മങ്ങളും ദേവിക്ക് സമർപ്പിക്കുന്നതായി, ദേവീ ഉപാസനയായി സങ്കല്പിക്കുന്നതാണ് ഈ ശ്ലോകത്തിന്റെ
ശ്രേഷ്ഠത. ദേവീരൂപം നന്നായി മനസിൽ സങ്കല്പിച്ച്
ഏകാഗ്രതയോടെ ജപിച്ചാൽ ആഗ്രഹ സിദ്ധി ഉറപ്പാണ്. അശുദ്ധി കാരണം 41 ദിവസം തുടർച്ചയായി പൂർത്തിയാക്കാൻ കഴിയാത്ത സ്ത്രീകൾക്ക് അശുദ്ധി മാറിക്കഴിഞ്ഞുള്ള ദിവസങ്ങളിൽ ജപം തുടർന്ന് 41 ദിവസം പൂർത്തിയാക്കാം.
ജപോ ജല്പ: ശില്പം
സകലമപി മുദ്രാവിരചനാ
ഗതി: പ്രാദക്ഷിണ്യക്രമണ
മശനാദ്യാഹുതിവിധി:
പ്രണമാ: സംവേശ:
സുഖ മഖില മാത്മാർപ്പണ ദൃശാ
സപര്യാപര്യായസ്തവ
ഭവതു യന്മേ വിലസിതം
(എന്റെ നാവു കൊണ്ടുള്ള ജല്പനങ്ങൾ, ഞാൻ കളിയായിപ്പറയുന്നതു പോലും ദേവിയെക്കുറിച്ചുളള ജപമായും കൈ കൊണ്ടു ചെയ്യുന്ന എല്ലാ ക്രിയകളും മുദ്രാകരണങ്ങളായും എന്റെ എവിടേക്കുമുള്ള സഞ്ചാരങ്ങൾ ദേവിക്കുള്ള പ്രദക്ഷിണമായും അശനപാനാദികൾ ദേവിക്കുള്ള ഹോമാനുഷ്ഠാനങ്ങളായും എന്റെ കിടപ്പ് ദേവിക്കുള്ള പ്രണാമമായും എന്റെ സുഖ സൗകര്യങ്ങൾക്കു വേണ്ടി ചെയ്യുന്ന എന്റെ എല്ലാ ചേഷ്ടകളും, ജീവാത്മവും പരമാത്മവും ഒന്നാകയാൽ അത്മാർപ്പണ ബുദ്ധിയോടെ ഞാൻ ദേവിക്ക് ചെയ്യുന്ന പൂജയുടെ പര്യായങ്ങളായും ഭവിക്കട്ടെ.)