വിജയദശമിയും തിരുവോണവും ഒന്നിച്ച് ;
എന്ത് തുടങ്ങിയാലും പൂർണ്ണവിജയം
മംഗള ഗൗരി
വിജയദശമി ദിവസം വിജയദശമിനക്ഷത്രം ഉദിക്കുന്ന സമയത്ത് ഏതൊരു കാര്യം തുടങ്ങിയാലും അത് പൂർണ്ണവിജയമാകും എന്നാണ് വിശ്വാസം. വിജയദശമി തിരുവോണം നക്ഷത്രം കൂടിയായാൽ ഏറ്റവും ശുഭകരം എന്നും കരുതുന്നു. ഇത്തവണ വിജയദശമിയും തിരുവോണം നക്ഷത്രവും ഒന്നിച്ച് വരുന്നതിനാൽ ഈ ദിവസം ഫലസിദ്ധിക്ക് കൂടുതൽ ശ്രേഷ്ഠമാണ്.
വിദ്യാരംഭം മാത്രമല്ല വിജയം നേടാൻ ആരംഭിക്കുന്ന എല്ലാക്കാര്യങ്ങളും ഈ സമയത്താണ് തുടങ്ങേണ്ടത്. വിജയദശമി നാളിൽ ദേവി ദുർഗ്ഗൻ എന്ന അസുരനെ വധിച്ചെന്നും അങ്ങനെ ദേവി ദുർഗ്ഗയായി എന്നും പറയുന്നു.
സമൃദ്ധികരമായ എല്ലാ വിഷയങ്ങൾക്കും വിജയദശമി ദിവസം നല്ലതാണ്. ഈ ദിവസത്തിന് മുഹൂർത്തദോഷം ബാധിക്കില്ലെന്നാണ് സങ്കല്പം. അതുകൊണ്ട് ഏതൊരു വിഷയവും തുടങ്ങാൻ നല്ലതാണ്. പക്ഷെ അവരവരുടെ നക്ഷത്രപ്രകാരം കത്തൃദോഷങ്ങൾ ഒഴിവാക്കിയാണ് മുഹൂർത്തം നിർണ്ണയിക്കുക. അങ്ങനെയെടുക്കുന്നതാണ് നല്ലത്.
ദേവന്മാർ പോലും നോറ്റ വ്രതമാണ് നവരാത്രിയെന്ന് പുരാണങ്ങൾ പറയുന്നു. വൃത്രാസുരനെ വധിക്കുവാൻ ദേവേന്ദ്രൻ നവരാത്രികാലത്ത് വ്രതം അനുഷ്ഠിച്ചു. ത്രിപുരന്മാരെ കൊല്ലാൻ പരമശിവനും മധുകൈടഭന്മാരെ കൊല്ലാൻ വിഷ്ണുവും നവരാത്രി വ്രതം അനുഷ്ഠിച്ചു. ഭൃഗു, കശ്യപൻ, കൗശികൻ, വസിഷ്ഠൻ, ബൃഹസ്പതി, തുടങ്ങിയ മഹർഷി ശ്രേഷ്ഠന്മാരും നവരാത്രി വ്രതം അനുഷ്ഠിച്ചിരുന്നു.
ഭൂമിയിൽ ആദ്യമായി നവരാത്രി പൂജ നടത്തിയത് ഭഗവാൻ ശ്രീരാമചന്ദ്രനാണ്. രാവണ നിഗ്രഹത്തിനായി കിഷ്‌കിസന്ധയിലെത്തിയ രാമന് നാരദമഹർഷിയാണ് നവരാത്രി പൂജയുടെ മാഹാത്മ്യം പകർന്നു നൽകിയത്. ആഗ്രഹസാഫല്യവും സങ്കടമോചനവും നേടാൻ അശ്വിന മാസത്തിലെ നവരാത്രിപൂജ ഉത്തമമാണെന്ന് നാരദൻ രാമനെ ഉപദേശിച്ചു. ശ്രീരാമൻ ആ ശരത്കാലത്തു തന്നെ നവരാത്രി പൂജ തുടങ്ങി. ശുഭമായ പീഠം നിർമ്മിച്ച് ദേവിയെ ആവാഹിച്ചിരുത്തി. ഉപവാസവും പൂജാദാനധർമ്മങ്ങളും വിധിയാംവണ്ണം അനുഷ്ഠിച്ചു. അഷ്ടമിനാളിൽ ദേവി രാമന് മുന്നിൽ പ്രത്യക്ഷയായി. രാവണനെ നിഗ്രഹിക്കാൻ അനുഗ്രഹം നൽകി. തുടന്ന് ആയുധ പൂജ നടത്തി നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിലാണ് ശ്രീരാമൻ രാവണനെ നിഗ്രഹിച്ചത്. ചൊവ്വദശ, ചന്ദ്രദശ, ശുക്രദശ എന്നിവ അനുഭവിക്കുന്ന കാലത്ത് കഴിയുന്നതും നവരാത്രിവ്രതം അനുഷ്ഠിക്കണം. സകല ദോഷ പരിഹാരത്തിന് ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്.
Story Summary: Significance of Vijaya Dashami and Thiruvonam star coming together