വിദേശയാത്ര ആർക്ക് ഗുണം ചെയ്യും; കടം വാങ്ങിപ്പോയി കഷ്ടപ്പെടുന്നതാര്?
ജോതിഷി പ്രഭാസീന.സി.പി
ആവശ്യത്തിന് വിദ്യാഭ്യാസവും ഒരളവു വരെ പ്രായോഗിക പരിജ്ഞാനവും നേടിയാണ് മിക്കയാളുകളും ഇപ്പോൾ നല്ലൊരു ജീവിത മാർഗ്ഗം തേടി വിദേശത്ത് പോകുന്നത്. ഇവരിൽ പലരും അവിടെ മികച്ച ജോലി നേടുകയും ഭേദപ്പെട്ട ജീവിതം കെട്ടിപ്പെടുക്കുകയും കുറച്ചെങ്കിലും ധനം സമ്പാദിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലർ കയ്യിലുള്ളതും കടം വാങ്ങിയതുമായ പണമെല്ലാം ചെലവാക്കി വിദേശജോലിക്ക് ശ്രമിക്കുകയും അങ്ങനെ തരപ്പെടുന്ന ജോലിയിൽ പ്രവേശിക്കുകയും തുടർന്നും പല രീതിയിൽ കഷ്ടപ്പെടുകയും ചെയ്യുന്നു. കഠിനമായ ജോലി, ശമ്പളക്കുറവ്, ശമ്പളം ലഭിക്കുന്നതിൽ കൃത്യത ഇല്ലായ്മ തുടങ്ങിയ അവസ്ഥയിൽ നരകിക്കുകയാകും അവർ. എന്നാൽ ജോലി തേടി വിദേശത്ത് പോകും മുൻപ് തന്നെ അതുകൊണ്ട് അവർക്ക് ഗുണം ഉണ്ടാകുമോ ഇല്ലയോ എന്ന് ആ ആ വ്യക്തിയുടെ ജാതക പരിശോധനയിലൂടെ ഒരു ഉത്തമ ജ്യോതിഷിക്ക് മനസ്സിലാക്കാൻ കഴിയും. വിദേശയാത്ര എന്നു പറഞ്ഞാൽ താമസിക്കുന്ന ദേശം വിട്ട് പോവുക എന്നാണ്. ഇക്കാലത്ത് രാജ്യം വിട്ട് പോവുക എന്നാണ് വിദേശയാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്.
ചെറിയയാത്രകൾ മൂന്നാം ഭാവം കൊണ്ടാണ് ചിന്തിക്കുന്നത് – ദൈനം ദിന യാത്രകൾ, ജോലിക്ക് വേണ്ടിയുള്ള യാതകൾ തുടങ്ങിയവ വ്യക്തമാകുന്നത് മൂന്നാം ഭാവത്തിലാണ്. ദീർഘയാത്രകൾ, വിദേശയാത്രകൾ തുടങ്ങിയവ ഏഴാം ഭാവം കൊണ്ട് ചിന്തിക്കാം. കേരളത്തിൽ നിന്ന് ആയിരകണക്കിന് കിലോമീറ്റർ യാത്ര ചെയ്താലും ആ യാത്ര ഇന്ത്യയിൽ തന്നെ ആയിരിക്കാം എന്നതിനാൽ ഏഴാം ഭാവ യാത്ര ചിലപ്പോൾ ഇന്ത്യയ്ക്കകത്തുള്ള യാത്രയായേ കാണാനാവൂ. എന്നാൽ ഒമ്പതാം ഭാവവും വിദേശ യാത്രാ സൂചന നൽകും. ഈ 7, 9 ഭാവങ്ങൾക്ക് ജലരാശി സംബന്ധം വന്നാൽ ആ ജാതകർക്ക് രാജ്യത്തിന് പുറത്തു പോകാനും കടൽ കടന്ന് പോകാനും കഴിയും എന്ന് മനസ്സിലാക്കണം. വിദേശ യാത്രാ ഭാഗ്യം നിശ്ചയിക്കുന്നത് സംബന്ധിച്ച ഏറ്റവും പ്രധാന ഗ്രഹം വ്യാഴമാണ്. 12,9 ഭാവങ്ങളുടെ ആധിപത്യമാണ് ഇതിന് കാരണം. രാഹു – കേതുക്കൾക്കും വിദേശ യാത്രയിലും വിദേശിയരിലും സ്വാധീനമുണ്ട്. രാഹു ക്രിസ്ത്യൻ രാജ്യങ്ങളെയും കേതു മുസ്ലിം രാജ്യങ്ങളെയും സ്വാധീനിക്കുന്നു.
ഒമ്പതാം ഭാവം, ഭാവാധിപൻ എന്നിവരുടെ സ്ഥിതി കൊണ്ട് വിദേശയാത്രയും ദൂരയാത്രയും ഭാഗ്യവും ചിന്തിക്കണം. പന്ത്രണ്ടാം ഭാവവും ഇതിന് പ്രധാനമാണ്. ദീർഘയാത്രയുടെ കാരകനായി ഒരു ഗ്രഹവും അറിയപ്പെടുന്നില്ല. ഉഭയരാശികളും ചരരാശികളുമാണ് സ്ഥിര രാശിയേക്കാൾ വിദേശ, ദീർഘയാത്രകൾക്ക് യോഗമുണ്ടാക്കുന്നത്. ജലരാശികളും പ്രധാനമാണ്. ലഗ്നാധിപനും ലഗ്നാധിപൻ്റെ സ്ഥാനവുമാണ് വിദേശയാത്ര എന്തിനു വേണ്ടിയെന്ന് തീരുമാനിക്കുന്നത്. ഉടൻ മടങ്ങി വരുമോ, വിദേശത്ത് ജോലി ചെയ്യുമോ, അവിടെ താമസമാക്കുമോ എത്ര കാലത്തേക്ക് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഗ്നാധിപൻ്റെയും ഒമ്പതാം ഭാവാധിപൻ്റെയും സ്ഥിതിയിൽ നിന്നും അറിയാം. ലഗ്നാധിപൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടിൽ നിൽക്കുന്ന ഗ്രഹം ഉച്ചത്തിലോ സുഹൃത് ക്ഷേത്രത്തിലോ ആകുകയോ ആ ഗ്രഹത്തെ ഉച്ചത്തിലോ സുഹൃത് ക്ഷേത്രത്തിലോ നിൽക്കുന്ന ഒരു ഗ്രഹം ദൃഷ്ടി ചെയ്യുകയോ ചെയ്താൽ ജാതകന് മാതൃ രാജ്യത്ത് തന്നെ ഭാഗ്യമുണ്ടാകും. പന്ത്രണ്ടിൽ ഗ്രഹങ്ങൾ ഇല്ലെങ്കിൽ പന്ത്രണ്ടാം ഭാവാധിപനെ കൊണ്ട് ചിന്തിക്കണം.എന്നാൽ ലഗ്നാധിപൻ്റെ പന്ത്രണ്ടിൽ നിൽക്കുന്ന ഗ്രഹം ശത്രു ക്ഷേത്ര സ്ഥിതി, നീചം, ബലക്കുറവ് എന്നീ വിധമാണെങ്കിൽ ജാതൻ വിദേശത്ത് പോകും. ലഗ്നാധിപൻ്റെ പന്ത്രണ്ടാം ഭാവാധിപൻ കേന്ദ്രത്തിലോ, ത്രികോണത്തിലോ, ലഗ്നത്തിലോ, സുഹൃദ്, സ്വ ഉച്ചരാശികളിലായി ബലമായി നിന്നാൽ ജാതൻ ഐശ്വര്യമുള്ള സമ്പന്നമായ വിദേശ രാജ്യത്ത് പോയി ഉയർച്ചയുണ്ടാക്കും.
ലഗ്നാധിപൻ പന്ത്രണ്ടിലും ചന്ദ്രൻ കുജനോട് കൂടി പാപരാശിയായ പത്തിലും നിന്നാൽ ജാതൻ വിദേശത്ത് പോകുമെങ്കിലും ഭാഗ്യമുണ്ടാകുകയില്ല. ശനിയോടൊപ്പം സൂര്യ ചന്ദ്രൻമാർ ഒരേ രാശിയിൽ നിന്നാൽ വ്യക്തി ക്രൂരനും, ചതിയനും വിദേശയാത്ര ചെയ്യുവാൻ കഴിയുന്നവനുമാകും. ലഗ്നാധിപൻ നിൽക്കുന്ന രാശിയിൽ നിന്നും പന്ത്രണ്ടാം രാശി അധിപൻ ജലരാശിയിൽ നിന്നാൽ ജാതൻ വിദേശ രാജ്യങ്ങളിൽ ഐശ്വര്യം നേടും. ലഗ്നാധിപൻ ചരരാശിയിൽ നിൽക്കുകയും ചരരാശിയിൽ നിന്നൊരു ഗ്രഹം നോക്കുകയും ചെയ്താൽ വിദേശയാത്രയുണ്ടാകും. ഒമ്പതിൽ നിൽക്കുന്ന ഗ്രഹം ഒമ്പതിനെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം, ഒമ്പതാം ഭാവാധിപൻ, പന്ത്രണ്ടാം ഭാവാധിപൻ ഇവരുടെ ദശാപഹാര കാലത്ത് വിദേശയാത്രയും വിദേശത്ത് താമസവുമുണ്ടാകും.
എന്താവശ്യത്തിന് വിദേശയാത്ര എന്ന് 3, 7, 9, 12 ഭാവങ്ങളോടും ഭാവാധിപൻമാരോടും ഓരോ ഭാവാധിപൻമാരുടെ യോഗം, ദൃഷ്ടി മുതലായവയിൽ നിന്നും യാത്രയുടെ ആവശ്യം മനസ്സിലാക്കാം. 4, 9 ഭാവാധിപൻമാരുടെ ബന്ധമാണെങ്കിൽ വിദ്യാഭ്യാസം അല്ലെങ്കിൽ പഠിപ്പിക്കൽ അതിനാണ് യാത്ര.
9, 10 ഭാവാധിപ ബന്ധമാണെങ്കിൽ ജോലിയായിരിക്കും. 9, 10, 6 ഭാവാധിപന്മരുടെ ബന്ധമായാൽ തൊഴിൽ ദാതാവിൻ്റെ ആവശ്യാർത്ഥം ജോലി സംബന്ധമായ യാത്രയാകും. ബുധൻ ഉൾപ്പെടുന്നെങ്കിൽ വിദ്യാഭ്യാസം, ഗവേഷണം, പഠനം, എഴുത്ത്, ഗണിതം ഇവയാകും വിദേശത്ത് പോകാൻ കാരണം. ഗുരുവാണെങ്കിൽ വിസിറ്റിംഗ് പ്രൊഫസറായോ പ്രസംഗികനായോ പ്രത്യേക വിഷയത്തിലെ ശാസ്ത്രജ്ഞനായോ, മത – സാംസ്ക്കാരിക- ആത്മീയ നേതാവായോ ആകും യാത്ര .
പതിനൊന്നാം ഭാവവുമായി ബന്ധമായാൽ ധനലാഭമാണ്. പത്താം ഭാവം കൂടി ചേർന്നാൽ രാഷ്ട്രീയ ആവശ്യത്തിന് വിദേശ സഹായത്തിനുള്ള യാത്രയാകും. ഏഴാം ഭാവാധിപതിയും സൂര്യനുമായി യാത്ര സൂചകരോടു ചേർന്നാൽ നയതന്ത്ര പ്രതിനിധിയാകാം. ഏഴാം ഭാവാധിപതിയും ശുക്രനുമാണെങ്കിൽ വിവാഹത്തിന് വേണ്ടിയാകും.ശനിയും ശുക്രനുമാണെങ്കിൽ കലാപരിപാടികൾ നടത്താനാകും വിദേശയാത്ര. ഗ്രഹങ്ങളുടെ ബലമനുസരിച്ച് ഫലവും ഗുണകരമാകും.
ലഗ്നാധിപന് ബലക്കുറവും , 9, 12,7 ഭാവാധിപരുടെ ബന്ധങ്ങളോടൊപ്പം ആറാം ഭാവാധിപനും ചേർന്നാൽ ചികിത്സയ്ക്കായിരിക്കും വിദേശയാത്ര . 9, 12 ഭാവാധിപർക്ക് പാപയോഗങ്ങൾ ഉണ്ടെങ്കിൽ കള്ളക്കടത്ത്, കൊളള, അതിക്രമങ്ങൾ, ഗൂഢാലോചന, പെൺവാണിഭം തുടങ്ങിയവയ്ക്കായേക്കും വിദേശയാത്ര. 6,8 ഭാവാധിപൻ യാത്ര യോഗങ്ങളോട് ചേർന്നാൽ കുറ്റകൃത്യങ്ങൾക്കായേക്കും.
ശനിയും ഗുരുവും പന്ത്രണ്ടാം ഭാവാധിപനും ഗുണകരമായ യോഗമാണെങ്കിൽ വിദേശത്ത് മത സ്ഥാപനങ്ങൾ, ആശ്രമങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നടത്താനാകും യാത്ര. ജാതക വിശകലനം ചെയ്ത് ഒരാൾക്കുള്ള വിദേശവാസം കൊണ്ടുള്ള
ഗുണദോഷ ഫലങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാൽ വിദേശയാത്ര കൊണ്ട് നഷ്ടം സംഭവിക്കാതെ നോക്കാം.
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ
Email ID prabhaseenacp@gmail.com)