Thursday, 14 Nov 2024

വിദ്യദായകനും മംഗല്യദായകനുമായ
മലയിൻകീഴപ്പന് ദ്രവ്യകലശാഭിഷേകം

മംഗള ഗൗരി
തിരുവനന്തപുരത്തെ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദ്രവ്യകലശാഭിഷേകത്തിന് ഒരുങ്ങി. ദേവന്റെ അനുഗ്രഹ കലകൾക്ക് അടുത്ത അളവിലേക്ക് ശക്തി വർദ്ധനവേകാനുള്ള താന്ത്രികക്രിയയായ മഹാദ്രവ്യ കലശാഭിഷേകം ജൂലൈ 6 മുതൽ 9 വരെയാണ് നടക്കുന്നത്. ദേവചൈതന്യത്തിന് ക്രമാനുഗതമായ ഉയർച്ച ഉണ്ടാക്കുവാനാണ് ദ്രവ്യകലശാഭിഷേകം നടത്തുന്നതെന്ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് വെളിപ്പെടുത്തി.

“തിരുവല്ലാഴപ്പൻ ” എന്നറിയപ്പെടുന്ന മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമിയുടെ മുന്നിൽ ഉള്ളുരുകി നടത്തുന്ന പ്രാർത്ഥനകൾക്ക് ഭഗവാനിൽ നിന്നും ലഭിക്കുന്ന പ്രതികരണം അത്യത്ഭുതകരമാണ്. വ്യക്തിഗതമായ അനുഭവങ്ങൾ ഇല്ലാത്ത ഭക്തർ ഈ ദേശത്ത് വിരളം. ഒരിക്കൽ ഈ മതിലകത്ത് പ്രവേശിക്കുന്ന ഏതൊരാളും ലഹരിക്കടിമപ്പെട്ടതുപോലെ ഇവിടുത്തെ ദാസനായിത്തീരുന്നു – ഭട്ടതിരിപ്പാട് പറഞ്ഞു. വിദ്യദായകനും മംഗല്യദായകനുമായ ശ്രീകൃഷ്ണനാണ് മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പം. വളരെയധികം സവിശേഷതകളുള്ള വിഗ്രഹം ആണ് ഈ ക്ഷേത്രത്തിലുള്ളത്. സ്ത്രീകൾ ഇവിടുത്തെ നാലമ്പലത്തിൽ പ്രവേശിക്കാറില്ല. തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രവുമായി മലയിൻകീഴപ്പന് ചില ബന്ധങ്ങൾ ഉള്ളതായി പറയപ്പെടുന്നു. വില്വമംഗലം സ്വാമിയാർ പൂജിച്ചിരുന്ന ശ്രീകൃഷ്ണസ്വാമി വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളതെന്ന് ഐതിഹ്യം. കണ്ണശ്ശ കവികളിലെ കണ്ണശ്ശ മാധവപണിക്കർ പതിനഞ്ചാം ശതകത്തിൽ ഈ ക്ഷേത്രനടയിൽ വച്ചാണ് ഭഗവത് ഗീത സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റിയത്. ലോകത്ത് ആദ്യമായാണ് ഭഗവത് ഗീത മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്. തന്റെ ഭാഷാ ഭഗവത് ഗീതയിൽ തിരുവല്ലാഴപ്പൻ വാഴുന്ന മലയിൻകീഴിനെ അമരാവതിക്ക് തുല്യമായി അദ്ദേഹം വർണ്ണിക്കുന്നു.

ദക്ഷിണ ഗുരുവായൂരെന്നും മലയിൻകീഴ് ക്ഷേത്രം അറിയപ്പെടുന്നു. പഞ്ച ലോഹനിർമ്മിതമായ ശംഖ്, ചക്ര, ഗദാ, പദ്മധാരിയായ ചതുർബാഹു പ്രതിഷ്ഠ. കിഴക്കോട്ട് ക്ഷേത്ര ദർശനം. ശിവൻ, ഗണപതി, ശാസ്താവ്, നാഗം അനന്തൻ, ബ്രഹ്മരക്ഷസ് ഉപദേവതകൾ. മീനത്തിലെ തിരുവോണം ആറാട്ടായി 8 ദിവസത്തെ ഉത്സവം. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രം തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്കുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്.

മംഗള ഗൗരി

Story Summary: Malayinkeezhu Sreekrishnaswai Temple, Thiruvananthapuram: Myth, History and Festivals


error: Content is protected !!
Exit mobile version