Monday, 8 Jul 2024

വിദ്യാരംഭത്തിന് പൂർണ്ണഫലം ലഭിക്കാൻ പൂജയെടുപ്പ് ദിവസം രാവിലെ ചെയ്യേണ്ടത്

പൂജയെടുപ്പ് ദിവസം രാവിലെ എന്താണ് ചെയ്യേണ്ടത്, പൂജയെടുക്കേണ്ടത് എങ്ങനെയാണ് – മിക്കവരുടെയും സംശമാണിത്. വളരെ ലളിതമാണ് പൂജയെടുപ്പ് ചടങ്ങ്. അതിങ്ങനെ:

വിജയദശമി ദിവസം അതി രാവിലെ കുളിച്ച് പൂജവച്ച സ്ഥലം നിലവിളക്ക് കൊളുത്തി അലങ്കരിക്കുക. യഥാശക്തി നിവേദ്യവസ്തുക്കളും ദേവിക്ക് സമർപ്പിച്ച് മന്ത്രങ്ങൾ കൊണ്ട് അർച്ചന നടത്തി ദീപാരാധന ചെയ്ത് പ്രാർത്ഥിക്കുക. ദേവിയിൽ നിന്ന് എന്ന സങ്കല്പത്തിൽ ഗ്രന്ഥം സ്വീകരിച്ച് ദേവിയെ പ്രാർത്ഥിച്ച് നമസ്‌കരിക്കുക. ഈ സമയത്ത് സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ എന്ന മന്ത്രം ജപിക്കണം. ഓം സം സരസ്വത്യൈ നമഃ എന്ന മൂലമന്ത്രം നിരന്തരം ജപിക്കണം. ഒടുവിൽ മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം സുരേശ്വരി യത്പൂജിതം മയാദേവി പരിപൂർണ്ണം തദസ്തുതേ എന്ന ക്ഷമാപണമന്ത്രം ജപിച്ച് നമസ്‌കരിക്കണം. വിജയദശമി നാളിൽ എത്ര രാവിലെ എടുക്കാമോ അത്രയും നന്ന്. ഏഴു മണിക്കകം ഏറ്റവും ഉത്തമം. ഇത്തവണ വിദ്യാരഭത്തിന് ഏറ്റവും ഉത്തമമായി കാണുന്ന സമയം രാവിലെ 7:14 ലാണ്. പൂജയെടുപ്പിന് ശേഷമാണ് വിദ്യാരംഭം കുറിക്കുക.

വിദ്യാരംഭം ക്ഷേത്രത്തിലാകുന്നതാണ് അത്യുത്തമം
മൂന്നു വയസ്സാണ് എഴുത്തിനിരുത്താൻ ഏറ്റവും ഉത്തമ പ്രായം. സരസ്വതീപൂജ ചെയ്ത് ധന്യമായ ചുറ്റുപാടിൽ വിദ്യാരംഭം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും ഇതിന് സൗകര്യം ഉണ്ട്. വിദ്യാരംഭം വീട്ടിലായാലും ദോഷമില്ല. നിലവിളക്ക് കൊളുത്തിവച്ച് കിഴക്ക് നോക്കിയിരുന്നാണ് എഴുതിക്കേണ്ടത്. കുട്ടിയുടെ അച്ഛനോ മുത്തശ്ശനോ അതുപോലെ ഗുരുതുല്യരായ വ്യക്തികളോ എഴുതിക്കാം. ദൈവാനുഗ്രഹം സിദ്ധിച്ച ആചാര്യൻമാരെ കൊണ്ടും എഴുതിക്കാം. ഗുരു, ഗണപതി, ദക്ഷിണാമൂർത്തി, വേദവ്യാസൻ എന്നിവരെ ആദ്യം പ്രാർത്ഥിക്കണം. പിന്നീട് വിദ്യാദേവതയായ സരസ്വതിയെ പ്രാർത്ഥിച്ച് എഴുതിക്കാം. സ്വർണ്ണശകലം കൊണ്ട് ആദ്യം നാവിൽ ഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു എന്ന് എഴുതണം. പിന്നീട് കുട്ടിയുടെ കൈ പിടിച്ച് ഇതേ മന്ത്രം അരിയിൽ എഴുതിക്കണം. അതിനുശേഷം കുട്ടിയെ എഴുതിച്ച വ്യക്തി എഴുന്നേറ്റ് കുട്ടിയെ എഴുന്നേൽപ്പിച്ച് കുട്ടിയുടെ ശിരസ്സിൽ ഇരുകൈയും വച്ച് അനുഗ്രഹിക്കണം. കിഴക്ക് ദിക്ക് അഭിമുഖമായി ഇരുന്നു വേണം വിദ്യാരംഭം.

വിദ്യാരംഭം ക്ഷേത്രത്തിനു പുറത്ത്, അതായത് സ്വകാര്യസ്ഥാപനങ്ങൾ, ഹാളുകളിലും മറ്റും നടത്തുന്ന വിദ്യാരംഭവും ക്ഷേത്രത്തിൽ നടത്തുന്ന വിദ്യാരംഭവും തമ്മിൽ വ്യത്യാസമുണ്ട്. തികച്ചും സരസ്വതീ സാന്നിദ്ധ്യമുള്ളത് ക്ഷേത്രങ്ങളിലാണ്. ഇവിടെ വിദ്യാരംഭം നടത്തിയാൽ ദേവിയുടെ അനുഗ്രഹവും പൂർണ്ണഫലവും ലഭിക്കും. മറ്റു സ്ഥലങ്ങളിൽ വിദ്യാരംഭം നടത്തിയാൽ സരസ്വതി സാന്നിദ്ധ്യം ഉണ്ടാകില്ല. പൂർണ്ണഫലം ലഭിക്കുകയുമില്ല. അതിനാൽ നിവൃത്തിയുണ്ടെങ്കിൽ ക്ഷേത്രങ്ങളിൽ തന്നെ വിദ്യാരംഭം നടത്തണം.

ഗുരുതുല്യരായ വ്യക്തികളാണ് എഴുത്തിനിരുത്തേണ്ടത്. കുട്ടിയുടെ അച്ഛൻ, മുത്തശ്ശൻ, അമ്മാവൻ എന്നിവർക്ക് എഴുത്തിനിരുത്താം. ഈശ്വരോപാസകരായ പൂജാരിമാർ, ആചാര്യൻമാർ എന്നിവരെ കൊണ്ട് എഴുതിക്കുന്നതും നല്ലതാണ്. എഴുതിക്കുന്ന വ്യക്തിയുടെ ഐശ്വര്യവും അനുഗ്രഹവും കുട്ടിക്ക് ലഭിക്കുന്നുവെന്നാണ് വിശ്വാസം.

വിജയദശമി ദിവസം പൂർണ്ണമായും എഴുത്തിനിരുത്താൻ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പ്രത്യേകം മുഹൂർത്തം അന്ന് നോക്കേണ്ടതില്ല. മുഹൂർത്തവും നോക്കി ഏറ്റവും ഉത്തമമായ സമയമാണ് കാലത്ത് 9:07 വരെ . അല്ലെങ്കിൽ തന്നെ അതിരാവിലെ വിദ്യാരംഭം കുറിക്കുന്നത് കൂടുതൽ ഗുണകരമാണ്. സരസ്വതി ക്ഷേത്രങ്ങളാണ് വിദ്യാരംഭം കുറിക്കാൻ അത്യുത്തമം. പിന്നെ ഏതു ക്ഷേത്രത്തിൽ ആയാലും സരസ്വതിക്ക് പ്രത്യേകം പ്രാർത്ഥന നടത്തിയ ശേഷമാണ് ഉത്തമ ആചാര്യൻമാർ എഴുത്തിനിരുത്തുക.

വാഗ്‌ദേവതയാണ് സരസ്വതി. വാക്കിന്റെ ഉറവിടമായ ജിഹ്വയിൽ എല്ലാ ദേവ ചൈതന്യവും കൂടികൊള്ളുന്നു എന്നാണ് സങ്കല്പം. സർവ്വതിനെയും ആകർഷിക്കാനും സ്‌നേഹിക്കാനും ശത്രുവാക്കാനും സംഹരിക്കാനും കഴിവുള്ളതാണ് നാവ്. വേദശാസ്ത്രാദി വിദ്യകളുടെയും ഭൗതികവിഷയങ്ങളുടെയും ഗ്രഹണവിനിമയ ദാന കർമ്മങ്ങൾക്കും പ്രധാനഘടകം നാവാണ്. തന്മൂലം പ്രപഞ്ചശക്തിയായ ഓങ്കാരത്തെ ജിഹ്വയിൽ എഴുതി ഒരു വ്യക്തിയിലെ ധാർമ്മികശക്തി ചൈതന്യം ഉണർത്തുന്നു. ഇതിലൂടെ ആ വ്യക്തിയിലെ ഈശ്വരകടാക്ഷഗുണം സമൂഹത്തിൽ വ്യാപിക്കട്ടെയെന്നും ഉറങ്ങിക്കിടക്കുന്ന ചൈതന്യശക്തി ഉണരട്ടെയെന്നുമാണ് അർത്ഥം. ഓം എന്നാണ് ആദ്യം എഴുതേണ്ടത്.

ഓം സം സരസ്വത്യൈ നമഃ
ഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Rituals to be performed for complete auspicious result in Vidyarambham


error: Content is protected !!
Exit mobile version