Friday, 5 Jul 2024

വിനകളകറ്റി സമ്പത്തും ഐശ്വര്യവും തരുന്ന 8 വരികൾ മാത്രമുള്ള മന്ത്രം

ജ്യോതിഷരത്നം വേണു മഹാദേവ്

സ്ത്രീ ആയാലും പുരുഷനായാലും ഈശ്വരോപാസന ഇല്ലെങ്കിൽ ജീവിതം കുഴപ്പം പിടിച്ചതാകും. ബുദ്ധിമുട്ടും തടസവും ഇല്ലാതെ ഒരു കാര്യവും നടക്കില്ല. ഇതിനുള്ള ഏറ്റവും നല്ല പരിഹാരം ഗണേശ ഉപാസനയാണ്. അതിന് സഹായിക്കുന്ന ധാരാളം ഗണേശ മന്ത്രങ്ങൾ ഉള്ളതിൽ സുപ്രധാനമായ ഒന്നാണ് ശ്രീ ഗണേശ നാമ അഷ്ടകം. വെറും 8 വരികൾ മാത്രമുള്ള ഒരു ഗണേശ മന്ത്രമാണിത്. എല്ലാ വിഘ്‌നങ്ങളും അകറ്റി സമ്പത്തും ഐശ്വര്യവും തന്ന് അനുഗ്രഹിക്കുന്ന ഈ നാമാഷ്ടകം ജീവിതത്തിലെ പ്രാരാബ്ധങ്ങൾ കാരണം ഒന്നിനും സമയം തികയാത്ത ഏതൊരാൾക്കും നിത്യജപത്തിന് തിരഞ്ഞെടുക്കാം. നിത്യജപത്തിന് പറ്റിയ ലളിതവും ഗാഢവുമായ മന്ത്രമാണിത്.

ഈ നാമാഷ്ടകം ജപിക്കും മുൻപ് മഹാഗണപതിയുടെ ഒരു ധ്യാനശ്ലോകം ചൊല്ലി ആ രൂപം സങ്കല്പിച്ച് ഉറപ്പിക്കണം. വിഘ്‌നനിവാരണവും അഭീഷ്ടലാഭവും കൈവരുമെന്ന് പൂര്‍ണ്ണമായും വിശ്വസിക്കണം. ഏതു കര്‍മ്മത്തിന്റെയും പൂർണ്ണതയ്ക്ക് ഗണേശനെ ആരാധിക്കാൻ ആര്‍ക്കും ഒരു വൈമുഖ്യവും കാണില്ല.

അഷ്ടാദശപുരാണങ്ങളിലാണ് ഗണേശനാമാഷ്ടകം ഉപദേശിക്കപ്പെട്ടിരിക്കുന്നത്. ഭഗവാൻ മഹാവിഷ്ണുവാണ് ഈ മന്ത്രോപദേശം നൽകിയത്. അതിന് ഇടയാക്കിയ ഒരു പുരാണകഥയുണ്ട്:

ഒരിക്കല്‍ പരശുരാമന്‍ ഗുരുനാഥനായ ശിവനെ വന്ദിക്കാൻ കൈലാസത്തിലെത്തിയപ്പോൾ കാവല്‍ നിന്ന ഗണപതി തടഞ്ഞു. ഇപ്പോള്‍ അനവസരമാണ്. അകത്തു കടക്കുന്നത് ശരിയല്ല, എന്ന് പരശുരാമനെ വിനയപൂര്‍വ്വം അറിയിച്ചു. പരശുരാമന്‍ അത് കാര്യമാക്കാതെ മുന്നോട്ടേക്ക് തന്നെ നടന്നു. ഗണപതി തടഞ്ഞു. നിര്‍ബ്ബന്ധമാണെങ്കില്‍, അകത്തുചെന്ന് അറിയിക്കാം: കല്പനയുണ്ടെങ്കില്‍ കടത്തിവിടാം എന്നു വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

ശ്രീ മഹേശ്വരന്റെ പ്രിയശിഷ്യനാണ് ഞാന്‍. എനിക്ക് അവസരം നോക്കേണ്ട ആവശ്യമില്ല. ശ്രീ പാര്‍വ്വതിക്ക് പോലുമില്ലാത്ത സ്വാതന്ത്ര്യം എനിക്ക് ഗുരുനാഥനോടുണ്ട്, എന്ന് പരശുരാമന്‍ ശുണ്ഠി പിടിച്ച് പറഞ്ഞു.

ഗണപതി വഴങ്ങിയില്ല: അതു നിങ്ങള്‍ തമ്മിലുള്ളകാര്യം, എന്റെ കര്‍ത്തവ്യം ആജ്ഞ പാലിക്കുകയാണ്. അതു തെറ്റിക്കുക വയ്യ, എന്നു തീര്‍ത്തു പറഞ്ഞു.

വാഗ്വാദം മുത്തു. രണ്ടുപേരും തമ്മില്‍ പോരാട്ടമായി. സംഘട്ടനം അതിരൂക്ഷമായ യുദ്ധത്തില്‍ കലാശിച്ചു. ദേവകള്‍ അമ്പരന്നു, ഒടുവില്‍ പരശുരാമന്റെ പരശുവിനെ ബഹുമാനിച്ച് മഹാഗണപതി തന്റെ ഒരു കൊമ്പ് ആ ദിവ്യായുധത്തിന് ബലിയായി നൽകി. പുത്രന് സംഭവിച്ച മാനഹാനിയില്‍ കോപിഷ്ഠയായ പാർവതി ദേവി പരശുരാമനെ സംഹരിക്കുവാന്‍ മുതിർന്നു. ഈ പ്രത്യേക സന്ദർഭത്തിൽ ദുരന്തം ഒഴിവാക്കാൻ മഹാവിഷ്ണു പെട്ടെന്ന് ഒരു ബ്രാഹ്മണകുമാരന്റെ രൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അതിഥിയായ ബ്രഹ്മചാരിയെ മഹേശ്വരന്‍ സ്വീകരിച്ചു. പാര്‍വ്വതിയുടേയും ഗണപതിയുടെയും മഹിമ ബ്രഹ്മചാരി പരശുരാമനെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. മാത്രമല്ല പെട്ടെന്ന് കോപിച്ച് പ്രവര്‍ത്തിച്ചുപോയ തെറ്റിൽ പശ്ചാത്തപിച്ച് അവരെ ആരാധിച്ച് പ്രസാദിപ്പിക്കാന്‍ ഉപദേശിച്ച ശേഷം അപ്രത്യക്ഷമായി. ബ്രാഹ്മണബാലനായി വന്ന വിഷ്ണു മഹാഗണപതിയുടെ മഹത്വത്തെ പ്രകീര്‍ത്തിച്ച് ചൊല്ലിയതാണ് ഗണേശനാമാഷ്ടകം. ഇത് ദേവിയെ സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു.

ഗണേശ ധ്യാനം
സിന്ദൂരാഭം ത്രിനേത്രം പൃഥുതരജഠരം
ഹസ്തപദ്മൈർദ്ദധാനം
ദന്തം പരാങ്കുശൗ സ്വം ഹ്യുരുകര വിലസദ്
ബീജ പൂരാഭിരാമം
ബാലേന്ദു ദ്യോതമൗലിം ഗജപതിവദനം
ദാനപൂരാർദ്ര ഗണ്ഡം
ഭോഗീന്ദ്രാ ബദ്ധ ഭൂഷം ഭജത ഗണപതിം
രക്ത വസ്ത്രാംഗരാഗം

ഗണേശനാമാഷ്ടകം

1.ഓം ഗണേശായ നമഃ

2.ഓം ഏകദന്തായ നമഃ

3.ഓം ഹേരംബായ നമഃ

4.ഓം വിഘ്‌നായകായ നമഃ

5.ഓം ലംബോദരായ നമഃ

6.ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ

7.ഓം ഗജവക്ത്രായ നമഃ

8.ഓം ഗുഹാഗ്രജായ നമഃ

ഈ നാമങ്ങള്‍ ഓര്‍മ്മിക്കാനുള്ള പദ്യം കൂടി കുറിക്കാം:
ഗണേശമേകദന്തം ഗൃഹരംബം വിഘ്‌നായകം
ലംബോദരം ശൂര്‍പ്പകര്‍ണ്ണം ഗജവക്ത്രം ഗുഹാഗ്രജം.

അര്‍ത്ഥം ഗ്രഹിച്ച് മന്ത്രം ജപിക്കുന്നതാണ് ഉത്തമം. അതുകൊണ്ട് ഓരോ നാമത്തിന്റേയും അര്‍ത്ഥം ചുരുക്കി പറയാം:

1.ഗണേശായ നമഃ

‘ഗ’ ജ്ഞാനാര്‍ത്ഥത്തെയും ‘ണ’ മോക്ഷത്തേയും വചിക്കുന്നു. അതിനു രണ്ടിനുമീശനാണ് ഗണേശന്‍. ജ്ഞാനത്തേയും മോക്ഷത്തേയും നല്‍കാന്‍ കഴിവുള്ളവന്‍.

2.ഏകദന്തായ നമഃ

ഏകമായ, പ്രധാനമായ, എല്ലാത്തിലുമുപരിയായ ദന്തത്തോട്, ബലത്തോട് കൂടിയവന്‍.

3.ഹേരംബായ നമഃ

ദീനന്‍ എന്നര്‍ത്ഥത്തെ കുറിക്കുന്നു ‘ഹേ!’ എന്ന ശബ്ദം, ‘രംബഃ’ എന്നതിനു പാലകന്‍ എന്നര്‍ത്ഥം, ദീനന്മാരെ രക്ഷിക്കുന്നവന്‍ എന്ന് ഹേരംബപദത്തിന് അര്‍ത്ഥം.

4.വിഘ്‌നനായകായ നമഃ

വിഘ്‌നം എന്നാല്‍ വിപത്ത്, നായകന്‍ എന്നാല്‍ ഖണ്ഡിക്കുന്നവന്‍, ആപത്തുകളെ ധ്വംസിക്കുന്നവന്‍. വിഘ്‌നനായകന്‍.

5.ലംബോദരായ നമഃ

വിഷ്ണവും ശിവനും പ്രസാദമായി അര്‍പ്പിച്ച നൈവേദ്യവിഭവങ്ങൾ കണക്കിലധികം ഭക്ഷിച്ചതിനാൽ ഉയർന്ന ഉദരത്തോട്, കുടവയറോട് കൂടിയവന്‍.

6.ശൂര്‍പ്പകര്‍ണ്ണായ നമഃ

ഗണപതിയുടെ ചെവികള്‍ മുറം, ശൂര്‍പ്പം പോലെയുള്ളവയും വിഘ്‌നങ്ങളെ തടുക്കുന്നവയുമാണ്. അവ സമ്പത്ത് നല്‍കുന്നവയും ജ്ഞാനസ്വരൂപങ്ങളും ആകുന്നു.

7.ഗജവക്ത്രായ നമഃ

ഐരാവതത്തില്‍ കയറിസഞ്ചരിച്ച് കൊണ്ടിരുന്ന ഇന്ദ്രന് ദുര്‍വാസാവ് വിഷ്ണുപ്രസാദമായി ലഭിച്ച പാരിജാതം കാഴ്ച വച്ചു. ഗര്‍വ്വിഷ്ഠനായ ഇന്ദ്രന്‍ അതു ഐരാവതത്തിന്റെ മസ്തകത്തില്‍ വച്ചു. പാരിജാത സഹചാരിണിയായ ലക്ഷ്മീദേവി ഐരാവത ശിരസില്‍ അതോടൊപ്പം വാസമുറപ്പിച്ചു. ആ പാരമ്പര്യക്രമത്തില്‍ ഗജസന്തതികള്‍ക്ക് പാരിജാതചൂഡത്വം ലഭിക്കുകുയും ചെയ്തു. ഉത്തമഗജങ്ങളുടെ മസ്തകത്തില്‍ പാരിജാതം ഉണ്ടെന്നാണ് വിശ്വാസം. ഈ ദിവ്യത്വത്തിന്റെ സൂചകം ആയാണ് ഗണപതിക്ക് ഗജമുഖത്വം കല്പിക്കപ്പെട്ടത്.

8.ഗുഹാഗ്രജായ നമഃ

സുബ്രഹ്മണ്യന്റെ ജ്യേഷ്ഠൻ ആയതുകൊണ്ട് ഗുഹാഗ്രജനായി. മാത്രമല്ല എല്ലാ ദേവപൂജകളിലും അഗ്രപൂജയുള്ളവനുമാണ് ഗണപതി.

ഫലശ്രുതി:

മഹാവിഷ്ണു ദേവിയെ പറഞ്ഞു കേള്‍പ്പിച്ചത്.

പുത്രാഭിധാനം ദേവേഷു പശ്യ വത്സേ! വരാനനേ
ഏകദന്ത ഇതിഖ്യാതം സര്‍വദേവനസ്‌കൃതം
പുത്രനാമാഷ്ടകം സ്‌ത്രോത്രം സാമവേദോക്തിമീശ്വരീ
തൃണുഷ്വാവഹിതം മാതഃ സര്‍വിഘ്‌നഹരം പരം

ജ്യോതിഷരത്നം വേണു മഹാദേവ് ,

+91 9847475559

Story Summary: Ganesha Namashtakam: Myth, Meaning And Benefits Of Recitation


error: Content is protected !!
Exit mobile version