വിനായകചതുർത്ഥി ഇങ്ങനെ നോറ്റാൽ
ഒരു വർഷം വിഘ്നങ്ങൾ അകലും
ജ്യോതിഷി പ്രഭാസീന സി.പി
ഏതൊരു കാര്യവും മംഗളമാകാൻ ഗണപതിഭഗവാന്റെ അനുഗ്രഹം അനിവാര്യമാണ്. മാത്രമല്ല അങ്ങനെ തുടങ്ങുന്ന കർമ്മങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാകില്ല.
പ്രപഞ്ച നാഥനായ ശ്രീ പരമേശ്വരന്റെയും ശ്രീപാർവ്വതി ദേവിയുടെയും മകനും എല്ലാ ഭൂതഗണങ്ങളുടെയും നായകനുമായ ഗണപതി ഭഗവാന്റെ അവതാര ദിനമായ
ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി ഇത്തവണ ആഗസ്റ്റ് 31 ബുധനാഴ്ചയാണ്. ഈ പുണ്യ ദിവസത്തെ ഗണേശപൂജ ജീവിതത്തിലെ സർവ്വദു:ഖങ്ങളുമകറ്റാനും വിവേചനശക്തിയും ആത്മബോധവും വർദ്ധിക്കാനും ഉപകരിക്കും. ചിങ്ങത്തിലെ കറുത്ത വാവ് കഴിഞ്ഞ് വരുന്ന നാലാമത്തെ ദിവസമാണ് വിനായക ചതുർത്ഥി.
അഥവ ശുക്‌ളപക്ഷത്തിലെ ചതുർത്ഥിയാണ് വിനായക ചതുർത്ഥിയായി ആചരിക്കുന്നത്. ഈ ദിവസം ചെയ്യുന്ന ഗണപതി പ്രീതികരമായ ഏതൊരു കർമ്മത്തിനും ഏറെ ഫലസിദ്ധി ലഭിക്കും. ക്ഷേത്ര ദർശനം, വഴിപാടുകൾ, മന്ത്ര ജപം എന്നിവയ്ക്കെല്ലാം ഏറ്റവും ഉത്തമമാണ് ഈ ദിനം. ഗണേശോപാസകൾക്ക് ഇരട്ടിഫലം ലഭിക്കുന്ന സുപ്രധാന ദിവസങ്ങളിൽ ഒന്നാണിത്. അന്ന് കഴിയാവുന്നത്ര തവണ മൂലമന്ത്രമായ ഓം ഗം ഗണപതയേ നമഃ ജപിക്കണം.
ഗണപതി ഹോമം പ്രധാനം
ഗൃഹത്തിലോ ക്ഷേത്രത്തിലോ വിനായക ചതുർത്ഥിക്ക് ഗണപതി ഹോമം നടത്തണം. ഗൃഹത്തിൽ ഇത് നടത്താൻ കഴിയാത്തവർ ഏതെങ്കിലും ക്ഷേത്രത്തിൽ നടക്കുന്ന ഗണപതിഹോമത്തിൽ പങ്കെടുത്താൽ മതി. 1, 8, 36, 108, 336, 1008 തുങ്ങി യഥാശക്തി നാളികേരം ഹോമത്തിന് ഉപയോഗിക്കാം. മനുഷ്യരുടെ മാത്രമല്ല ദേവൻമാരുടെയും പ്രഥമ പൂജ്യൻ വിനായകനാണ്. തിരു അവതാര ദിവസം മാത്രമല്ല പ്രഥമ പൂജയ്ക്ക് അർഹനായി ശിവഭഗവാൻ ഗണപതിയെ അംഗീകരിച്ച ദിവസവുമാണ് വിനായക ചതുർത്ഥി.
വിനായക ചതുർത്ഥി വ്രതം ശ്രേഷ്ഠം
വിനായക ചതുർത്ഥി വ്രതമെടുക്കുന്നത് ശ്രേഷ്ഠമാണ്.
യഥാവിധി വ്രതം നോറ്റാൽ ഫലപ്രാപ്തി കൂടും. അഭീഷ്ട സിദ്ധി, മംഗല്യഭാഗ്യം, ദാമ്പത്യസുഖം, അഭിവൃദ്ധി, സത്‌സന്താനസൗഭാഗ്യം, രോഗനിവാരണം വിദ്യാഭിവൃദ്ധി തുടങ്ങി എല്ലാ ഗുണാനുഭവങ്ങളും അതി വേഗം ലഭിക്കും.
ചതുർത്ഥിയുടെ തലേദിവസം മുതൽ വ്രതമെടുക്കണം. വിനായക ചതുർത്ഥിയുടെ മൂന്നു ദിവസം മുൻപ് മുതൽ വ്രതനിഷ്ഠ പാലിക്കുന്ന ആചാരവും നിലവിലുണ്ട്. മത്സ്യമാംസാദി ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം, ചതുർത്ഥി ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് ഗണപതി പ്രധാന ദേവതയായ ക്ഷേത്രത്തിലോ ഗണപതി ഉപദേവതയായ ക്ഷേത്രത്തിലോ ദർശനം നടത്തി തൊഴുത് പ്രാർത്ഥിച്ച് വഴിപാടുകൾ സമർപ്പിക്കണം. ഗണപതിഹോമത്തിൽ പങ്കുചേരണം. വീട്ടിൽ മടങ്ങിയെത്തി ഗണേശപുരാണമോ കീർത്തനങ്ങളൊ കഴിയുന്നത്ര ജപിക്കണം. വൈകിട്ട് വീണ്ടും കുളിച്ച് ക്ഷേത്രദർശനം നടത്തണം. ഈ ദിവസം ദാനധർമ്മങ്ങൾ ചെയ്യുന്നതും ഉത്തമമാണ്. ചതുർത്ഥിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.
ഈ വ്രതം നോറ്റാൽ അടുത്ത വിനായക ചതുര്‍ത്ഥി വരെ ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ എല്ലാ വിഘ്‌നവും നീങ്ങി അഭീഷ്ട സിദ്ധിയുണ്ടാകും എന്നാണ് വിശ്വാസം.
സർവ്വാഭീഷ്ടസിദ്ധിക്ക് നിവേദ്യങ്ങൾ
ചതുർത്ഥി ദിനത്തിൽ മോദകം, ഉണ്ണിയപ്പം, എളളുണ്ട
ലഡു എന്നിവ നേദിച്ചാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർദ്ധനവിന് ഉത്തമമാണ്.
മുക്കുറ്റി, കറുക എന്നിവയാൽ മാല ചാർത്തുക, അർച്ചന നടത്തുക തുടങ്ങിയവ ഉദ്ദിഷ്ട കാര്യസിദ്ധിക്ക് നല്ലതാണ്.
ചതുർത്ഥിയും ചന്ദ്രനും
വിനായക ചതുർത്ഥി ദിനത്തിൽ ചന്ദ്രനെ നോക്കാൻ പാടില്ല. അതിനു പിന്നിലുള്ള കഥ ഇതാണ് : ഒരിക്കൽ ചതുർത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദ നൃത്തം നടത്തിയപ്പോൾ പരിഹാസത്തോടെ ചന്ദ്രൻ ചിരിച്ചു. ഗണപതി കുടവയറും താങ്ങി നൃത്തമാടുന്നത് കണ്ടാണ് ചന്ദ്രൻ പരിഹസിച്ചത്. ഇതിൽ കുപിതനായ ഗണപതി ചന്ദ്രനോട് ക്ഷമിക്കാൻ തയ്യാറായില്ല അങ്ങനെ ഈ ദിവസം ചന്ദ്രനെ ദർശിക്കുന്നവർക്കെല്ലാം ദുഷ് പേര് കേൾക്കാൻ ഇടയാവട്ടെ എന്ന് ഗണപതി ശപിക്കുകയും ചെയ്തു. അതിനാൽ ഗണേശ ചതുർത്ഥി ദിനത്തിൽ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനിൽക്കുന്നു.
പ്രധാന വഴിപാടുകൾ
കറുകപുഷ്പാഞ്ജലി – വിഘ്ന നിവാരണം
മുക്കുറ്റി പുഷ്പാഞ്ജലി – കാര്യലാഭം
അഷ്ടോത്തരാർച്ചന – മന:ശാന്തി
ദ്വാദശമന്ത്രാർച്ചന – വിജയലബ്ധി
ഗണേശസൂക്താർച്ചന – ദാരിദ്രശാന്തി
സഹസ്രനാമാർച്ചന – ഐശ്വര്യം ലഭിക്കാൻ
കറുകമാല – പാപശമനം , രോഗശാന്തി
മുക്കുറ്റിമാല – ആരോഗ്യം
നാരങ്ങാമാല – ദൃഷ്ടിദോഷ പരിഹാരം
ഉണ്ണിയപ്പ നിവേദ്യം സുഖസമ്യദ്ധി
പൂമുടൽ – ശാരീരിക മാനസികസുഖം
എള്ളുണ്ട നിവേദ്യം – ഭാഗ്യം തെളിയാൻ
ലഡു നിവേദ്യം – ധനാഭിവൃദ്ധി
ചെമ്പരത്തിമാല – ശതു ദോഷനിവാരണം
നെൽപറ – ധനം നിലനില്ക്കാൻ
താമരമാല – ധനം വരുന്നതിന്
പാലഭിഷേകം – മാനസിക വിഷമം മാറാൻ
പ്രധാന മന്ത്രങ്ങൾ
1
ഓം ഗം ഗണപതയേ നമഃ
(മൂലമന്ത്രമാണിത്. എല്ലാ വിഘ്നങ്ങളും അകറ്റും.
108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും.)
2
ഓം ഏക ദന്തായ വിദ് മഹേ
വക്ര തുണ്ഡാ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്
(ഉദ്ദിഷ്ട കാര്യസിദ്ധിക്ക് )
3
ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്
(വിഘ്‌നനിവാരണത്തിന് )
ജ്യോതിഷി പ്രഭാസീന സി.പി,
+91 9961442256
Story Summary: Significance Of Vinayaka Chaturthi