Friday, 22 Nov 2024

വിനായക ചതുർത്ഥിക്ക് ഇത് ജപിക്കൂ, എല്ലാ കൃപാ കടാക്ഷങ്ങളും ലഭിക്കും

മംഗള ഗൗരി
എല്ലാ ഗണങ്ങളുടെയും നായകനാണ് ഗണേശ്വരൻ. ബുദ്ധിയുടെയും എല്ലാ സിദ്ധികളുടെയും ഇരിപ്പടമാണ് ഭഗവാൻ. വിഘ്‌നേശ്വരൻ എവിടെ ഉണ്ടോ അവിടെ വിഘ്‌നങ്ങളുണ്ടാവുകയില്ല. സർവ്വൈശ്വര്യങ്ങളുടെയും മൂലസ്ഥാനമായ ശ്രീവിനായകന്റെ തിരു അവതാര ദിവസമാണ് ചിങ്ങമാസം വെളുത്ത പക്ഷത്തിൽ വരുന്ന
വിനായക ചതുർത്ഥി. ഈ ദിവസം പ്രാർത്ഥന, വഴിപാട്, ജപം, വ്രതം തുടങ്ങിയവയിലൂടെ ഗണപതി ഭഗവാന്റെ പ്രീതി നേടുന്നവർക്ക് സർവസൗഭാഗ്യങ്ങളും ലഭിക്കും. 2023 ആഗസ്റ്റ് 20, കൊല്ലവർഷം1199 ചിങ്ങം 4 ന് ഞായറാഴ്ചയാണ് വിനായകചതുർത്ഥി,

ഏതൊരു സംരംഭത്തിനും ആരംഭം കുറിക്കുമ്പോൾ ഗണപതിഹോമവും പൂജയും നടത്തേണ്ടതാണ്. കേതുർദശാകാലത്ത് കഷ്ടപ്പാടുകൾ കുറയുന്നതിന് ഗണപതിയെ പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ ഫലപ്രദമാണ്. ശ്രീപരമേശ്വരൻ, മഹാവിഷ്ണു, ദേവി എന്നീ ദേവീദേവന്മാരെ പൂജിച്ചാൽ ലഭിക്കാവുന്ന സകല പുണ്യങ്ങളും ശ്രീവിനായകദേവനെ മാത്രം ഭജിച്ചാൽ സിദ്ധിക്കുന്നതാണ്.

വിനായകചതുർത്ഥി ദിവസം ഗണപതിപൂജ, ഹോമം തുടങ്ങിയവ നടത്തുന്നത് ഗണപതിപ്രീതിക്ക് നല്ലതാണ്. അന്ന് ബ്രാഹ്‌മമുഹൂർത്തത്തിൽ തന്നെ ഉണർന്ന് നിത്യകർമ്മങ്ങൾ നടത്തിയിട്ട് ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തുക. ഗണപതിഹോമം, കഴിപ്പിക്കുക. പകൽ ഉപവാസമനുഷ്ഠിച്ച് ഗണേശകീർത്തനങ്ങൾ ആലപിക്കുക. ശ്രീമഹാഗണേശ മൂലമന്ത്രം ജപിക്കുക, പഞ്ചമി ദിവസം സ്‌നാനാദികർമ്മങ്ങൾ നടത്തിയ ശേഷം ചന്ദ്രനെ ദർശിക്കുക. ഗണപതിഭഗവാന് ഉണ്ണിയപ്പം, മോദകം, അട മുതലായ പലഹാരങ്ങൾ നിവേദിക്കുക – ഇങ്ങനെയാണ് വിനായകചതുർത്ഥി അനുഷ്ഠിക്കണ്ടേത്. ഈ ദിവസം ഗണപതി സ്തുതികൾ, മന്ത്രങ്ങൾ, ഗണേശ അഷ്ടോത്തരം, സഹസ്രനാമം തുടങ്ങിയവ ജപിക്കുന്നത് ഉത്തമമാണ്. എന്തെങ്കിലും കാരണത്താൽ ഈ ദിവസം വ്രതം നോൽക്കാൻ കഴിയാത്തവർ ഈ സ്തുതികളും മന്ത്രങ്ങളും പരമാവധി ജപിച്ചാൽ മതി ഭഗവാന്റെ എല്ലാ
കൃപാ കടാക്ഷങ്ങളും ലഭിക്കും.

ഗണേശ സ്തുതികൾ

  1. ഏകദന്തം മഹാകായം
    തപ്തകാഞ്ചനസന്നിഭം
    ലംബോദരം വിശാലാക്ഷം
    വന്ദേ ഹം ഗണനായകം
  2. ഗജാനനം ഭൂതഗണാദിസേവിതം
    കപിത്ഥജംബു ഫലസാരഭക്ഷിതം
    ഉമാസുതം ശോക വിനാശകാരണം
    നമാമി വിഘ്‌നേശ്വരപാദപങ്കജം
  3. പ്രണമ്യശിരസാദേവം
    ഗൗരിപുത്രം വിനായകം
    ഭക്താവാസംസ്മര്യേനിത്യം
    ആയുഷ്‌കാമാർത്ഥസിദ്ധയേ

ഗണേശ മൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ

ഗണേശ ഗായത്രി
ഓം ഏകദന്തായ വിദ് മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി: പ്രചോദയാത്

മഹാഗണപതി മൂലമന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം ഗണപതയേ
വര വരദ സർവ്വജനം മേ വശമാനയ സ്വാഹാ

Story Summary: Significance and Benefits of worshipping Lord Ganesha on Vinayaka Chathurthi

error: Content is protected !!
Exit mobile version