വിനായക ചതുർത്ഥി ആഘോഷം എന്തിനാണ്?
പ്രത്യേകതകൾ നിറഞ്ഞ ശരീരത്തിന് ഉടമയാണ് ഗണപതി ഭഗവാൻ. തലയ്ക്ക് ചേരാത്ത ഉടലും, ഉടലിനു ചേരാത്ത വയറും, വയറിനു ചേരാത്ത കാലും, ശരീരത്തിന് ചേരാത്ത വാഹനവുമെല്ലാം ഗണപതിയെ മറ്റ് ദേവതകളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. പരസ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ് പ്രപഞ്ചം. ചേർച്ചയില്ലായ്മയുടെ ചേർച്ചയാണ് ഈ ജീവിതവും പ്രപഞ്ചവും.ഇത് തന്നെയാണ് ഗണപതി സങ്കൽപ്പത്തിനും പിന്നിലുള്ളത്. ദേവ-മനുഷ്യ-മൃഗ-പക്ഷി-വൃക്ഷ-ഗണങ്ങളുടെ പതി അഥവാ നാഥന് എന്ന അർത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാ വർഷവും പത്ത് ദിവസം നീളുന്ന ആഘോഷമാണ് ഗണേശചതുർത്ഥി . എന്നാൽ എത്ര പേർക്ക് അറിയാം എന്താണ് ഗണേശ ചതുർത്ഥിയെന്നും എന്തിനാണ് ഇത് ആഘോഷിക്കുന്നതെന്നും.
ഗണപതിയുടെ പിറന്നാളാണ് ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്. ശിവന്റെയും പാർവതിയുടെയും ഇളയ പുത്രനാണ് ഗണപതി. 108 പേരുകളിലാണ് ഗണപതി അറിയപ്പെടുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും അറിവിന്റെയും ദേവനായി അറിയപ്പെടുന്നു.
എന്ത് ചടങ്ങും ഗണപതിയെ ധ്യാനിച്ചാണ് ആരംഭിക്കുന്നത്. വിഘ്‌നങ്ങളില്ലാതെ പൂർത്തിയാക്കാൻ വേണ്ടിയാണ് ഇത്.
ഗണപതിയുടെ ജനനത്തിനു പിന്നിൽ പല വിശ്വാസങ്ങളും കഥകളുമുണ്ട്. ഒരു നാൾ പാർവതി ദേവി കുളിക്കാൻ പോയപ്പോൾ ഗണേശനെ കാവൽ നിർത്തി; ശിവൻ വന്നപ്പോൾ തടഞ്ഞു. ക്രോധം ബാധിച്ച ശിവൻ ഗണേശന്റെ തല വെട്ടി രണ്ടാക്കി. പിന്നീട് പാർവതിയുടെ ദുഖാഗ്നി ശമിപ്പിക്കാൻ ആനയുടെ തല ഗണേശന്വെച്ച് പിടിപ്പിച്ച് വീണ്ടും ജന്മം നല്കി.
ദേവന്മാരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഗണേശനെ ശിവപാർവതിമാർ സൃഷ്ടിച്ചത് എന്ന് മറ്റൊരു ഐതിഹ്യമുണ്ട്. ദേവന്മാരുടെ വിഘ്‌നങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയാണ് ഗണേശൻ അവതരിച്ചതത്രേ.
വിനായക ചതുർത്ഥി ആഘോഷത്തിന് പിന്നിൽ രസകരമായ ഒരു ഐതിഹ്യമുണ്ട്. ഒരു ചതുർത്ഥി തിഥിയിൽ ഗണപതി ഭഗവാൻ കുംഭകുലുക്കി ആനന്ദനൃത്തം ചെയ്യുന്നത് കണ്ട് ചന്ദ്രൻപരിഹാസത്തോടെ ചിരിച്ചത്രേ. കുപിതനായ ഗണപതി ചന്ദ്രനോട് ക്ഷമിക്കാൻ തയ്യാറായില്ല. അങ്ങനെ ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടം അനുഭവിക്കാൻ ഇടയാകട്ടെയെന്ന് ഗണപതി ശപിച്ചു. ഇതറിയാതെ ഒരിക്കൽ മഹാവിഷ്ണു പോലും ചന്ദ്രനെ നോക്കി ഗണേശശാപത്തിനിരയായി. വിഷമിച്ച വിഷ്ണു ഭഗവാൻ ശിവഭഗവാൻ്റെ മുന്നിൽ ചെന്ന് സഹായം അഭ്യർത്ഥിച്ചു. പരിഹരമായി വിഷ്ണുവിനോട് ഗണപതി വ്രതം അനുഷ്ഠിക്കാൻ ശിവൻ ആവശ്യപ്പെട്ടു. അങ്ങനെ വിഷ്ണു ഗണപതി വ്രതമനുഷ്ഠിച്ച് സങ്കടങ്ങൾ മാറ്റി. ഇതാണ് വിനായക ചതുർത്ഥി ദിനത്തിൻ്റെ ഐതിഹ്യം.ഗണേശ പൂജയ്ക്ക് ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നാണ് ആചാര്യന്മാർ പറയുന്നത്. സെപ്തംബർ 2, തിങ്കളാഴ്ചയാണ് ഇത്തവണ വിനായക ചതുർത്ഥി.
ചതുർത്ഥി നാളിൽ ചന്ദ്രദർശനം നടത്തിയാൽ ഒരു കൊല്ലത്തിനുള്ളിൽ സങ്കടം ഉണ്ടാകുമെന്നും, ക്ലേശങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന വിശ്വാസം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി പരീക്ഷണങ്ങൾ നടത്തുന്ന ഇക്കാലത്തും ധാരാളം പേരുടെ മനസ്സിൽ നിലനിൽക്കുന്നു.
– ജ്യോത്സ്യൻ വേണു മഹാദേവ്
+91 9847475559