Friday, 22 Nov 2024

വിനായക ചതുർത്ഥി നോറ്റാൽ എന്തും
സാധിക്കാം; വ്രതം ഞായറാഴ്ച തുടങ്ങണം

ജ്യോതിഷരത്നം വേണു മഹാദേവ്
ഗണേശ പ്രീതി നേടാൻ ഏറ്റവും പുണ്യ ദിവസമാണ് വിനായകചതുർത്ഥി. ഈ ദിവസം വ്രതനിഷ്ഠയോടെ ഗണപതിയെ ആരാധിച്ചാൽ അസാധ്യമായ കാര്യങ്ങൾ വരെ സാധിക്കും. ചിങ്ങത്തിലെ കറുത്തവാവിനെ തുടർന്ന് വരുന്ന നാലാമത്തെ ദിവസമാണ് അതായത് ശുക്ലപക്ഷ ചതുർത്ഥിയാണ് വിനായക ചതുർത്ഥിയായി ആചരിക്കുന്നത്. ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാധാന്യത്തോടെ ഗണപതിഹോമം തുടങ്ങിയ വിശേഷ പൂജകൾ, വഴിപാടുകൾ എന്നിവ നടത്താറുണ്ട്. ആഗസ്റ്റ് 31ബുധനാഴ്ചയാണ് ഇത്തവണ വിനായക ചതുർത്ഥി.

ചില വർഷങ്ങളിൽ വിനായക ചതുർത്ഥി തിഥിയും ഗണപതി ഭഗവാന്റെ ജന്മനക്ഷത്രമായ അത്തവും ഒന്നിച്ച് വരാറുണ്ട്. ഇത്തവണ ചിത്തിര നക്ഷത്രത്തിലാണ് വെളുത്തപക്ഷ ചതുർത്ഥി. പ്രഥമ മുതൽ ചതുർത്ഥിവ്രതം ആചരിക്കുന്നത് കൂടുതൽ നല്ലതാണ്. വ്രതനിഷ്ഠയോടെ ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാൽ എല്ലാ വിഘ്നവുമകലും. വ്രതം നോൽക്കാൻ കഴിയാത്തവരും അന്നേ ദിവസം മൂലമന്ത്രമായ ഓം ഗം ഗണപതയേ നമഃ കഴിയുന്നത്ര തവണ ജപിക്കണം. ഈ ദിവസം നടത്തുന്ന ഗണപതി ഹോമം, മോദകം, ഉണ്ണിയപ്പം, അട നിവേദ്യം എന്നിവയ്ക്കും മന്ത്രജപത്തിനും മറ്റ് ഉപാസനയ്ക്കും അപാര ഫലസിദ്ധിയുണ്ട്.

വെളുത്തപക്ഷ പ്രഥമയായ 2022 ആഗസ്റ്റ് 28 ഞായറാഴ്ച മുതൽ മത്സ്യ മാംസാദികൾ ത്യജിച്ചും ബ്രഹ്മചര്യം പാലിച്ചും ഗണേശ മന്ത്രങ്ങൾ ജപിച്ചും വ്രതമെടുക്കണം. രാജ്യത്ത് ഏറ്റവുമധികം ആരാധിക്കുന്ന ഭഗവാനാണ് ഗണപതി. കേരളത്തിന് പുറത്ത് 10 ദിവസമാണ് ഗണേശോത്സവം. ഈ സമയത്ത് മഹാഗണപതി ഉൾപ്പെടെ 32 ഭാവങ്ങളിൽ
ഗണപതിയെ ആരാധിച്ചു വരുന്നു. ബാലഗണപതി, തരുണ ഗണപതി, ഏകദന്ത ഗണപതി, സൃഷ്ടി ഗണപതി ഇങ്ങനെ തുടരുന്നു ഈ ഭാവങ്ങൾ. ഇതിൽ പ്രധാനമായ ഒന്നാണ് ഏകദന്ത ഗണപതി. വാസ്തവത്തിൽ എല്ലാ തടസ്സങ്ങളും നീക്കുന്ന ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്തനും. ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ മന്ത്രം. സര്‍വ്വസങ്കട നിവാരണ മന്ത്രമാണിത്. ഭക്തിപുരസ്‌സരം കഴിയുന്നത്ര തവണ ഈ മന്ത്രം ജപിച്ചാല്‍ സങ്കടങ്ങളെല്ലാം അകലും.
ഏക ദന്തനെന്ന ഭഗവാന്റെ നാമം രണ്ട് പദങ്ങളുടെ സങ്കലനമാണ്. ഏക എന്നും ദന്ത എന്നുമുള്ള പദങ്ങളുടെ ഏകരൂപമാണ് ഏകദന്തം. ഏക എന്ന ശബ്ദം മായാസൂചകമാണ്. അത് മായാദേഹരൂപത്തെയും മായാവിലാസങ്ങളെയും കുറിക്കുന്നു. ദന്ത എന്ന ശബദം അന്ത:സത്തയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. ഭഗവാന്‍ മഹാഗണപതി മായാ രൂപധാരകനായും, പരമാത്മാവായും സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് ഭഗവാനെ ഏകദന്തനെന്നു സ്തുതിക്കുന്നു:

ഏകദന്തം ചതുര്‍ബാഹും
ഗജവക്ത്രം മഹോദരം
സിദ്ധിബുദ്ധിസമായുക്തം
മൂഷികാരൂഢമേഖവച
നാഭിശേഷം സപാശം
വൈ പരശും കമലം ശുഭം
അഭയം ദധതം ചൈവ
പ്രസന്നവദനാംബുജം
ഭവതേഭ്യോവരദം നിത്യ–
മഭക്താനാം നിഷൂദനം

അർത്ഥം: ഗജമസ്തകത്തോടുകൂടിയ, ഏകദന്തനും, ചതുര്‍ഭുജനും, ലംബോദരനുമായ ഗണേശൻ സിദ്ധി–ബുദ്ധി സമേതനായി മൂഷികാരൂഢനായി സഞ്ചരിക്കുന്നു. തിരുനാഭിയില്‍ ആദിശേഷനെ ആഭരണമായി അണിഞ്ഞിട്ടുള്ള ഭഗവാന്റെ തൃക്കരങ്ങളില്‍ പാശം, പരശു, താമര എന്നിവയും, അഭയവരദമുദ്രകളും കാണാം. വികസിച്ച താമരപ്പൂ എന്ന പോലെ ഭഗവാന്റെ
തിരുവദനം എപ്പോഴും പ്രസന്നതയോടെ പ്രകാശിക്കുന്നു. ഭക്തന്മാരെ സദാ പരിപാലിച്ചുകൊണ്ടിരിക്കുന്ന ഭഗവാന്‍ ദുഷ്ടരെ നിഗ്രഹിക്കുന്നു.

മന:ശരീര ശുദ്ധിയോടെ നിലവിളക്കിന് മുന്നിലിരുന്ന് ദിവസേന കാലത്തും വൈകിട്ടും 108 പ്രാവശ്യം ഏകദന്ത സ്തുതി ചൊല്ലുക. ദാരിദ്ര്യദുഃഖം, സന്താന ദുഃഖം, കുടുംബകലഹം, വസ്തുതര്‍ക്കം, തൊഴിലില്ലായ്മ തുടങ്ങി നിത്യ ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കിത്തരും ശ്രീവിഘ്‌നഹരേശ്വരൻ.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Vinayaka Chaturthi Vritham starting on Sunday, 28 August 2022. Benefits of Ekadenthi Suthuthi


error: Content is protected !!
Exit mobile version