Monday, 8 Jul 2024

വിനായക ചതുർത്ഥി വ്രതം ബുധനാഴ്ച തുടങ്ങണം

ജ്യോതിഷരത്നം വേണു മഹാദേവ്

ഇത്തവണത്തെ വിനായക ചതുർത്ഥി ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിഥിയും ഒന്നിച്ചു വരുന്ന തിരു അവതാരദിനമാണ്. ചില വർഷങ്ങളിൽ ചിങ്ങത്തിലെ വെളുത്തപക്ഷ ചതുർത്ഥിയും അത്തം നക്ഷത്രവും ഒന്നിച്ചു വരാറില്ല. അതുകൊണ്ടുതന്നെ 2020 ആഗസ്റ്റ് 22 ശനിയാഴ്ച വരുന്ന വിനായക ചതുർത്ഥി അതിവിശേഷമാണ് . ഈ ദിവസം വ്രതശുദ്ധിയോടെ ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാൽ എല്ലാ വിഘ്നങ്ങളും അകലും. അന്നേ ദിവസം ചെയ്യുന്ന ഗണപതിഹോമത്തിനും മോദകം, ഉണ്ണിയപ്പം, അട നിവേദ്യത്തിനും ഗണപതി ഉപാസനയ്ക്കും അപാര ഫലസിദ്ധിയുണ്ട്. അന്ന് മൂല മന്ത്രമായ ഓം ഗം ഗണപതയെ നമ: കഴിയുന്നത്ര തവണ ജപിക്കണം. പ്രഥമ മുതലാണ് ചതുർത്ഥി വ്രത്രമെടുക്കേണ്ടത്. നിഷ്ഠയോടെ വിനായക ചതുർത്ഥി ആചരിച്ചാൽ കൂടുതൽ നല്ലത്. 2020 ആഗസ്റ്റ് 19 ബുധനാഴ്ചയാണ്, വെളുത്തപക്ഷ പ്രഥമ. അന്നു മുതൽ മത്സ്യ മാംസാദികൾ ത്യജിച്ചും ബ്രഹ്മചര്യം പാലിച്ചും ഗണേശ മന്ത്രങ്ങൾ ജപിച്ചും വ്രതമെടുക്കണം.

രാജ്യത്ത് ഏറ്റവുമധികം ആരാധിക്കപ്പെടുന്ന മൂർത്തിയാണ് ഗണപതി ഭഗവാൻ. കേരളത്തിന് പുറത്ത് 10 ദിവസമാണ് ഗണേശോത്സവം. ഈ സമയത്ത് മഹാഗണപതി ഉൾപ്പെടെ 32 ഭാവങ്ങളിൽ ഗണപതിയെ ആരാധിച്ചു വരുന്നു. ബാലഗണപതി, തരുണ ഗണപതി, ഏകദന്ത ഗണപതി, സൃഷ്ടി ഗണപതി ഇങ്ങനെ തുടരുന്നു ഈ ഭാവങ്ങൾ. ഇതിൽ സുപ്രധാനമായ ഒന്നാണ് ഏകദന്തന്‍ ഗണപതി. വാസ്തവത്തിൽ എല്ലാ തടസ്സങ്ങളും നീക്കുന്ന ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്ത ഭഗവാനും. ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ മന്ത്രം. സര്‍വ്വസങ്കട നിവാരണ മന്ത്രമാണിത്. ഭക്തിപുരസ്‌സരം കഴിയുന്നത്ര തവണ ഈ മന്ത്രം ജപിച്ചാല്‍ സങ്കടങ്ങളെല്ലാം അകലും. ഏക ദന്തനെന്ന ഭഗവാന്റെ നാമം രണ്ട് പദങ്ങളുടെ സങ്കലനമാണ്. ഏക എന്നും ദന്ത എന്നും. ഈ രണ്ടു പദങ്ങളുടെ ഏകരൂപമാണ് ഏകദന്തം. ഏക എന്ന ശബ്ദം മായാസൂചകമാണ്. അത് മായാദേഹരൂപത്തെയും മായാവിലാസങ്ങളെയും കുറിക്കുന്നു. ദന്ത എന്ന ശബദം അന്ത:സത്തയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. ഭഗവാന്‍ മഹാഗണപതി മായാ രൂപധാരകനായും, പരമാത്മാവായും സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് ഭഗവാനെ ഏകദന്തനെന്നു സ്തുതിക്കുന്നു:

ഏകദന്തം ചതുര്‍ബാഹും
ഗജവക്ത്രം മഹോദരം
സിദ്ധിബുദ്ധിസമായുക്തം
മൂഷികാരൂഢമേഖവച
നാഭിശേഷം സപാശംവൈ
പരശും കമലം ശുഭം
അഭയം ദധതം ചൈവ
പ്രസന്നവദനാംബുജം
ഭവതേഭ്യോവരദം നിത്യ–
മഭക്താനാം നിഷൂദനം

അർത്ഥം: ഏകദന്തനും, ചതുര്‍ഭുജനും, ഗജമസ്തകത്തോടുകൂടിയവനും, ലംബോദരനുമായ ഭഗവാന്‍ ഗണേശൻ സിദ്ധി–ബുദ്ധി സമേതനായി മൂഷികാരൂഢനായി സഞ്ചരിക്കുന്നു . തിരുനാഭിയില്‍ ആദിശേഷനെ ആഭരണമായി അണിഞ്ഞിട്ടുള്ള ഭഗവാന്റെ തൃക്കരങ്ങളില്‍ പാശം, പരശു, താമര എന്നിവയും, അഭയവരദമുദ്രകളും കാണാം. വികസിച്ച താമരപ്പൂവെന്നതുപോലെ ഭഗവാന്റെ തിരുവദനം എപ്പോഴും പ്രസന്നതയോടെ പ്രകാശിക്കുന്നതാണ്. ഭക്തന്മാരെ സദാ പരിപാലിച്ചുകൊണ്ടിരിക്കുന്ന ഭഗവാന്‍ ദുഷ്ടരെ നിഗ്രഹിക്കും.

മന: ശരീര ശുദ്ധിയോടുകൂടി കൊളുത്തി വച്ച നിലവിളക്കിന് മുന്നിലിരുന്ന് ദിവസേന കാലത്തും വൈകിട്ടും 108 പ്രാവശ്യം ഏകദന്ത സ്തുതി ചൊല്ലുക. ദാരിദ്ര്യദുഃഖം, സന്താന ദുഃഖം, കുടുംബകലഹം, വസ്തുതര്‍ക്കം, തൊഴിലില്ലായ്മ തുടങ്ങി നിത്യ ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കിത്തരും ശ്രീവിഘ്‌നഹരേശ്വരൻ.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

error: Content is protected !!
Exit mobile version