വില്വമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര നട തുറന്നു; പൂജവയ്പിനും വിദ്യാരംഭത്തിനും അവസരം
ആർ ഗോപാലകൃഷ്ണൻ
പുനരുദ്ധരിച്ച് ആരാധനാസജ്ജമാക്കിയ, 1200 വര്‍ഷത്തെ പഴക്കമുള്ള തിരുവനന്തപുരം കോട്ടയ്ക്കകം വില്വമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് അനുബന്ധമായി വിജയദശമി നാളിൽ വിദ്യാരംഭം ചടങ്ങ് നടക്കും.
വിജയദശമി ദിനമായ 15-ന് രാവിലെ 6.30-ന് ക്ഷേത്രാങ്കണത്തില്‍ വച്ച് സ്വാമി അച്യുതഭാരതി സ്വാമിയാര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കും. സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ ക്ഷേത്രത്തില്‍ പൂജ വയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. .പുസ്തകങ്ങള്‍ പൊതിഞ്ഞ് പേരെഴുതി ഒക്ടോബര്‍ 13-ന് ദീപാരാധനയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ എത്തിക്കണം.
ആദിശങ്കരാചാര്യരുടെ പരമ്പരയിലെ നാല് മഠങ്ങളിലൊന്നായ തൃശൂര്‍ നടുവില്‍ മഠത്തിന് കീഴില്‍ വരുന്ന ക്ഷേത്രം സ്ഥാപിച്ചത് നടുവില്‍ മഠ സ്ഥാപകനായ സുരേശ്വരാചാര്യരില്‍ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ച വില്വമംഗലം സ്വാമിയാണ്.
1200 വര്‍ഷത്തെ ചരിത്രമുള്ള വില്വമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധരിച്ചശേഷം ആദ്യമായി നടക്കുന്ന ഉത്സവം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് സമീപമുള്ള ക്ഷേത്രം വര്‍ഷങ്ങളായി പൂജാ കര്‍മ്മങ്ങളില്ലാത്തെ ജീര്‍ണാവസ്ഥയില്‍ ആയിരുന്നു. പുഷ്പാഞ്ജലി സ്വാമി അച്യുത ഭാരതിയുടെ നേതൃത്വത്തില്‍ ഭക്തരുടെ ശ്രമഫലമായിട്ടാണ് അറ്റകുറ്റപ്പണികള്‍ നടത്തി ക്ഷേത്രം പൂജാസജ്ജമായത്.
പത്മനാഭ സ്വാമി ക്ഷേത്രവുമായി വില്വമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും മഠത്തിനും ചരിത്രപരമായി അഭേദ്യമായ ബന്ധമാണുള്ളത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാര്‍ ആണെന്നാണ് വിശ്വാസം. നവരാത്രി പൂജയുടെ ഭാഗമായി ക്ഷേത്രത്തില്‍ നടക്കുന്ന സംഗീതാര്‍ച്ചന പൂയം തിരുനാള്‍ പാര്‍വ്വതിബായി തമ്പുരാട്ടിയാണ് ഉദ്ഘാടനം ചെയ്തത്. പ്രമുഖരായ 100-ല്‍ അധികം സംഗീതജ്ഞര്‍ പങ്കെടുക്കുന്ന ഗാനാര്‍ച്ചനയും ഒമ്പത് ദിവസത്തെ മഹോത്സവവും 15-ന് അവസാനിക്കും.
- ആർ ഗോപാലകൃഷ്ണൻ,
+91 98097 55234