Tuesday, 8 Oct 2024

വിളക്കിലെ കരി നാണം കെടുത്തും

ക്ഷേത്രത്തിൽ കത്തുന്ന  കെടാവിളക്കിലെ ഉൾപ്പെടെയുള്ള കരി ഒരിക്കലും  നെറ്റിയിൽ പ്രസാദമായി കരുതി തൊടുരുത്. ഇത്  പലതരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകും. 
“വിളക്കിലെ കരി നാണം കെടുത്തും” എന്നാണ് പറയുന്നത്. വിളക്കിലെ  കരി തൊട്ടാൽ നാണക്കേട്‌  എന്നാണ്  വിശ്വാസം. എന്നാൽ നാണക്കേട്‌ മാത്രമല്ല “ജീവിതം മുഴുവൻ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും” എന്ന് കുന്തി ദേവിയുടെ കഥ പഠിപ്പിക്കുന്നു.
കുന്തിയുടെ യഥാർത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജൻ. മക്കൾ ഇല്ലാത്തതിനാൽ പൃഥയെ ശൂരസേനൻ കുന്തീഭോജന് ദത്ത് നൽകി. അങ്ങനെ പൃഥ കുന്തീഭോജ പുത്രി കുന്തിയായിത്തീർന്നു. കുന്തീഭോജന്റെ കൊട്ടാരത്തിൽ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുകയായിരുന്നു കുന്തിയുടെ ജോലി. അവർക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങൾ നൽകുക, ഹോമ സ്ഥലം വൃത്തിയാക്കുക, വിളക്ക് വെയ്ക്കുക എന്നിവയായിരുന്നു പ്രധാന  ചുമതലകൾ.

ഒരുനാൾ മദ്ധ്യാഹ്നത്തിൽ കുന്തീദേവി  ചെന്നപ്പോൾ ബ്രാഹ്മണബാലകന്മാർ അവിടെ കിടന്ന് ഉറങ്ങുന്നത്  കണ്ടു. ബാലികയായ കുന്തീദേവിയുടെ മനസ്സിൽ ഒരു കുസൃതി തോന്നി.അവിടെ കത്തിയിരുന്ന വിളക്കിന്റെ നാക്കിൽ പടർന്നുപിടിച്ചിരുന്ന കരി വിരൽ കൊണ്ടെടുത്തു ഉറങ്ങിക്കിടന്ന ബ്രാഹ്മണബാലന്മാരുടെ മുഖത്ത് മീശയും മറ്റും വരച്ചു  വച്ചു. ഉറക്കമുണർന്ന ബാലന്മാർ അന്യോന്യം നോക്കിച്ചിരിച്ചു. സ്വന്തം മുഖത്തെ കരി കാണാതെ മറ്റുള്ളവരുടെ മുഖത്തെ കരി കണ്ടാണ്‌ അവർ ചിരിച്ചത്.  പക്ഷെ തങ്ങൾ എല്ലാവരുടെയും മുഖത്ത് ആരോ കരി തേച്ചു എന്നറിഞ്ഞപ്പോൾ ആ നിഷ്കളങ്ക ബാല്യങ്ങൾക്ക്‌ ദേഷ്യം സഹിക്കാനായില്ല. അവർ ക്രോധത്താൽ ശപിച്ചു. “ഞങ്ങളുടെ മുഖത്ത് ആരാണോ കരിവാരി തേച്ചതു അവരുടെ ജീവിതവും ഇപ്രകാരം കരിപുരണ്ടതായി തീരട്ടേ” എന്നായിരുന്നു ശാപവാക്കുകൾ. അതിന് ശേഷം കുന്തീദേവി ജീവിതത്തിൽ അനുഭവിച്ച കൊടിയ ദുരിതങ്ങൾ  നമുക്കറിയാം.

എന്നാൽ ഗണപതിഹോമത്തിന്റെ പ്രസാദമായ കറുത്ത പൊട്ട് അഥവാ കരിപ്രസാദം തൊടുക തന്നെ വേണം. ഈ തൊടുകുറി തടസ്സങ്ങൾ അകറ്റാനുള്ള ഗണപതി പ്രസാദമാണ് . ഹോമത്തിൽ കരിഞ്ഞ ഹവിസ്സുകൾ നെയ്യിൽ ചാലിചെടുത്തതാണ് കരിപ്രസാദം. അതാണ് തിലകമായി ധരിക്കേണ്ടത്. ദേവിക്ഷേത്രത്തിലെ ദാരു വിഗ്രഹങ്ങളിൽ നടത്തുന്ന ചാന്താട്ടത്തിന്റെ പ്രസാദവും കറുത്തതാണ്. അതും നെറ്റിയിൽ ധരിക്കുന്നതു ദേവിപ്രീതിക്ക് നല്ലതാണ്.എന്നാൽ ഇതല്ലാതെ വിളക്കിലെ തിരി കത്തി പുക പിടിച്ചുണ്ടാകുന്ന കരി നെറ്റിയിൽ തൊടാൻ പാടില്ല.  ഒരു പക്ഷേ കരിപ്രസാദവും ഇതും തമ്മിലുള്ള വ്യത്യാസം  അറിയാത്തവരാകാം വിളക്കിലെ കരി എടുത്ത് നെറ്റിയിൽ പ്രസാദമായി തൊടുന്നത്. 

– പി.എം. ബിനുകുമാർ, 

+919447694053

error: Content is protected !!
Exit mobile version