Friday, 20 Sep 2024

വിവാഹതടസം മാറാൻ 7 ദിവസം സ്വയംവര ഗണപതിഹോമം

എം.നന്ദകുമാർ, റിട്ട. ഐ.എ.എസ്

വിവാഹതടസം നീങ്ങാൻ ഏറ്റവും ഉത്തമമായ വഴിപാടാണ് സ്വയംവര പാർവ്വതിയെ ആവാഹിച്ച് നടത്തുന്ന സ്വയംവര ഗണപതി ഹോമം. ഹോമാഗ്‌നിയിൽ സ്വയംവര പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഹോമമാണിത്. വിവാഹതടസം നീങ്ങുന്നതിന് ഏറ്റവും ഉത്തമമായ കർമ്മമാണിത്. സ്വയംവര ഗണപതിഹോമം അടുപ്പിച്ച് ഏഴ് ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ ചെയ്യിക്കുക. ചുവന്ന ചെത്തിപ്പൂക്കൾ നാളം കളഞ്ഞ് നെയ്യിൽമുക്കി സ്വയംവര മന്ത്രം ചൊല്ലി വേണം ഹോമം നടത്താൻ. 108 ഉരുവാണ് ചൊല്ലേണ്ടത് എങ്കിലും കുറഞ്ഞത് 36 ഉരു എങ്കിലും ചൊല്ലണം. അശോകപ്പൂവ്, മലർ, ത്രിമധുരം എന്നിവ ദ്രവ്യമായി ഉപയോഗിക്കാം. 336, 1008, 3008 തുടങ്ങി യഥാശക്തി പ്രാവശ്യം ഹോമിക്കണം. അശോകം, അരയാൽ, പ്‌ളാശ്, എന്നിവയുടെ വിറകേ ഹോമത്തിനെടുക്കാവൂ. ഒരു വെള്ളിയാഴ്ച തുടങ്ങി അടുത്ത വ്യാഴം വരെ 7 ദിവസങ്ങൾ നടത്തുക. 3 മാസങ്ങൾ ഇടവിട്ട് ഇടവിട്ട് ഇങ്ങനെ ഒരു വർഷത്തിൽ 4 തവണ നടത്തിക്കഴിയുമ്പോഴേയ്ക്കും വിവാഹം നടന്നിരിക്കും. ഹോമവേളയിൽ ആർക്കു വേണ്ടിയാണോ ഹോമം നടത്തുന്നത് അവർ സ്വയംവര മന്ത്രം ചൊല്ലിക്കൊണ്ടേയിരിക്കണം. ഹോമം കഴിഞ്ഞ ശേഷം വസ്ത്രദാനം, അന്നദാനം ഇവയാകാം. തിങ്കൾ, വെള്ളി, പൗർണ്ണമി എന്നീ ദിനങ്ങൾ ഈ കർമ്മത്തിന് ഉത്തമമാണ്.

ഇത് കൂടാതെ ‘ഓം നമോ ഭഗവതേ രുക്മിണീവല്ലഭായ സ്വാഹാ’ എന്ന് ദിവസവും പ്രഭാതത്തിൽ 5.15 നും 6.45 നും ഇടയ്ക്ക് ശരീരശുദ്ധി വരുത്തി കുറഞ്ഞത് 336 തവണ വീതം കിഴക്കോട്ട് തിരിഞ്ഞിരുന്ന് ജപിക്കുന്നതും നല്ലത്. തിങ്കളാഴ്ചകളിൽ ശിവക്ഷേത്രത്തിൽ മംഗല്യപൂജ, ഉമാ മഹേശ്വരപൂജ തുടങ്ങിയവ ചെയ്യിക്കുന്നതും അതിവേഗം ഫല സിദ്ധി നൽകും.

സ്വയംവര മന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരി യോഗേശ്വരി
യോഗ ഭയങ്കരി
സകലസ്ഥാവര ജംഗമസ്യ
മുഖ ഹൃദയം മമവശം
ആകർഷയ ആകർഷയ സ്വാഹ

(റിട്ട.ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാശാസ്ത്രത്തിലും മഹാപണ്ഡിതനുമായ എം.നന്ദകുമാർ തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസിലെ പ്രണവത്തിൽ താമസിക്കുന്നു.
മൊബൈൽ : 9497836666.
വെബ് സൈറ്റ്: www.m nandakumar.com
)

error: Content is protected !!
Exit mobile version