Saturday, 23 Nov 2024

വിവാഹ തടസ ദോഷങ്ങൾ നീക്കാൻ 21 പരിഹാരങ്ങൾ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

വിവാഹം നടക്കാത്തത് കാരണം വിഷമിക്കുന്നവർ അനവധിയുണ്ട്. ജാതക ദോഷം, കുറഞ്ഞ വിദ്യാഭ്യാസം, ജോലി ഇല്ലാത്തത്, ശാരീരികമായ പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങളാൽ വിവാഹം നീണ്ടുപോകാറുണ്ട്. ശരിയായ രീതിയിൽ ജാതകം പരിശോധിച്ച് വേണ്ട പരിഹാരം ചെയ്താൽ മിക്കവർക്കും വിവാഹ തടസം മാറിക്കിട്ടുന്നത് അനുഭവത്തിൽ കാണാറുണ്ട്. ചില വഴിപാടുകൾ, മന്ത്രജപം, പ്രത്യേക വ്രതാനുഷ്ഠാനം, ചില ക്ഷേത്ര ദർശനം എന്നിവയാണ് മംഗല്യ ഭാഗ്യത്തിന് പൊതുവെ ചെയ്യുന്ന കാര്യങ്ങൾ . അവയിൽ ചിലത് ഇവിടെ പറയാം :

1. ശിവപാർവതീ സന്നിധിയിൽ സ്വയംവര പുഷ്പാഞ്ജലി നടത്തുക. തിങ്കളാഴ്ച ദിവസം ഇതിന് ഏറ്റവും നല്ലത്.

2. തിങ്കളാഴ്ച വ്രതം നോറ്റ് ഉമാമഹേശ്വരപൂജ നടത്തുക.

3. തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും ഒത്തുചേർന്ന് വരുന്ന ദിവസം ശിവപാർവതിമാരെ സ്മരിച്ച് സ്വയംവര പുഷ്പാഞ്ജലി നടത്തുക.

4. ശിവക്ഷേത്രത്തിൽ മഹാദേവന് 108 കുവളത്തില സമർപ്പിച്ച് ഓം നമ: ശിവായ ജപിക്കുക.

5. ശ്രീപാർവതിയെ ഭജിച്ചു കൊണ്ട് ശിവക്ഷേത്രത്തിൽ 41 തിങ്കളാഴ്ച തുമ്പപ്പൂ സമർപ്പിക്കുക.

6. ഓം നമ: ശിവായ ജപത്തോടൊപ്പം ഓം ഹ്രീം ഉമായൈ നമ: നിത്യവും ജപിക്കുക.

7. വിധിപ്രകാരം ഉത്തമ കർമ്മിയെക്കൊണ്ട് തയ്യാറാക്കിയ പാർവതീ ദേവി അധിദേവതയായ സ്വയംവര യന്ത്രം ധരിക്കുക.

8. വൈഷ്ണവ ക്ഷേത്രത്തിൽ ലക്ഷ്മീ നാരായണപൂജ നടത്തുക.

9. വ്യാഴാഴ്ച ഓം ബ്രം ബ്രഹസ്പതയൈ നമ: എന്ന മന്ത്രം വിഷ്ണുക്ഷേത്രത്തിൽ നിന്ന് കഴിയുന്നത്ര ജപിക്കുക.

10. തിരുവൈരാണിക്കുളം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കന്യാകുമാരി ദേവീ ക്ഷേത്രം തുടങ്ങിയ സന്നിധികളിൽ ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുക.

11. ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി യോഗഭയങ്കരി സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമ വശം ആകർഷയ ആകർഷയ സ്വാഹാ എന്ന മന്ത്രം പാർവതി ദേവിയുടെ രൂപം ധ്യാനിച്ച് നിത്യേന 108 തവണ ജപിക്കുക.

12. ചുവന്ന തെറ്റിപ്പൂക്കൾ നാളം കളഞ്ഞ് നെയ്യിൽ മുക്കി സ്വയംമന്ത്രം ചൊല്ലി സ്വയംവര ഗണപതി ഹോമം നടത്തുക. അടുപ്പിച്ച് ഏഴ് ദിവസം സ്വയംവര പാർവ്വതിയെ ആവാഹിച്ച് നടത്തുന്ന ഈ ഹോമം ക്ഷേത്രത്തിൽ ചെയ്യിക്കുക.

13. ഓം നമോ ഭഗവതേ രുക്മിണീ വല്ലഭായ സ്വാഹ എന്ന മന്ത്രം 336 തവണ എന്നും പ്രഭാതത്തിൽ രാവിലെ 5:15 നും 6:45 നും മദ്ധ്യേ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ജപിക്കുക.

14. ക്ഷേത്രങ്ങളിൽ നടത്തുന്ന ഭാഗവത സപ്താഹത്തിൽ അഞ്ചാം ദിവസം – രുക്മിണീ സ്വയം വരം – പങ്കെടുത്ത് വഴിപാട് നടത്തി പ്രസാദം കഴിക്കുക.

15. യുവാക്കൾ 46 വെള്ളിയാഴ്ച ഗണപതിക്ക് വെറ്റിലയും നാരങ്ങയും നാണയവും സമർപ്പിക്കുക.

16. പിതൃദോഷത്താൽ വിവാഹം വൈകുന്നവർ രാമേശ്വരം, തിരുവല്ലം, വർക്കല, തിരുമുല്ലവാരം, ആലുവ, തിരുന്നാവായ, തിരുനെല്ലി തുടങ്ങിയ പുണ്യ തീർത്ഥങ്ങളിൽ പിതൃപ്രീതികർമ്മങ്ങൾ അനുഷ്ഠിക്കുക.

17. സർപ്പദോഷമുള്ളവർ നാഗർകോവിൽ, മണ്ണാറശാല, അനന്തൻകാട്, വെട്ടിക്കോട്, പാമ്പുംമേക്കാട്, ആമേട, പാതിരക്കുന്ന് മന, അത്തിപ്പൊറ്റ പാമ്പുകാവ്, പെരളശേരി തുടങ്ങിയ സർപ്പ ക്ഷേത്രങ്ങളിൽ സർപ്പപ്രീതികർമ്മങ്ങൾ അനുഷ്ഠിക്കുക.

18. കുടുംബദേവതാ ദോഷം കാരണം വിവാഹം വൈകുന്നവർ കുടുംബ പരദേവതാക്ഷേത്രങ്ങളിൽ വിളക്കുകൊളുത്തി പ്രാർത്ഥിക്കുക.

19. ഏഴാം ഭാവാധിപന്റെ അനിഷ്ടസ്ഥിതിയാൽ മംഗല്യതടസം നേരിടുന്നവർ ഏഴാംഭാവാധിപന് ചേരുന്ന രത്‌നങ്ങൾ ധരിക്കുക.

20. വിവാഹ തടസം അനുഭവിക്കുന്നവരുടെ മാതാവ് പുത്രാൻ രക്ഷെൻ മഹാലക്ഷ്മീം എന്ന മന്ത്രം ജപിക്കുക, ഷഷ്ഠിവ്രതം, പ്രദോഷവ്രതം എന്നിവ അനുഷ്ഠിക്കുക.

21. ചൊവ്വ ദോഷം കാരണം വിവാഹം വൈകുന്നവർ ഇനി പറയുന്ന പരിഹാരങ്ങൾ പ്രത്യേകമായി ചെയ്യണം.


ചെമ്പവിഴം ധരിക്കുക, 7 ചൊവ്വാഴ്ച ദേവീക്ഷേത്രത്തിൽ ചുവന്ന തെറ്റിപ്പൂ കൊണ്ടുള്ള മാല ചാർത്തി സ്വയംവര പുഷ്പാഞ്ജലി നടത്തുക, 7 ചൊവ്വാഴ്ച രാഹുകാല പൂജ നടത്തുക, 7 ചൊവ്വാഴ്ച ദേവീ ക്ഷേത്രത്തിൽ ചുവന്ന പട്ട്‌ സമർപ്പിച്ച് അർച്ചന നടത്തുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Significance, Rituals and Benefits Of Kamika Ekadeshi Vritham

error: Content is protected !!
Exit mobile version