വിശപ്പ് സഹിക്കാനാകാത്ത കണ്ണന് തിരുവാർപ്പ് ഉഷപ്പായസം
മീനാക്ഷി
ഭാരത ഭൂമിയിൽ നിത്യേന ആദ്യം നട തുറക്കുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമായ ദിവ്യസ്ഥാനമാണ് കോട്ടയം,
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കംസവധം കഴിഞ്ഞ് അടങ്ങാത്ത ദേഷ്യവും വിശപ്പുമുള്ള ശ്രീകൃഷ്ണ സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ.
എല്ലാ ദിവസവും രാവിലെ രണ്ടു മണിക്ക് തിരുവാർപ്പിൽ നടതുറക്കും. മൂന്ന് മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷപായാസത്തിൻ്റെ നിവേദ്യവും ഭഗവാന് സമർപ്പിക്കും. തിരുവാർപ്പിൽ വാഴുന്ന ഭഗവാന് വിശപ്പ് സഹിക്കാൻ കഴിയില്ല എന്ന വിശ്വാസം കാരണമാണ് ഇത്രനേരത്തേ നട തുറക്കുന്നത്. “തിരുവാർപ്പിൽ ഉഷ “എന്ന നാമത്തിലാണ് ഇവിടുത്തെ ഉഷ പായസം പ്രസിദ്ധം.
ആചാരങ്ങളിലും വിശ്വാസങ്ങളിലും വളരെയധികം
വ്യത്യസ്തത പുലർത്തുന്ന ക്ഷേത്രങ്ങളിലൊന്നാണിത്.
ഉണ്ണിക്കണ്ണന്റെ ഗുരുവായൂർ ക്ഷേത്രത്തിനൊപ്പം തന്നെ വിശ്വാസികളുടെ മനസ്സിൽ ഇടം നേടിയ തിരുവാർപ്പ് ക്ഷേത്രത്തിന് പ്രത്യേകതകൾ പലതുണ്ട്. അമ്പലപ്പുഴ
പാൽപ്പായസം പോലെ പ്രസിദ്ധമാണ് തിരുവാർപ്പ് ഉഷപ്പായസം. അഞ്ചുനാഴി അരി, അമ്പതുപലം ശർക്കര, അഞ്ചുതുടം നെയ്യ് ,അഞ്ചു കദളിപ്പഴം, അഞ്ചു നാളികേരം എന്നിവ ചേർത്താണ് ഉഷപ്പായസം ഉണ്ടാക്കുന്നത്. ഒരു മാസം വരെ ഈ പായസം കേടു കൂടാതെ ഇരിക്കുമത്രേ.
അഭിഷേകം കഴിഞ്ഞാൽ വിഗ്രഹത്തിന്റെ മുടി മാത്രം തോർത്തിയാൽ ഉടൻ ഈ പായസം നിവേദിക്കണം എന്നാണ് വ്യവസ്ഥ. അല്ലങ്കിൽ വിശപ്പുമൂലം ഭഗവാന്റെ കിങ്ങിണി ഊരിപ്പോകും എന്ന് പറയുന്നു. ദിവസവും ഏഴുനേരം നിവേദ്യം ഇവിടെയുണ്ട് . അത്താഴ പൂജ കഴിഞ്ഞു ദീപാരാധന നടത്തുന്ന ഏക ക്ഷേത്രവും ഇത് തന്നെ. കൂടാതെ ഗ്രഹണ സമയത്ത് പൂജ നടക്കുന്ന ഏക ക്ഷേത്രവും തിരുവാർപ്പാണ്.
ഇവിടുത്തെ ഭഗവാൻ രാവിലെ ഉഷപ്പായാസം കഴിച്ച ശേഷം അവിടെ നിന്നും അമ്പലപ്പുഴക്ക് പോകും എന്നാണ് ഭക്തരുടെ വിശ്വാസം. അവിടെ വിളമ്പുന്ന പാൽപ്പായസം കഴിച്ചു മടങ്ങും. വൈകിട്ട് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി അത്താഴവും കഴിക്കും. അടയും, അവിൽ നനച്ചതും , ഉണ്ണിയപ്പവുമെല്ലാം തിരുവാർപ്പിലെ കണ്ണന് പ്രിയങ്കരമാണ്.
Story Summary: Story of Thiruvarppu Usha Payasam