Saturday, 23 Nov 2024

വിശേഷ ദിനങ്ങളിലെ ശ്രീരാമ, ശ്രീകൃഷ്ണ,നരസിംഹ ഉപാസനയ്ക്ക് ഇരട്ടിഫലം

മംഗള ഗൗരി

ദശാവതാരമൂർത്തികളിൽ ഏറ്റവും പ്രാധാന്യമുള്ളത് ശ്രീരാമനും ശ്രീകൃഷ്ണനും നരസിംഹമൂർത്തിക്കുമാണ്.
ഈ ദേവതകളെ അവരുടെ വിശേഷ ദിവസങ്ങളിൽ ആരാധിച്ച് വഴിപാടുകൾ നടത്തിയാൽ അതിവേഗം ആഗ്രഹസാഫല്യം ഉണ്ടാകുമെന്നും അതിന് ഇരട്ടിഫലം ലഭിക്കുമെന്നും ആചാര്യന്മാർ പറയുന്നു.

ശ്രീരാമന് അവതാരദിവസമായ ശ്രീരാമനവമിയും രാമായണമാസമായ കർക്കടകവുമാണ് പ്രധാനം. പുണർതം നക്ഷത്രം, നവമിതിഥി, ഏകാദശി പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കറുത്തപക്ഷ ഏകാദശി എന്നിവ ശ്രീരാമന് വിശേഷമാണ്. ശ്രീരാമന് കൂടുതൽ ക്ഷേത്രങ്ങളുള്ളത് വടക്കേ ഇന്ത്യയിലാണ്. കേരളത്തിൽ ശ്രീരാമ ക്ഷേത്രങ്ങൾ കുറവാണെങ്കിലും ഭക്തർക്ക് കുറവെന്നുമില്ല. കർക്കടകം മൊത്തം നീളുന്ന ശ്രീരാമദേവ കഥാമൃത സ്മരണയായ രാമായണ മാസാചരണം കേരളത്തിലെ ദൈർഘ്യമേറിയ അനുഷ്ഠാനമാണ്. തൃപ്രയാർ, തിരുവില്വാമല, ആലത്തിയൂർ, രാമപുരം ഇവയാണ് കേരളത്തിലെ പ്രധാന രാമക്ഷേത്രങ്ങൾ.

അഷ്ടമിരോഹിണി ആഗസ്റ്റ് 26 ന്

മഹാവിഷ്ണുവിന്റെ പൂർണ്ണ കലകളോടു കൂടിയ അവതാരമായ ശ്രീകൃഷ്ണന് കേരളത്തിൽ വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഉൾപ്പെടെ നൂറുകണക്കിന് ക്ഷേത്രങ്ങളുണ്ട്. ദശാവതാരങ്ങളിൽ ഒൻപതാം
അവതാരമാണിത്. ധർമ്മസംസ്ഥാപനത്തിന് അവതരിച്ച ശ്രീകൃഷണ ഭക്തരെ എല്ലാരീതിയിലും സംരക്ഷിക്കുന്ന
ആശ്രിതവത്സലനാണ്. ബുധൻ, വ്യാഴം ദിവസങ്ങളും ചിങ്ങത്തിലെ അഷ്ടമിരോഹിണി, എല്ലാമാസത്തിലെയും രോഹിണി, ഏകാദശികൾ ഇവയാണ് ശ്രീകൃഷ്ണന് പ്രധാനം. 2024 ആഗസ്റ്റ് 26 തിങ്കളാഴ്ചണ് ഇക്കുറി
അഷ്ടമിരോഹിണി. ഏകാദശികളിൽ ശ്രീകൃഷ്ണന് ഏറ്റവും പ്രധാനം വൃശ്ചികം വെളുത്തപക്ഷത്തിലെ ഗുരുവായൂർ ഏകാദശിയാണ്.

ശ്രീരാമജയന്തി ഏപ്രിൽ 17 ന്

രാമനെയും കൃഷ്ണനെയും ആരാധിക്കുന്നതിന്റെ പ്രധാനഫലങ്ങൾ കർമ്മവിജയം, വിദ്യാവിജയം, സന്താന ലാഭം, ദാമ്പത്യവിജയം, ബുധ – വ്യാഴ ദോഷ പരിഹാരം തുടങ്ങിയവയാണ്. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ വരുന്ന ചൈത്ര മാസത്തിലെ നവമി ദിവസമാണ് ശ്രീരാമജയന്തി. ഇത്തവണ 2024 ഏപ്രിൽ 17 നാണ് ശ്രീരാമ ജയന്തി. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാകുക, ദമ്പതികൾ തമ്മിൽ പരസ്പരവശ്യതയുണ്ടാക്കുക, കർമ്മരംഗത്ത് വിജയം നേടുക, സമൂഹത്തിൽ ഉന്നത പദവികളും നേതൃത്വവും കൈവരിക്കുക എന്നിവയാണ് ശ്രീരാമനെ ആരാധിക്കുന്നതിന്റെ ഫലങ്ങൾ. വിഷ്ണുവിനുള്ള എല്ലാ വഴിപാടുകളും ശ്രീരാമനും പ്രധാനമാണ് – പാൽ പായസം, ത്രിമധുരം, മുഴുക്കാപ്പ്, തുളസിമാല, താമരപ്പൂവ് സമർപ്പണം എന്നിവ. നെയ് വിളക്ക്, പാൽപായസം, തുളസിമാല ചാർത്തുക, താമരമാല, തൃക്കൈ വെണ്ണ, പുരുഷസൂക്താർച്ചന, നാരായണ സൂക്താർച്ചന, കദളിപ്പഴ നിവേദ്യം തുടങ്ങിയവയാണ് ശ്രീകൃഷ്ണന് പ്രിയപ്പെട്ട വഴിപാടുകൾ.

നരസിംഹജയന്തി മേയ് 21 ന്

ക്ഷിപ്രസാദിയായ നരസിംഹമൂർത്തിയെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് വൈശാഖ മാസത്തിലെ ശുക്ലപക്ഷ ചതുർദ്ദശിയിലെ നരസിംഹഅവതാര ദിവസം. ക്രൂരഗ്രഹങ്ങളുടെ പീഡകൾ കാരണമുണ്ടാകുന്ന എല്ലാ ദോഷങ്ങളും നരസിംഹ പ്രീതിയാൽ അവസാനിക്കും. വ്യാഴ, ബുധദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ ശത്രുദോഷം, ഇവയെല്ലാം തീർക്കുന്നതിനും നരസിംഹ ഉപാസന ശ്രേഷ്ഠമാണ്. 2024 മേയ് 21 ചൊവ്വാഴ്ചയാണ് ഇത്തവണ നരസിംഹജയന്തി. ഭഗവാന്റെയും പഞ്ചഭൂതങ്ങളിൽ വായുദേവൻ്റെയും നാളായ ചോതി നക്ഷത്രത്തിൽ നരസിംഹമൂർത്തിയെ ഭജിച്ചാൽ എല്ലാ ആപത്തുകളിൽ നിന്ന് രക്ഷനേടാം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉഗ്രശക്തിയുള്ള നരസിംഹമൂർത്തി പ്രസിദ്ധമാണ്. തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം കണ്ണൂരിലെ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രം, കോഴിക്കോട് തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം , കുറവിലങ്ങാട് കോഴ ലക്ഷ്മീനരസിംഹ ക്ഷേത്രം , ആലപ്പുഴ തുറവൂർ നരസിംഹ ക്ഷേത്രം, പാലാ തെക്കേക്കര നരസിംഹ സ്വാമി ക്ഷേത്രം, രാമപുരം ക്ഷേത്രം, മാവേലിക്കര മറ്റത്തുള്ള നരസിംഹ ക്ഷേത്രം , തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ആലുവ കടങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം, കൊല്ലം ഭരണിക്കാവിനടുത്ത് ആനയടി പഴയിടം ക്ഷേത്രം, എന്നിവയാണ് കേരളത്തിലെ പ്രശസ്തമായ നരസിംഹ ക്ഷേത്രങ്ങൾ.

വിഷ്ണുഭഗവാന് പറഞ്ഞിട്ടുള്ള പാൽപായസം, തുളസി മാല, താമരമാല, നെയ് വിളക്ക് സഹസ്രനാമാർച്ചന, പുരുഷസൂക്താർച്ചന, നാരായണസൂക്താർച്ചന തുടങ്ങിയവയാണ് എല്ലാ അവതാരമൂർത്തികളുടെയും വഴിപാടുകൾ. കലിയുഗ ദുരിതങ്ങൾ അകറ്റുന്നതിന് ഷോഡശ മഹാമന്ത്രം എല്ലാ ദിവസവും ജപിക്കണം. ആർക്കും ജപിക്കാം; ഒരു വ്രതനിഷ്ഠയും ആവശ്യമില്ല; ഗുരുപദേശവും വേണ്ട.

ശ്രീരാമന്റെ പ്രാർത്ഥനാ മന്ത്രം
ആപദാമപഹർത്താരം ദാതാരം സർവ്വ സമ്പാദം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം

ശ്രീകൃഷ്ണന്റെ പ്രാർത്ഥനാ മന്ത്രം
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ:

നരസിംഹ മൂർത്തിയുടെ പ്രാർത്ഥനാ മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം

ഷോഡശ മഹാമന്ത്രം
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

Story Summary: Significance of Sree Rama, Sree Krishna and Narasimha Murthy worshipping on their most important days

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version