Monday, 23 Sep 2024

വിശ്വവിസ്മയമായി ചെങ്കൽ ശിവപാർവതി ക്ഷേത്രത്തിൽ മഹാശിവലിംഗം

ലോകത്തെ ഏറ്റവും ഉയരം കൂടിയ മഹാ ശിവലിംഗ പ്രതിഷ്ഠ തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ഉയരുന്നു. ശ്രീ പരമേശ്വരഭക്തരുടെ മനവും മിഴിയും കുളിർപ്പിക്കാൻ ഒരുങ്ങുന്ന ഈ വിശ്വവിസ്മയത്തിന് 111.2 അടി പൊക്കമുണ്ട്. ദിവ്യാത്മാവായ സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ മനോഭിലാഷമാണ്നെയ്യാറ്റിൻകരയ്ക്കടുത്ത് ചെങ്കൽ ക്ഷേത്രത്തിൽ അത്ഭുതക്കാഴ്ചയായി സാക്ഷാത്ക്കരിക്കുന്നത്. വിശ്വപ്രസിദ്ധ വിസ്മയരേഖകളിൽ ഒന്നായ ഏഷ്യാബുക്ക് ഒഫ് വേൾഡ് റെക്കാഡ്സിൽ ഈ മഹാശിവലിംഗം ഇടം പിടിച്ചു കഴിഞ്ഞു. രണ്ടു മാസത്തിനകം പ്രതിഷ്ഠയുടെ ഉദ്ഘാടനം നടക്കും.

സ്വാമി മഹേശ്വരാനന്ദ സരസ്വതി


പ്രാർത്ഥന, പൂജ എന്നിവ നടത്തുക  മാത്രമല്ല ഭക്തരെ ധ്യാനത്തിലേക്കും  നയിക്കുക എന്ന ലക്ഷ്യത്തോടെയാണ്  മഹാശിവലിംഗ പ്രതിഷ്ഠ സ്വാമി മഹേശ്വരാനന്ദ വിഭാവന ചെയ്തിരിക്കുന്നത്. ഈ ഷഡാധാര പ്രതിഷ്ഠ വാസ്തവത്തിൽ  എട്ട് നിലകളുള്ള  നിർമ്മിതിയാണ്. ഇതിൽ 6  നില മനുഷ്യ ശരീരത്തിലെ ഊർജ്ജകേന്ദ്രങ്ങളായ ഷഡാധാര ചക്രങ്ങളെ നിർവ്വചിക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതാ, വിശുദ്ധ, ആജ്ഞ എന്നിവയാണ് ഷഡാധാര ചക്രങ്ങൾ. മൂലാധാരത്തിൽ ആരംഭിച്ച് ശിവപാർവതിമാരുടെ ഇരിപ്പടമായ, നമ്മുടെ ഉച്ചിയിലുള്ള സഹസ്രാരത്തിൽ എത്തുന്ന ധ്യാന സങ്കല്പമാണിത്. 

ഈ ആറ് നിലകളിലെ വിശാലമായ മുറികളിൽ ഭക്തർക്ക് ധ്യാനലീനരായി ഒരോ ചക്രത്തെയും ഉദ്ദീപിപ്പിക്കാം. ഒരോ നിലകളും ഒരോ ചക്രത്തിനും അനുയോജ്യമായ തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരോ നിലയ്ക്കും ഒരോ നിറമാണ്; ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ നിറങ്ങൾ നൽകിയിരിക്കുന്നു.ജപം, പൂജ എന്നിവയെക്കാൾ വേഗത്തിൽ ധ്യാനം ഭക്തരെ ഈശ്വരസാക്ഷാത്കാരത്തിലേക്ക് നയിക്കും. അവർക്ക് മന:ശുദ്ധിയുണ്ടാകും.വെറുപ്പ് അകലും; അവരുടെ അന്വേഷണങ്ങളും സങ്കടങ്ങളും സംശയങ്ങളും അവസാനിക്കും.  ഏതൊരു ജീവിയെയും ഈ ലോകത്തെ തന്നെയും സ്നേഹിക്കാൻ കഴിയുന്നതിലൂടെ സഹവർത്തിത്വം വർദ്ധിക്കും. ഇത് മനസ്സിലാക്കിയാണ് ഭക്തരെ ധ്യാനത്തിലേക്ക് നയിക്കുന്നതിനുള്ള വിശാലമായ പദ്ധതി സ്വാമി മഹേശ്വരാനന്ദ ആവിഷ്ക്കരിക്കുന്നത്.
എട്ടാമത്തെ നില ശിവഭക്തരുടെ പരമലക്ഷ്യമായ കൈലാസ പ്രതീകമാണ്.

ഈ തിരുസന്നിധിയിൽ ആയിരം ഇതളുള്ള, സഹസ്രാരചക്രത്തെ ദ്യോതിപ്പിക്കുന്ന ഒരു താമരയുണ്ട് ; യോഗ തത്വ പ്രകാരം ഇത് ശുദ്ബോധത്തിന്റെ പ്രതീകമാണ്. മഹാലിംഗ നിർമ്മിതിയുടെ താഴത്തെ നിലയിൽ 108 വ്യത്യസ്ത ശിവലിംഗങ്ങൾ സ്ഥാപിച്ചിരിക്കും. മഹാബലിപുരത്തു നിന്നുള്ള കൃഷ്ണ ശിലയിലാണ് ഈ ശിവലിംഗങ്ങൾ നിർമ്മിച്ചത്. ഇതിൽ ഒരു ശിവലിംഗം പ്രത്യേകമായി സ്ഥാപിക്കും. ഇതിൽ ഭക്തർക്ക് നേരിട്ട് അഭിഷേകം നടത്താം. വിശിഷ്ടമായ ആയൂർവേദ മരുന്നുകൾ തയ്യാറാക്കാൻ  ഉപയോഗിക്കുന്ന സാമഗ്രികൾ, വിശുദ്ധ ഭൂപ്രദേശങ്ങളിലെ മണ്ണ്, കൈലാസം, കാശി, ബദരിനാഥ്, ഗംഗോത്രി, ഗോമുഖ് , ഗയ, രാമേശ്വരം, ധനുഷ് കോടി, എന്നിവിടങ്ങളിലെ ദിവ്യജലം തുടങ്ങിയവയാണ് 108 ശിവലിംഗ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്. മഹാലിംഗത്തിന്റെ മുകളിലെത്താനുള്ള ചുറ്റുപടികൾ ഒരുക്കിയിട്ടുള്ളത് ഗുഹാരീതിയിലാണ്. ധ്യാനനിമഗ്നരായ മുനിമാരുടെ ചുവർ ചിത്രങ്ങളും വിഗ്രഹങ്ങളും ഛായാചിത്രങ്ങളും മുകളിലേക്ക് ചുറ്റിക്കയറുന്ന ഗുഹയുടെ ചുവരുകളെ അലങ്കരിക്കുന്നു.

ഹിമാലയ യാത്രയുടെ ഓർമ്മയുണർത്തുന്ന തരത്തിലാണ് ഗുഹായാത്ര രൂപകല്പന ചെയ്തിട്ടുള്ളത്. ഈ പടികയറ്റം ഹിമാലയത്തിലെ 7 മലകൾ താണ്ടുന്ന പ്രതീതി സൃഷ്ടിക്കും. എല്ലാം പിന്നിട്ട് മഹാലിംഗത്തിന്റെ  കൊടുമുടി അണയുമ്പോൾ മഞ്ഞുവീഴുന്ന ഹിമാലയത്തിലെത്തിയ അനുഭൂതി ഒരോ ശിവഭക്തരും അനുഭവിക്കും. അവിടെ ഭക്തർക്ക് സായൂജ്യമടയാൻ, കണ്ണുനിറയെ കണ്ടു തൊഴാൻ ശിവപാർവ്വതി പ്രതിഷ്ഠയുമുണ്ട്.

മഹാശിവലിംഗത്തിന്റെ ബാഹ്യമായ നിർമ്മിതികൾ പൂർത്തിയായി. ഉള്ളിലെ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നു. അത് പൂർത്തിയായാലുടൻ ഉദ്ഘാടനം നടക്കും.  
തിരുവനന്തപുരത്തു നിന്നും 26 കിലോമീറ്ററുണ്ട് ദക്ഷിണ കൈലാസം എന്ന് പ്രസിദ്ധമായ ചെങ്കൽ ശ്രീ ശിവപാർവതി ക്ഷേത്രത്തിലേക്ക്. 2012 മേയ് 3 നാണ് മഹാശിവലിംഗ നിർമ്മിതിക്ക് സ്വാമി മഹേശ്വരാനന്ദ സരസ്വതി തുടക്കം കുറിച്ചത്. ഈ മഹാശിവലിംഗ നിർമ്മിതിക്ക് വേണ്ടി വരുന്ന ചെലവ് കണക്കാക്കിയിട്ടില്ല. ശിവഭക്തരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ ചെങ്കൽ ശിവപാർവ്വതി ക്ഷേത്ര ട്രസ്റ്റാണ്  മഹാശിവലിംഗ നിർമ്മാണം പൂർത്തീകരിക്കുന്നത്. ക്ഷേത്രത്തിലെ ഫോൺ: 0471 2236273, മൊബൈൽ: 97476 14662

   – പി.എം. ബിനുകുമാർ          +919447694053

error: Content is protected !!
Exit mobile version