Monday, 8 Jul 2024

വിഷമവും വിഷവും തീർക്കുന്ന രാഹുപൂജഈ 3 നക്ഷത്രക്കാർ മുടക്കരുത്

ജ്യോതിഷരത്നം വേണു മഹാദേവ്
ശത്രുദോഷങ്ങളിൽ നിന്നും വിഷഭീതികളിൽ
നിന്നും രക്ഷനേടുവാൻ രാഹുവിനെ ആരാധിക്കുന്നത് ഉത്തമമാണ്. നവഗ്രഹ മണ്ഡലത്തിൽ എട്ടാമതായി സൂര്യന് തെക്ക് ഭാഗത്താണ് രാഹുവിന്റെ സ്ഥാനം. നവഗ്രഹങ്ങളിൽ രാഹുവിനെയും കേതുവിനെയും ഛായാഗ്രഹങ്ങളായാണ് ആദരിക്കുന്നത്. രാഹുവിന് ബലമുള്ളവരുടെ മുന്നിൽ ശത്രുക്കൾ മുട്ടുമടക്കും.
ജാതകത്തിൽ രാഹു ശക്തമായവരുടെ കുലത്തിന് ഉന്നതിയുണ്ടാകും. ശത്രുജയത്തിനെന്ന പോലെ സർപ്പപീഢ ശമിക്കുന്നതിനും ഉത്തമമാണ് രാഹുപൂജ.

ശനി ദോഷത്തെക്കാൾ കടുപ്പമാണ് രാഹുദോഷം. ജാതകവശാൽ എന്തെല്ലാം ഭാഗ്യയോഗങ്ങൾ ഉണ്ടായാലും ജാതകരുടെ അനുഭവയോഗം പ്രതികൂലമാക്കുന്ന ഘടകം രാഹുകേതുക്കളുടെ അപ്രീതിയാണ്. അതായത് അനുഭവയോഗം നൽകുന്ന ഗ്രഹങ്ങൾ രാഹുവും കേതുവും എന്നാണർത്ഥം.
രാഹു അനിഷ്ടത്തിലായാൽ പൂർവ്വികസ്വത്ത് ലഭിക്കില്ല. വിശ്വസവഞ്ചനയും ധനനഷ്ടവും നേരിടും. ചൂതുകളിയിലും മദ്യപാനത്തിലും താത്പര്യമുണ്ടാകും. യാത്ര കാരണം നഷ്ടം, ത്വക്‌രോഗങ്ങൾ എന്നിവ ഉണ്ടാകും. പുരുഷന്മാർ വാഴാത്ത കുടുംബങ്ങൾ രാഹുദോഷ ലക്ഷണമാണ്. കൈവിഷം, സർപ്പദംശം, ചൊറി, ചിരങ്ങ് എന്നിവയ്ക്ക് കാരണം രാഹുദോഷം ആണ്. മറ്റു ഗ്രഹങ്ങളെല്ലാം രാഹുവും കേതുവും നിൽക്കുന്ന രാശികൾക്ക് ഉള്ളിലായി വരുന്നതാണ് കാളസർപ്പ ദോഷം. സർവകാര്യ വിനാശമാണ് ഈ ദോഷഫലം. 12 തരം കാളസർപ്പ ദോഷങ്ങൾ ഉണ്ട്.

സർപ്പൻ എന്നും വിളിക്കുന്ന രാഹു അമൃതും
വിഷവും തരുന്ന ഗ്രഹമാണ്. അതായത് ദോഷങ്ങൾ മാത്രമല്ല രാഹു പല നല്ല ഫലങ്ങളും തരുമെന്ന് ചുരുക്കം. രാഹു ധനുരാശിയിൽ നിൽക്കുന്നത്
വളരെ നല്ലതാണ്. ജാതകത്തിൽ പൊതുവിൽ മൂന്ന്, ആറ്, പതിനൊന്ന് ഭാവങ്ങളിൽ രാഹു നിന്നാൽ ഗുണകരമാണ്. മറ്റ് ഭാവങ്ങളിൽ നല്ലതല്ലെന്ന് പറയാറുണ്ടെങ്കിലും സ്ത്രീ രാശികളായ ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം
രാശികളിൽ രാഹു അത്ര ദോഷം ചെയ്യില്ലെന്ന് തന്നെയല്ല ചില നല്ല ഫലങ്ങളും സമ്മാനിക്കും.

തിരുവാതിര, ചോതി, ചതയം, നക്ഷത്രജാതർ
രാഹു പ്രീതികരമായ കർമ്മങ്ങൾ ചെയ്യുന്നതും ആരാധിക്കുന്നതും ഒരു കാരണവശാലും ഒഴിവാക്കരുത്.ഗ്രഹാധിപതിയായ രാഹുവാണ്
ഈ നക്ഷത്രജാതരുടെ ഭാഗ്യം നിശ്ചയിക്കുന്നത്.
ഭരണി, രോഹിണി, ആയില്യം, പൂരം, അത്തം, തൃക്കേട്ട, പൂരാടം, തിരുവോണം, രേവതി നക്ഷത്രങ്ങൾ രാഹുദോഷം ഉള്ളവയാണ്. ഈ നക്ഷത്രക്കാർ ദോഷകാഠിന്യം കുറയ്ക്കാൻ സർപ്പക്ഷേത്ര
ദർശനവും ആയില്യപൂജയും ആയില്യവ്രതവും രാഹുപ്രീതികരമായ മന്ത്രങ്ങളും ചൊല്ലണം.
വിപ്രസിദ്ധി എന്ന അസുരനും ദക്ഷന്റെ പുത്രിയായ സിംഹികയ്ക്കും ജനിച്ച മകനാണ് രാഹു. ശുക്രന്റെ കടാക്ഷം വേണ്ടുവോളമുണ്ട് ‌രാഹുവിന്. ദേവന്മാർ പാൽക്കടൽ കടഞ്ഞ് അമൃത് നേടിയപ്പോൾ
വേഷപ്രച്ഛന്നനായി അതിൽ നിന്ന് അൽപ്പം സേവിച്ച രാഹു അമരത്വം നേടി. സിംഹസ്രീയാണ് ഭാര്യ. ഒരേ
ഒരു മകൻ. അമുദകടികൻ. സൂര്യകിരണങ്ങളിൽ നിന്ന് രക്ഷ നേടുവാൻ ദൈവം അനുഗ്രഹിച്ച് രാഹുവിന് നൽകിയ നിറം കറുപ്പാണ്.

രാഹുദോഷ പരിഹാരത്തിന് ശിവനെയും സർപ്പ ദേവതകളെയും ഛിന്നമസ്താദേവിയെയും
രാഹുവിനെയും ദുർഗ്ഗയെയും ഭജിക്കണം. ദുർഗ്ഗാ ഗായത്രി, ശിവസ്തുതികൾ എന്നിവ ജപിക്കുന്നതും രാഹുകാല ദുർഗ്ഗാ പൂജയും ഉത്തമ പരിഹാരമാണ്.
മിക്ക ക്ഷേത്രങ്ങളിലും നവഗ്രഹമണ്ഡപങ്ങളുണ്ട്. അവിടെ രാഹുവിനെ തൊഴുത് പ്രാർത്ഥിക്കാം. ഭാരതത്തിലെ ഏറ്റവും പുരാതനമായ രാഹുക്ഷേത്രം കാളഹസ്തിയിലാണ്. തമിഴ്‌നാട്- ആന്ധ്ര അതിർത്തിയിൽ തിരുപ്പതിക്കു സമീപമാണിത്.
ഇവിടെ ഒരിക്കലെങ്കിലും പോയി സൗഭാഗ്യം നേടണം.

രാഹുമന്ത്രങ്ങൾ ജപിക്കാൻ ഏറ്റവും ഉത്തമമായ സമയം പുലർച്ചെയാണ്. വെളുത്ത പക്ഷത്തിലെ ശനിയാഴ്ചയാണ് ജപം ആരംഭിക്കാൻ നല്ലത്.
രക്തവർണ്ണ കണ്ണുകൾ, ദംഷ്ട്രങ്ങൾ, ഒരു കയ്യിൽ വാൾ, മറുകൈയ്യിൽ അഭയവരം കടുവ വാഹനം ഈ രൂപത്തിലാണ് രാഹുവിനെ ധ്യാനിക്കേണ്ടത്.

രാഹു മൂല മന്ത്രം
ഓം രാഹവേ നമഃ
രാഹുമന്ത്രം
അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യ വിമർദ്ദനം
സിംഹികാ ഗർഭ സംഭൂതം
തം രാഹും പ്രണമാമ്യഹം

(അർദ്ധ ശരീരമുള്ളവനും വീര്യവാനും സൂര്യചന്ദ്രന്മാരെ ഭയപ്പെടുത്തുന്നവനും സിംഹികയിൽ ജനിച്ചവനുമായ രാഹുവിനെ നമസ്‌ക്കരിക്കുന്നു എന്ന് അർത്ഥം.)

രാഹു ഗായത്രി
ഓം നാഗധ്വജായ വിദ്മഹേ
പത്മ ഹസ്തായ ധീമഹി
തന്നോ രാഹു പ്രചോദയാത്

രാഹു ശാന്തി മന്ത്രം
ഓം രാഹുവെ ദേവായെ ശാന്തിം
രാഹുവെ കൃപായെകരോതി
രാഹ്വായെ ക്ഷമായെ അഭിലാഷാത്
ഓം രാഹുവേ നമോ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847475559

error: Content is protected !!
Exit mobile version