വിഷമിക്കുന്നവർ ഭജിച്ചാൽ ഹനുമാൻ സ്വാമി രക്ഷിക്കും
ശ്രീരാമസ്വാമിയുടെ ദാസനാണ് ചിരഞ്ജീവിയായ ഹനുമാൻ സ്വാമി. രാമനാമം എവിടെ
ജപിക്കുന്നുവോ അവിടെ ഹനുമാൻസ്വാമിയുടെ സാന്നിദ്ധ്യം ഉണ്ടാകും. ഭയം, തടസം, ദു:സ്വപ്നം, ശനി ദോഷം എന്നിവ അകറ്റി ഊർജ്ജസ്വലതയും പ്രസരിപ്പും നൽകുന്ന ദേവനാണ് ഹനുമാൻ സ്വാമി. വീര്യത്തിന്റെയും ബലത്തിന്റെയും പ്രതീകമായ ആഞ്ജനേയൻ ക്ഷിപ്രപ്രസാദിയും സങ്കട നാശകനുമാണ്. ചൊവ്വ, ശനി ഗ്രഹങ്ങളുടെ
ദോഷശാന്തിക്ക് ഉപാസിക്കുന്ന ഈ ദേവൻ വായുവിന്റെയും അഞ്ജനാ ദേവിയുടെയും മകനാണ്. വ്യാഴത്തിൻ്റെ അനുഗ്രഹം വർദ്ധിക്കുന്നതിനും ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് ഉത്തമമാണ്. പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാരും ചൊവ്വയുടെയും ശനിയുടെയും രാശികളായ മേടം, വൃശ്ചികം, മകരം, കുംഭം രാശികളിൽപെട്ടവരും ഹനുമാൻ സ്വാമിയെ പൂജിക്കുന്നത് ഉത്തമമാണ്.
രോഗശാന്തി, ദുർദേവതാ ബാധാശമനം, ശത്രുദോഷമുക്തി എന്നിവയാണ് ഹനുമാനെ
ആരാധിക്കുന്നതിൻ്റെ ഫലങ്ങൾ. കായികരംഗത്തും പോലീസ്, സൈന്യം തുടങ്ങിയ സാഹസിക
വകുപ്പുകളിൽ പ്രവർത്തിക്കുന്നവർ ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് നല്ലതാണ്. ജീവിതം സംഘർഷഭരിതവും സങ്കീർണ്ണവുമാകുന്ന ഘട്ടങ്ങളിൽ ഹനുമാൻ സ്വാമിയെ ഭജിച്ചാൽ മന:ശാന്തി ലഭിക്കുമെന്ന കാര്യം തീർച്ചയാണ്. ഉറ്റവർ രോഗ ദുരിതങ്ങളിൽ പെട്ട് വിഷമിക്കുമ്പോൾ ഹനുമദ് ഭജന നടത്തിയാൽ അവർക്ക് രോഗക്ലേശ മുക്തി ലഭിക്കും. എന്തു കാര്യത്തിനായാലും നിഷ്ഠയോടെയും ശുദ്ധിയോടെയും ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചു തുടങ്ങിയാൽ അനുകൂലഫലം ഉറപ്പാണെന്ന് ഭക്തർ ഒരേ സ്വരത്തിൽ പറയുന്നു.
വെറ്റിലമാല, വട മാല, വെണ്ണ നിവേദ്യം, അവൽ കുഴച്ചത്, കദളിപ്പഴ സമർപ്പണം, അഷ്ടമോത്തരാർച്ചന തുടങ്ങിയവയാണ് ഹനുമാൻ സ്വാമിയുടെ പ്രധാന വഴിപാടുകൾ. പ്രവൃത്തി തടസ്സങ്ങൾ നീങ്ങുന്നതിനും ഉദ്ദിഷ്ട കാര്യസിദ്ധിക്കുമാണ് വെറ്റിലമാല, വടമാല വഴിപാടുകൾ നടത്തുന്നത്. ആഗ്രഹസാഫല്യമേകും വെണ്ണനിവേദ്യം. നഷ്ടപ്പെട്ട സമ്പത്ത് തിരികെ ലഭിക്കുന്നതിനും, വിഘ്നങ്ങൾ അകറ്റുന്നതിനുമാണ് മുഖ്യമായും അവൽ നിവേദ്യം നടത്തുന്നത്.
സീതാന്വേഷണത്തിനു പുറപ്പെടുന്നതിനു മുൻപ് യാത്രാവേളയിൽ ഭക്ഷിക്കുന്നതിന് ശ്രീരാമൻ ഹനുമാന് ഒരു പൊതി അവൽ നൽകിയത്രേ. ഇതാണ്
ഹനുമാൻ സ്വാമിക്ക് അവൽ നിവേദിക്കുന്നതിൻ്റെ പിന്നിലെ ഐതിഹ്യം. കദളിപ്പഴം നിവേദിച്ചാൽ സങ്കീർണ്ണവും ദുർഘടം പിടിച്ചതുമായ കാര്യങ്ങളിൽ കൂടി വിജയം ലഭിക്കും. കേരളത്തിൽ പൊതുവെ വ്യാഴാഴ്ചയാണ് ഹനുമാൻ ക്ഷേത്രങ്ങളിൽ പ്രാധാന്യമുള്ള ദിവസം. മിക്കവാറും എല്ലാ വിഷ്ണു, ശിവ ക്ഷേത്രങ്ങളിലും ഉപ ദേവതയായെങ്കിലും ഹനുമാൻ സാന്നിദ്ധ്യം ഉണ്ടാകും.
മൂലമന്ത്രം
ഓം ഹം ഹനുമതേ നമ:
ഓം നമോ ഭഗവതേ ആഞ്ജനേയായ
മഹാബലായ സ്വാഹാ
പ്രാർത്ഥനാ മന്ത്രം
മനോജവം മാരുത തുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി