Saturday, 23 Nov 2024

വിഷുക്കണി എങ്ങനെ ഒരുക്കണം, കൈനീട്ടം എപ്പോൾ നൽകണം ?

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

വിഷു ദിവസം രാവിലെ ഇഷ്ടദേവനെ കാണുന്നതിനാണ് വിഷുക്കണി എന്നുപറയുന്നത്. മുപ്പത്തിമുക്കോടി ദേവകളുണ്ടെങ്കിലും കാർമുകിൽവർണ്ണനെയാണ് വിഷുക്കണി കാണാൻ നമുക്കെല്ലാം ഇഷ്ടം. വിഷുവിന്റെ തലേദിവസം രാത്രി വീട്ടിലെ പ്രായം കൂടിയ വ്യക്തിയുടെ നേതൃത്വത്തിൽ പൂജാമുറിയിൽ ശ്രീകൃഷ്ണ വിഗ്രഹത്തിന് ചുറ്റും വിഷുക്കണി ഒരുക്കുന്നു. പൂജാമുറിയുണ്ടെങ്കിൽ അവിടെ വിഷുക്കണി ഒരുക്കാം. അല്ലെങ്കിൽ വീട്ടിലെ ഏറ്റവും വൃത്തിയുള്ള പ്രധാന മുറിയിൽ കണി ഒരുക്കാം.

വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ

1 നിലവിളക്ക്
2 ഓട്ടുരുളി
3 ഉണക്കലരി
4 നെല്ല്
5 നാളികേരം
6 സ്വർണ്ണ നിറമുള്ള കണിവെള്ളരി
7 ചക്ക
8 മാങ്ങ, മാമ്പഴം
9 കദളിപ്പഴം
10 വാൽക്കണ്ണാടി (ആറന്മുള കണ്ണാടി)
11 ശ്രീകൃഷ്ണവിഗ്രഹം
12 കണിക്കൊന്ന പൂവ്
13 എള്ളെണ്ണ (വിളക്കെണ്ണ പാടില്ല )
14 വിളക്ക് തിരി
15 കോടിമുണ്ട്
16 ഗ്രന്ഥം
17 നാണയങ്ങൾ
18 സ്വർണ്ണം
19 കുങ്കുമം
20 കണ്മഷി
21 വെറ്റില
22 അടക്ക
23 ഓട്ടുകിണ്ടി
24 വെള്ളം

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്‌തുവും സത്വ, രജോ , തമോ ഗുണമുള്ളവയാണ്. ഇതിൽ വിഷു കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ.

തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്.

ഇത്രയുമായാൽ വാൽക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപമുണ്ട്.

ശ്രീകൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണ്ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനുമൊപ്പം വേണം വയ്‌ക്കാൻ. ലക്ഷ്‌മിയുടെ പ്രതീകമാണ് സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം മാത്രമല്ല ഏത് ഇഷ്ട ദൈവത്തിന്റെയും പ്രതിമയോ ചിത്രമോ ആകാം. ശ്രീകൃഷ്ണവിഗ്രഹം നടുക്ക് വച്ച് ഒരു ഓട്ടുരുളിയിൽ ഉണക്കലരിയിട്ട് അതിൽ ചക്ക, മാങ്ങ, വെള്ളരിക്ക, മുന്തിരി, ആപ്പിൾ തുടങ്ങി ഇഷ്ടമുള്ള ഫലങ്ങളെല്ലാം വയ്ക്കണം. ഒപ്പം ചെത്തിയ കരിക്ക് വയ്ക്കണം. അതില്ലെങ്കിൽ നാളികേരം മതി.

ഇതിനെല്ലാം ഏറ്റവും മുകളിലായി ആവശ്യം പോലെ കണിക്കൊന്ന വയ്ക്കുക. ശ്രീകൃഷ്ണന്റെ പ്രതിമ മാല ചാർത്തി അലങ്കരിക്കാം. സമീപം നെയ്യൊഴിച്ച് ഒരു വിളക്ക് കൊളുത്തി വയ്ക്കണം.

ഇങ്ങനെ രാത്രിയിൽ തയ്യാറാക്കുന്ന വിഷുക്കണി, വിഷുദിവസം ബ്രാഹ്മമുഹൂർത്തത്തിൽ കുടുംബത്തിൽ എല്ലാവരും കാണണം.

വീട്ടിലെ പ്രായമായ വ്യക്തിയാണ് എല്ലാത്തിനും നേതൃത്വം വഹിക്കേണ്ടത്. കുടുംബാംഗങ്ങളെ ഓരോരുത്തരെയായി പൂജാമുറിക്ക് മുമ്പിൽ കണ്ണു പൊത്തി കൊണ്ട് വരണം. വിളക്കും ഭഗവാനെയും ദ്രവ്യങ്ങളും കാണാൻ പാകത്തിൽ നിർത്തിയ ശേഷം കണ്ണ് തുറപ്പിക്കണം.

ഒരു വർഷം മുഴുവനും ഐശ്വര്യം ഉണ്ടാകാനുള്ള പ്രാർത്ഥനയാണ് ഇതിലൂടെ നിറവേറ്റുന്നത്. വർഷാരംഭത്തിന്റെ മംഗളകരമായ തുടക്കം കുറിക്കലാണ് വിഷുക്കണിയുടെ പൊരുൾ.

വിഷുക്കൈനീട്ടം ആരു നൽകണം

വിഷുക്കണി കണ്ടു കഴിഞ്ഞാൽ വിഷുക്കൈ നീട്ടം നൽകണം. ശ്രീകൃഷ്ണ വിഗ്രഹത്തിന് മുമ്പിൽ നിന്നും കണിക്കൊന്നയും ചേർത്ത് ഒരു നാണയം ഗൃഹനാഥനോ ഗൃഹനാഥയോ എല്ലാവർക്കും നല്കുന്നതാണ് വിഷുക്കൈനീട്ടം. കണികണ്ട് കഴിഞ്ഞാലുടനെ ഈ വർഷം സമൃദ്ധം ആകട്ടെയെന്ന അനുഗ്രഹത്തോടെ വിഷുക്കൈനീട്ടം കൊടുക്കുകയാണ് വേണ്ടത്. പ്രായത്തിൽ മുതിർന്ന എല്ലാവരും കൈനീട്ടം തരാൻ യോഗ്യരാണ്.

മൂന്നാളുകാരിൽ നിന്നും വേധ നക്ഷത്രജാതരിൽ നിന്നും അഷ്ടമ രാശിക്കാരിൽ നിന്നും കൈനീട്ടം വാങ്ങുന്നത് നല്ലതല്ല എന്ന് വിശ്വസിക്കുന്നവർ ഉണ്ട്. പറ്റുമെങ്കിൽ അവരിൽ നിന്നും കൈനീട്ടം വാങ്ങുന്നത് ഒഴിവാക്കണം.

കൈനീട്ടം ലഭിക്കുന്ന നാണയം അടുത്ത ഒരു വർഷം ബാഗിലോ, മേശയിലോ, പേഴ്‌സിലോ സൂക്ഷിക്കുന്നത് നല്ലതാണ്. കൈനീട്ടം വാങ്ങാൻ ഉത്സാഹിച്ചാൽപ്പോരാ, പ്രായം കൊണ്ടും സാമ്പത്തിക സ്ഥിതി കൊണ്ടും നമുക്ക് താഴെയുള്ളവർക്ക് കൈനീട്ടം കൊടുക്കുകയും വേണം. ക്ഷേത്രത്തിൽ വിഷു ദിവസം അന്നദാനം നടത്തുന്നതും നല്ലതാണ്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Vishu: Items needed for Vishukani and
How to arrange Vishukanni

error: Content is protected !!
Exit mobile version