Friday, 22 Nov 2024

വിഷു ശൂലഫലം: 6 നക്ഷത്രക്കാർ
വിചാരിക്കുന്നത് സാധിക്കും

2022 ഏപ്രിൽ 14, 1197 മേടം 1 വ്യാഴാഴ്ച രാവിലെ 8 മണി 41 മിനിട്ടിന് പൂരം നക്ഷത്രവും ചിങ്ങക്കൂറിൽ മേഷവിഷുസംക്രമം. ഇത്തവണ സംക്രമം മേടം ഒന്നിന് ഉദയത്തിന് ശേഷം ആയതിനാൽ ഏപ്രിൽ 15 നാണ് വിഷു ദിനമായി ആചരിക്കുക.

മേടസംക്രമം വ്യാഴാഴ്ചയാകയാൽ ആവശ്യത്തിന് മഴയും പകലാകയാൽ ദ്രവ്യനാശവും കലഹവും പൂരം നക്ഷത്രത്തിൽ ആകയാൽ വിജ്ഞാനികൾക്കും അശരണരായവർക്കും ക്ഷയാവസ്ഥയും മറ്റുള്ളവർക്ക് ക്ഷേമവും സുഭിക്ഷവും ചിങ്ങക്കൂറിൽ ആയതിൽ അഗ്‌നിഭയവും ത്രയോദശി തിഥിയിൽ ആയതിനാൽ കാലോചിതമായ വർഷവും തസ്‌കരവർദ്ധനവും വരാഹ കരണത്തിലാകയാൽ സസ്യസമൃദ്ധിയും സുഭിക്ഷവും ഇടവം രാശ്യുദയമാകയാൽ ബഹുവർഷവും സസ്യസമൃദ്ധിയും ജലഭൂതോഭയത്തിലാകയാൽ അതിവർഷവും സകലസസ്യസമൃദ്ധിയും ഫലമാകുന്നു.
ശൂലഫലങ്ങൾ
മകം, പൂരം, ഉത്രം
– ആദിശൂലം – ഈനാളുകളിൽ ജനിച്ചവർക്ക് 1197 മേടം ഒന്നു മുതൽ ഒരു വർഷം പലതരത്തിലുള്ള ക്ലേശങ്ങളും അരിഷ്ടതയും ധനദ്രവ്യങ്ങൾക്ക് ക്ഷയാവസ്ഥയും ഉണ്ടാകും. അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട എന്നീ ആറു നക്ഷത്ര ജാതർക്ക് വിചാരിക്കുന്ന കാര്യങ്ങൾ ഈശ്വരധ്യാനത്താൽ സാധിക്കും. സൗഖ്യവും സമാധാനവും പ്രത്യേകിച്ച് ആരോഗ്യവും സർവ്വാർത്ഥ ലാഭവും ഫലം.

മൂലം, പൂരാടം, ഉത്രാടം – മദ്ധ്യശൂലം – ഈ നാളുകളിൽ ജനിച്ചവർക്ക് കുടുംബകലഹം അരിഷ്ടത, വാഹനപകടം, ധനനഷ്ടം, മാനഹാനി, രോഗപീഡ, ദാമ്പത്യ സുഖക്കുറവ് ജോലിനഷ്ടം എന്നിവ ഫലം. തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നീ ആറു നാളുകാർക്ക് പ്രതാപവും ഐശ്വര്യവും വിശേഷ സ്ഥാനമാനങ്ങളും സൗഭാഗ്യവും സൽകീർത്തിയും സമ്പൽസമൃദ്ധിയും ദാമ്പത്യ ഐക്യവും ഫലം.

അശ്വതി, ഭരണി, കാർത്തിക – അന്ത്യശൂലം – ഈ നാളുകാർക്ക് അഗ്‌നി ആയുധഭീതി, അപകടങ്ങൾ ത്വക്‌രോഗങ്ങൾ, പകർച്ചവ്യാധി, മനോവിഷമം, ശത്രുഭീതി, ആലസ്യം, ഉൾഭയം, ഉന്മേഷരാഹിത്യം, തൊഴിൽക്ഷയം, എന്നിവ ഫലം. രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം എന്നീ ആറു നാളുകാർക്ക് രാജബഹുമാന പ്രീതി, സൽകീർത്തി കുടുംബസൗഖ്യം പ്രതാപം കർമ്മവ്യാപാര വ്യവസായാദി ഗുണാനുഭവങ്ങൾ സ്ഥാനമാനങ്ങൾ എന്നിവ ഫലം.

ദേവതാ ഫലങ്ങൾ
പൂയം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്തൃട്ടാതി, ഭരണി, മകയിരം, എന്നീ നക്ഷത്രക്കാർക്ക് ബ്രഹ്‌മാവ് ദേവത: ഗുണദോഷസമ്മിശ്രഫലം. ഉത്രം, ചോതി,
തൃക്കേട്ട, ഉത്രാടം, ചതയം, രേവതി, കാർത്തിക, തിരുവാതിര, ആയില്യം എന്നീ നക്ഷത്രക്കാർക്ക് വിഷ്ണു ദേവത : ബ്രാഹ്‌മപ്രസാദം ഫലം. അത്തം, വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി, അശ്വതി, രോഹിണി, പുണർതം, മകം എന്നീ 9 നക്ഷത്രക്കാർക്ക് മഹേശ്വരൻ ദേവത: മനോവ്യസനാദിദു:ഖവും ഫലം.
വിഷു ഫലങ്ങൾ കാരണമുണ്ടാകുന്ന ദോഷങ്ങൾക്ക് പരിഹാരമായി ശ്രീകൃഷ്ണസ്വാമിക്ക് തൃക്കൈവെണ്ണ, പാൽ പായസം, തുളസിഹാരം, ത്രിമധുരം എന്നിവയും വിഷ്ണു ഭഗവാന് ഭാഗ്യസൂക്തം, ശിവഭഗവാന് കൂവള മാല, ജലധാര, മൃത്യുഞ്ജയാർച്ചന എന്നിവ ചെയ്യുന്നത് നല്ലത്.

Story Summary: Vishu Phalam 1197


error: Content is protected !!
Exit mobile version