Saturday, 23 Nov 2024

വിഷു, ഷഷ്ഠി, ശ്രീരാമനവമി, ആയില്യം, ഏകാദശിതൃശൂർ പൂരം ; ഈ ആഴ്ചയിലെ നക്ഷത്ര ഫലം

( 2024 ഏപ്രിൽ 14 – 20 )

ജ്യോതിഷരത്നം വേണു മഹാദേവ്

മിഥുനക്കൂറ് തിരുവാതിര നക്ഷത്രം ഒന്നാം പാദത്തിൽ 2024 ഏപ്രിൽ 14 ന് തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന
വിശേഷങ്ങൾ വിഷുക്കണി,ഷഷ്ഠി വ്രതം, ആയില്യം, ശ്രീരാമനവമി, തൃശൂർ പൂരം, ഏകാദശി എന്നിവയാണ്. വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് വരുന്ന വർഷത്തെ ഐശ്വര്യത്തിൻ്റെ തിരുമുൽക്കാഴ്ചയായ വിഷുക്കണി. സന്താനക്ഷേമത്തിനും സർവൈശ്വര്യത്തിനും ഉത്തമമായ, സുബ്രഹ്മണ്യ പ്രീതികരമായ ഷഷ്ഠിവ്രതവും അന്ന് തന്നെ ആചരിക്കുന്നു. തമിഴ് പുതുവർഷാരംഭവും ഏപ്രിൽ 14 നാണ്. ഏപ്രിൽ 17നാണ് ശ്രീരാമ നവമി. ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ തിരുഅവതാരദിനമാണ് ചൈത്രത്തിലെ നവമി. അന്ന് മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമചന്ദ്ര ദേവനെയും ഭഗവാന്റെ സർവോൽകൃഷ്ട ദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കുന്നതിന് വിശിഷ്ടമാണ്. ഹനുമദ് ജയന്തി ചൈത്രപൂർണ്ണിമയായ ഏപ്രിൽ 23 ന് ആചരിക്കുന്നു. ഏപ്രിൽ 17 ബുധനാഴ്ച തന്നെയാണ് ആയില്യ പൂജ. നാഗദേവതകളുടെ അനുഗ്രഹം നേടാൻ ഉത്തമമായ ദിവസമാണ് മേടത്തിലെ ആയില്യം. ഏപ്രിൽ 19 നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച 200 വർഷത്തെ പാരമ്പര്യമുള്ള തൃശൂർ പൂരം മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന് ആഘോഷിക്കും. ഗജവീരന്മാർ അണിനിരക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേളവും പഞ്ചവാദ്യവും കുടമാറ്റവും പുലരും മുൻപുള്ള വെടിക്കെട്ടുമാണ് തൃശൂർ പൂരത്തിന്റെ ആകർഷണം. ശകവർഷത്തിലെ ആദ്യത്തെ ഏകാദശി
എന്ന പ്രത്യേകതയുണ്ട് കാമദാ ഏകാദശിക്ക്. 2024 ഏപ്രിൽ 17 വെള്ളിയാഴ്ചയാണ് മേടത്തിലെ ശുക്ലപക്ഷ ഏകാദശിയായ കാമദാ ഏകാദശി. അന്ന് പകൽ 1:28 നും രാത്രി 2:45 നും മദ്ധ്യേയാണ് ഹരിവാസര വേള. ഏപ്രിൽ 20ന് ഉത്രം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ഭാഗ്യവും ഈശ്വരാധീനവും ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. വരുമാനവും ചെലവും വർദ്ധിക്കും. പക്ഷേ സാമ്പത്തിക വിഷമങ്ങൾ ഒഴിയില്ല. ഗൃഹസംബന്ധമായ പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കാണാൻ കഴിയും. മക്കൾക്കായി ധാരാളം പണം ചെലവഴിക്കും. ചുമതലകൾ അനായാസം പൂർത്തിയാക്കും. ദാമ്പത്യത്തിൽ ബുദ്ധിമുട്ട്
അനുഭവിക്കും. ജോലിയിൽ അശ്രദ്ധ ദോഷം ചെയ്യും. കുടുംബപരമായ ചുമതലകൾ നിറവേറ്റും. നഷ്ടപ്പെട്ട ചില വസ്തുക്കൾ തിരിച്ചു കിട്ടും. ദൗർബല്യങ്ങൾ ശത്രുക്കൾ മുതലെടുക്കും. ഓം നമോ നാരായണായ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3 , 4 രോഹിണി, മകയിരം 1, 2 )
സ്വയം ഉൾവലിയാൻ ശ്രമിക്കും. ഭൂതകാല ചിന്തകൾ മാനസിക സമ്മർദം വർദ്ധിപ്പിക്കും. സാമ്പത്തികമായ വെല്ലുവിളികൾ ഉടൻ ഏറ്റെടുക്കരുത്. ജീവിത രീതിയിൽ ചില മാറ്റങ്ങൾ വരുത്തും. ആരോഗ്യ സംബന്ധമായി ഒട്ടും തന്നെ ഉദാസീനത പാടില്ല. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ശക്തമായ ചില തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതമാകും. ആത്മവിശ്വാസം വർദ്ധിക്കും. അംഗീകാരം ലഭിക്കും. ബന്ധുമിത്രാദികളിൽ നിന്നും ഗുണമുണ്ടാകും. വ്യാപാര രംഗത്ത് നേട്ടമുണ്ടാക്കും. കഠിനാദ്ധ്വാനം ഗുണം ചെയ്യും. നിത്യവും ഓം വചത്ഭുവേ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
കുടുംബാഗങ്ങളുടെ ഇഷ്ടം നേടും. ആത്മധൈര്യവും കർമ്മശേഷിയും വീണ്ടെടുക്കും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. പണം അല്ലെങ്കിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നവീനമായ പദ്ധതികൾ അംഗീകരിക്കപ്പെടും. തൊഴിൽപരമായി പുരോഗതി നേടും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റും. അസൂയക്കാരുടെ ഉപദ്രവം കൂടും. കുടുംബാംഗത്തിന്റെ ആരോഗ്യപ്രശ്നത്തിന് നല്ല ചികിത്സ നൽകാൻ കഴിയും. കുറച്ചു കാലം മുൻപ് അപേക്ഷിച്ച വായ്പ ലഭിക്കും. ഗൃഹ നിർമ്മാണത്തിന് നീക്കം നടത്തും. സന്തോഷ വാർത്ത കേൾക്കും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സന്ദർഭങ്ങളിൽ സ്വജനങ്ങൾ സഹായത്തിനെത്തും. ബിസിനസ് രംഗത്ത്
കുതിച്ചുചാട്ടം നടത്തും. യാത്രകൾ പ്രയോജനം ചെയ്യും. ചെലവ് നിയന്ത്രിക്കും. തെറ്റിദ്ധരണകൾ പരിഹരിക്കും. അവസരങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തും. പൊതുരംഗത്ത് അംഗീകാരം, മാന്യത ലഭിക്കും. പ്രധാന തീരുമാനം എടുക്കും. ഗൃഹത്തിൽ ചില അറ്റകുറ്റപ്പണികൾ നടത്തും. തൊഴിൽരംഗത്ത് പ്രയാസവും തടസ്സങ്ങളും നേരിടും. മറ്റുള്ളവരുടെ ജോലികൾ ഏറ്റെടുക്കേണ്ടി വരും. ഇഷ്ടമുള്ള പങ്കാളിയെ കണ്ടെത്താൻ കഴിയും. ശിവപ്രീതി നേടണം. നിത്യവും 108 ഉരു ഓം നമഃ ശിവായ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
ജീവിതം ആസ്വദിക്കും. ദുശീലങ്ങൾ അകറ്റും. നല്ലജോലി കിട്ടാൻ സാധ്യതയുണ്ട്. വായ്പകൾ അടച്ചു തീർക്കും. പ്രണയ ജീവിതത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടാകും. ഔദ്യോഗിക ജീവിതത്തിൽ നേട്ടം കൈവരിക്കും. പുതിയ ആശയങ്ങൾ പ്രയോജനപ്പെടുത്തി ലാഭവും വരുമാനവും വർദ്ധിപ്പിക്കും. പ്രിയപ്പെട്ടവരിൽ നിന്ന് ഒന്നും തന്നെ മറച്ച് വയ്ക്കരുത്. കരാറുകളിൽ ഒപ്പിടും മുൻപ് അത് നന്നായി പരിശോധിക്കണം. ബുദ്ധിപരമായ നീക്കങ്ങളിലൂടെ കുടുംബപ്രശ്നങ്ങൾക്ക് പോംവഴി കണ്ടെത്തും. തെറ്റുകൾ തിരുത്തും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. മാനസിക സമ്മർദ്ദം കുറയും. പിണക്കങ്ങൾ മാറ്റും. അർഹമായ ആനുകുല്യം കിട്ടും. ഓം ഗം ഗണപതയേ നമഃ ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
ജോലിഭാരം വർദ്ധിക്കും. ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നേറും. വരുമാനം വർദ്ധിക്കും. യാത്രകൾ
പ്രയോജനം ചെയ്യും. ഭൂമി ക്രയവിക്രയം വഴി മികച്ച ലാഭം പ്രതീക്ഷിക്കാം. മുടങ്ങിപ്പോയ പദ്ധതികൾക്ക് വീണ്ടും ജീവൻവയ്ക്കും. ഒരു വിനോദയാത്രയക്ക് പദ്ധതിയിടും. വിദേശ യാത്രാതടസം മാറും. ശുഭചിന്തകൾ വർദ്ധിക്കും. അഭിപ്രായ ഭിന്നത, തർക്കം പരിഹരിക്കാൻ ശ്രമിക്കണം. വിലപിടിപ്പുളള വസ്തുക്കൾ നഷ്ടപ്പെടാതെ നോക്കണം. അപ്രതീക്ഷിതമായി വിരുന്ന് സൽക്കാരം നടത്തും. എന്നും ഓം നമോ ഭഗവതേ വാസുദേവായ 108 ഉരു ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ജോലിയിൽ കുടുതൽ ശ്രദ്ധപുലർത്തും. ഭാവി ഭദ്രമാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കും. വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ ആവശ്യം നിറവേറ്റും. കോടതി വ്യവഹാരങ്ങൾ അനുകൂലമായി കലാശിക്കും. പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും. ഊർജ്ജസ്വലത വീണ്ടെടുക്കാൻ കഴിയും. പ്രതികൂലമായ സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി കരുതൽ നടപടികളെടുക്കും.
വ്യാപാരത്തിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. പുതിയൊരു സംരംഭം ലാഭകരമാകും. ആത്മവിശ്വാസം പ്രകടിപ്പിക്കും.
ഓം ഹം ഹനുമേ നമഃ നിത്യവും 108 തവണ ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
മറ്റുള്ളവരെ നന്നാക്കാൻ ശ്രമിച്ച് സമയം കളയരുത്. ആരോഗ്യം ശ്രദ്ധിക്കണം. ആർക്കും തന്നെ പണം കടം നൽകരുത്. സൗമ്യമായി സംസാരിക്കാനും പെരുമാറാനും ശ്രമിക്കണം. ഭൂമി അല്ലെങ്കിൽ വാഹനം വാങ്ങും. വളരെ വേണ്ടപ്പെട്ടവർ നിങ്ങളെ മനസ്സിലാക്കുന്നില്ലെന്ന് തോന്നും. തീരുമാനങ്ങളിൽ ഉറച്ച് നിൽക്കും. തെറ്റിദ്ധാരണകൾ പരിഹരിക്കും. ഏത് സാഹചര്യത്തിലും പതറാതെ പിടിച്ചു നിൽക്കും. അപ്രതീക്ഷിതമായി നല്ല ധനലാഭമുണ്ടാകും. വിവാഹക്കാര്യത്തിൽ തീരുമാനമെടുക്കും. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. പുതിയൊരു ആശയം പ്രാവർത്തികമാക്കും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകും. പൂർത്തിയാകാത്ത ജോലികൾ തീർക്കും. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ചെലവ് വർദ്ധിക്കും. ചില ആഗ്രഹങ്ങൾ സാധിക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ താല്പര്യം കാട്ടും. ഭൂമി സംബന്ധിച്ച രേഖ ശരിയാക്കാനാകും. ആഭരണങ്ങൾ, ഗൃഹോപകരണം തുടങ്ങിയവ വാങ്ങും. സഹോദരങ്ങൾ സഹായിക്കും. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തും. യാത്രകൾ പ്രയോജനം ചെയ്യും. കാർഷിക ജോലികൾക്ക് മേൽനോട്ടം വഹിക്കും. വിദേശബന്ധം പ്രയോജനം ചെയ്യും. ഗുണമില്ലാത്ത കാര്യങ്ങൾക്കായി വെറുതെ സമയം കളയരുത്. പൂർവിക സ്വത്ത് ലഭിക്കും. പ്രണയ ബന്ധം ശക്തമാകും. ഏറ്റെടുത്ത ജോലികൾ വച്ചു താമസിപ്പിക്കരുത്. മുതിർന്നവരുടെ അനുമോദനം ലഭിക്കും. നിത്യവും ഓം ഗം ഗണപതയേ നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആരോഗ്യം മെച്ചപ്പെടും. വീട്ടിൽ അഭിപ്രായ ഭിന്നതയ്ക്ക് സാദ്ധ്യത കൂടുതലാണ്. പ്രശ്നം പരിഹരിക്കാൻ തുറന്ന
മനസ്സോടെ സംസാരിക്കണം. ചിരകാലമോഹം നടക്കും. ഉന്നതരുമായുള്ള അടുപ്പം പ്രയോജനം ചെയ്യും. ഭൂമി, വാഹനം വാങ്ങും. പ്രതികൂലമായ സാഹചര്യങ്ങൾ വേഗം മറികടക്കാൻ കഴിയും. കാർഷിക ആദായം വർദ്ധിക്കും. ഒരു പങ്കാളിത്ത സംരംഭത്തിൽ കൂടുതൽ പണം മുടക്കും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. കലാരംഗത്തുള്ളവർക്ക്
പ്രതിസന്ധികൾ നേരിടും . ഈശ്വരചിന്ത ശക്തമാകും. തൊഴിൽപരമായ അരക്ഷിതത്വം വളരെ ബുദ്ധിമുട്ടിക്കും. സുബ്രഹ്മണ്യ പ്രീതിക്ക് ഓം ശരവണ ഭവഃ ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുട്ടാതി 1, 2, 3 )
ആത്മവിശ്വസം വർദ്ധിക്കും. കർമ്മരംഗത്ത് പുരോഗതി ലഭിക്കും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. എടുത്തു ചാട്ടം നിയന്ത്രിക്കണം. സ്വജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടും. ആഗ്രഹിച്ച തരത്തിൽ കാര്യങ്ങൾ നീക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനഭാഗ്യം കാണുന്നു. സാമ്പത്തികമായി നേട്ടങ്ങൾ കൈവരിക്കും. ജീവിതപങ്കാളിയുടെ സ്നേഹവും പ്രാധാന്യവും കൃത്യമായി ബോധ്യമാകുന്ന സന്ദർഭമുണ്ടാകും. പ്രതീക്ഷിച്ച സഹായം ലഭിക്കാത്തത് തിരിച്ചടിയാകും. പഴയകാല അബദ്ധങ്ങൾ തിരുത്തും. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മീനക്കൂറ്
( പൂരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
കാടുകയറിയുള്ള ചിന്ത മനസംഘർഷം വർദ്ധിപ്പിക്കും. പുതിയ പദ്ധതിക്ക് സർക്കാറിൽ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള തടസങ്ങൾ മാറും. സഹോദരങ്ങളുടെ സഹായം കിട്ടും തീരുമാനങ്ങൾ കർശനമായി നടപ്പാക്കും. അപ്രതീക്ഷിത നേട്ടം ലഭിക്കും. യാത്രകൾ വേണ്ടി വരും. ആഗ്രഹം സാധിക്കും. ചുമതലകൾ നിറവേറ്റും. കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കും. ദീർഘകാല നിക്ഷേപം നടത്തുന്നതിന് അനുയോജ്യമായ സമയമാണ്. പഴയ ചില ബന്ധങ്ങൾ പുന:സ്ഥപിക്കും. നല്ല വാർത്ത കേൾക്കും. ഗൃഹത്തിൽ സന്തോഷകരമായ കൂടിച്ചേരലുകൾ നടക്കും. ശിവപ്രീതിക്ക് നിത്യവും ഓം നമഃ ശിവായ ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Summary: Weekly Star predictions based on moon sign

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version