Wednesday, 18 Sep 2024

വിഷ്ണുവിനെ ആരാധിച്ചാൽ എല്ലാ ദോഷവുംമാറും; കുടുംബത്തിന് ശ്രേയസ്സ് ഉണ്ടാകും

മംഗള ഗൗരി
നവഗ്രഹങ്ങളിൽ സർവ്വേശ്വരകാരകനായ വ്യാഴത്തിൻ്റെ ദേവനാണ് മഹാവിഷ്ണു. ഭഗവാൻ്റെ അവതാരങ്ങളെ ബുധനെക്കൊണ്ട് ചിന്തിക്കണം. ജാതകത്തിലും പ്രശ്ന ചിന്തയിലും മുഹൂർത്ത വിഷയത്തിലും വ്യാഴത്തിൻ്റെ അനുകൂല സ്ഥിതി നോക്കിയാണ് സദാ ഈശ്വരാധീനം കണക്കാക്കുന്നത്. ജ്ഞാനം, സന്താനങ്ങൾ എന്നിവ നൽകുന്നതും വ്യാഴമാണ്. സന്താനകാരകനും വ്യാഴമാണ് – വ്യാഴദശാകാലം അനുഭവിക്കുന്നവരും ചാരവശാൽ വ്യാഴം അനിഷ്ട സ്ഥിതിയിലായവരും വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് വിഷ്ണുവിനെ ആരാധിക്കുകയാണെങ്കിൽ ദോഷങ്ങൾ അകന്നു പോകുകയും ഗുണാനുഭവങ്ങൾ സിദ്ധിക്കുകയും ചെയ്യും. ചാരവശാൽ വ്യാഴം 3,6,8,12 എന്നീ ഭാഗങ്ങളിൽ സഞ്ചരിക്കുമ്പോഴാണ് പൊതുവേ മനുഷ്യർക്ക് അനർത്ഥങ്ങൾ സംഭവിക്കാറുള്ളത്. ഇതിൽ നിന്നുള്ള മോചനത്തിന് ആരാധിക്കേണ്ടത് വിഷ്ണു ഭഗവാനെയാണ്‌. വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം ജപം, ഭാഗവത പരായണം, നാരായണീയ പരായണം എന്നിവയെല്ലാം ഉത്തമങ്ങളാണ്. വ്യാഴാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുന്നവൻ അന്നേ ദിവസം മഞ്ഞ വസ്ത്രം ധരിക്കുന്നതും, മഞ്ഞപൂക്കൾ, തുളസി തുടങ്ങിയവയാൽ വിഷ്ണുവിന് അർച്ചന നടത്തുന്നതും നല്ലതാണ്.വ്യാഴാഴ്ച ദിവസം വ്രതം അനുഷ്ഠിച്ച് വിഷ്ണുവിനെ ആരാധിച്ചാൽ സന്താനലാഭവും സന്തതികളുടെ ഉന്നതിയും ഫലമായി പറയാറുണ്ട്.

വിദ്യാഭ്യാസ വിജയത്തിനും കർമ്മതടസങ്ങൾ മാറാനും ബുദ്ധിസാമർത്ഥ്യം കൈവരുന്നതിനും ബുധനാഴ്ച ദിവസം വിഷ്ണുഭഗവാനെ ഉപാസിക്കുന്നത് ഉത്തമമാണ്. രോഹിണി, പുണർതം, തിരുവോണം എന്നീ മൂന്ന് നക്ഷത്രങ്ങളാണ് വിഷ്ണുവിന് പ്രധാനപ്പെട്ടത്. ഈ നക്ഷത്രത്തിൽ ജനിച്ചവർ പതിവായി വിഷ്ണു ഭഗവാനെ ആരാധിക്കുകയാണെങ്കിൽ സദ്ഫലങ്ങൾ ലഭിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളുടെ അധിപതി വ്യാഴമാണ്. ഇവർ പതിവായി വ്യാഴാഴ്ച ദിവസം, വിഷ്ണുവിനെ ആരാധിക്കുകയാണെങ്കിൽ വിഘ്നങ്ങൾ അകന്നു പോകുന്നതാണ്. ആയില്യം, തൃക്കേട്ട, രേവതി എന്നീ നക്ഷത്രങ്ങളുടെ നാഥൻ ബുധനാണ്. ഇവർ പതിവായി ബുധനാഴ്ച തോറ്റു ശ്രീകൃഷ്ണനെ ആരാധിക്കുകയാണെങ്കിൽ എല്ലാവിധ ദോഷങ്ങളും അകന്നു പോകും.

പാൽപായസം, നെയ് വിളക്ക്, കളഭച്ചാർത്ത്, പുരുഷസൂക്താർച്ചന, ലക്ഷ്മീ നാരായണ പൂജ തുടങ്ങിയവയാണ് വിഷ്ണു ക്ഷേത്രത്തിൽ പതിവായി ചെയ്യാവുന്ന വഴിപാടുകൾ. സുകൃതഹോമം, സായൂജ്യപൂജ, കാൽ കഴുകിച്ചൂട്ട് തുടങ്ങിയ വഴിപാടുകളും വിഷ്ണു ക്ഷേത്രങ്ങളിൽ നടത്താറുണ്ട്. പൂർവ്വജന്മ ശാപങ്ങൾക്കും പാപദോഷങ്ങൾക്കും ബ്രഹ്മസ്വം ദേവസ്വം, മുതലായവയുടെ സ്വത്ത് അപഹരിക്കുകയോ നശിപ്പിക്കുകയോ ചെയ്തതു മൂലമുണ്ടാകുന്ന ദോഷം എന്നിവയ്ക്കെല്ലാം പരിഹാരമായി ആരാധിക്കേണ്ടത് വിഷ്ണുവിനെയാണ് . മറ്റ് ദേവന്മാരെയും ആരാധിച്ചാൽ ആരാധിക്കുന്ന വ്യക്തിക്കാണ് ശ്രേയസ്സുണ്ടാകുക, എന്നാൽ വിഷ്ണുവിനെ ആരാധിച്ചാൽ വ്യക്തിയുടെ കുടുംബത്തിനും വംശത്തിനും തന്നെ ശ്രേയസ്സ് ഉണ്ടാകും.

Story Summary: Significance Lord Maha Vishnu Worshipping

error: Content is protected !!
Exit mobile version