Sunday, 24 Nov 2024

വീടിനുള്ളിൽ ഇളം നിറങ്ങൾ ; ഹാളിൽ പരേതരുടെ ചിത്രങ്ങൾ പാടില്ല

വീടിനകത്ത് മുറികളിലും ഹാളിലും മറ്റും നിറങ്ങൾ കൊടുക്കുമ്പോഴും ചുമരുകൾ അലങ്കരിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഗൃഹത്തിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കുന്നതിന് വാസ്തു ശാസ്ത്രപരമായി നല്ലതാണ്. വീടിനകത്ത് ഇളം നിറങ്ങളാണ് ഉപയോഗിക്കേണ്ടത്. തീർച്ചയായും ഇത് വിവിധ സ്വഭാവക്കാരായ മനുഷ്യമനസുകളെയും ആകർഷിക്കും. ശയനമുറിയിൽ പ്രത്യേകിച്ച് പ്രധാന ബെഡ്‌റൂമിൽ പച്ച കലർന്ന ലൈറ്റ് കളേഴ്‌സും നീല അടങ്ങിയ ലൈറ്റ് കളേഴ്‌സും നല്ലതാണ്. കുട്ടികളുടെ ശയന മുറികളിലും പഠനമുറികളിലും അല്പം ഡാർക്ക് കളർ വരുന്നതിൽ തെറ്റില്ല. പുറത്തു നിന്നുള്ള പ്രകാശ വ്യാപനം കുറഞ്ഞ മുറികളിൽ പരിപൂർണ്ണമായും വെള്ള നിറം മാത്രം ഉപയോഗിക്കണം.

ചില വീടുകളിൽ വീടിനകത്ത് മുൻവശത്തെ ഹാളിലെ ചുമരിൽ പരേതരായ പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ മാലയിട്ട് നിരത്തി വച്ചിരിക്കുന്നത് കാണാം. അങ്ങനെ ചെയ്യാൻ പാടില്ല. അത് ഒഴിവാക്കുക തന്നെ വേണം. മരണമടഞ്ഞവരുടെ ചിത്രങ്ങൾ വീടിനകത്ത് ഒരു മുറിയിൽ തെക്കേ ചുമരിലോ വടക്കേ ചുമരിലോ സ്ഥാപിക്കാവുന്നതാണ്. പൂജാമുറിയിലും ഇത്തരം ചിത്രങ്ങൾ വയ്ക്കരുത്. മനസിന് കുളിർമ്മ തോന്നിക്കുന്ന മന‌സിനെ ആകർഷിക്കുന്ന ചിത്രങ്ങളാണ് ഡ്രായിംഗ് ഹാളിലും ലിവിംഗ് ഹാളിലും സ്ഥാപിക്കേണ്ടത്. ഭയപ്പെടുത്തുന്ന ചിത്രങ്ങൾ, രൂപങ്ങൾ എന്നിവയും വീട്ടിനകത്ത് വയ്ക്കരുത്. പ്രകൃതിക്ഷോഭത്താൽ ആടി ഉലയുന്ന വൃക്ഷങ്ങൾ, കൊടുങ്കാറ്റിൽപ്പെട്ട് കടലിൽ മുങ്ങുന്ന കപ്പലുകൾ, കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ പണ്ട് കാലത്തെ വീടുകളിൽ സ്ഥാപിച്ചിരുന്ന കാലഹരണപ്പെട്ട പോത്തിന്റെ കൊമ്പ്, കാലമാന്റെ കൊമ്പ് എന്നിവയും സ്വീകരണ മുറിയിൽ നിന്നും മറ്റ് ചുവരുകളിൽ നിന്നും ഒഴിവാക്കണം.

പി.എം. ബിനുകുമാർ ,
+919447694053

error: Content is protected !!
Exit mobile version