Saturday, 21 Sep 2024

വീട്ടിലേക്കുള്ള ചവിട്ടുപടി ഇരട്ട സംഖ്യയിൽ വേണം

വീട്ടിലേക്ക് കയറുന്ന പടികൾ ഇരട്ട സംഖ്യയിൽ നിൽക്കണം. 2,4,6,8 ക്രമത്തിൽ വേണം ചവിട്ടുപടികൾ. ഇത് ഒരിക്കലും ഒറ്റ സംഖ്യയിൽ വരരുത്. പരമ്പരാഗത വിശ്വാസം  അനുസരിച്ച് ലാഭം, നഷ്ടം, ലാഭം എന്ന രീതിയിൽ ലാഭത്തിലേക്ക്  വേണം എപ്പോഴും കാലെടുത്ത്  വയ്ക്കേണ്ടത്. സ്റ്റെയർകേസിന്റെ പടികൾ ആയാലും ഇതു തന്നെയാണ് തത്ത്വം . വീടിന്റെ കട്ടിളപ്പടി, ജനൽ എന്നിവയും ഇരട്ട സംഖ്യയിൽ വരുന്നതാണ് ഉത്തമം. അങ്ങനെയുള്ള വീടുകളിൽ ഐശ്വര്യവും സമ്പദ് സമൃദ്ധിയുമുണ്ടാകുമെന്നാണ് പഴമക്കാർ പറഞ്ഞു തന്നിട്ടുള്ളത്.

ഒരു വീടിന്റെ തറ ഉയരം 78 സെന്റീമീറ്ററായി കണക്കാക്കുക; അപ്പോൾ ചവിട്ടുപടികളുടെ എണ്ണം നാല് ആകും.ഇതാണ് കണക്ക് ;  പടികളിൽ ചവിട്ട് ഇരട്ടയായി വരണം എന്ന് പ്രധാനമായും പ്രതിപാദിച്ചിട്ടുള്ളത്  ക്ഷേത്രവാസ്തുവിലാണ്. തന്ത്ര സമുച്ചയത്തിൽ ഇത് വിശദമായി വിവരിക്കുന്നുണ്ട്. അത് പിൻതുടർന്നാണ് രണ്ട്, നാല് ക്രമത്തിൽ   ചവിട്ടുപടി ലാഭം വരത്തക്ക വിധം വീടുകളിലും സ്ഥാപനങ്ങളിലും ക്രമീകരിക്കുന്നത്. അല്ലാത്ത പക്ഷം നഷ്ടം സംഭവിക്കും എന്ന വിശ്വാസം കാരണം  മിക്കവരും ഇത് കർശനമായി പാലിച്ച് വരുന്നു.  

ഈ ഇരട്ടപടികളുടെ ശാസ്ത്രീയവശം മറ്റൊന്നാണ്. മനുഷ്യർക്ക് എല്ലാ അവയവങ്ങളും ഹൃദയവും തലച്ചോറും ഒഴിച്ച്  രണ്ട് വീതം ഉണ്ട്.  ഇരട്ട അവയവങ്ങളിൽ കൈ ആകട്ടെ, കാൽ ആകട്ടെ ഇവയിൽ ഒരെണ്ണത്തിന് കൂടുതൽ സ്വാധീനം  കാണും. കാലിന്റെ കാര്യത്തിൽ മിക്കവാറും എല്ലാവർക്കും ഒരെണ്ണത്തിനു മാത്രമാണ് കൂടുതൽ സ്വാധീനം ഉണ്ടാവുക.  ഒരു ചവിട്ടുപടി അല്ലെങ്കിൽ ഒരു ഗോവണി കയറുമ്പോൾ സ്വാധീനമുള്ള കാൽ ആദ്യം ഉയർത്തി വയ്ക്കും. ഇപ്രകാരം ഗോവണി കയറിയ ശേഷം സ്ഥിരമായി നിൽക്കാൻ ഏറ്റവും സ്വാധീനമുള്ള കാൽ ഊന്നണം. ബലമുള്ള കാൽ ഊന്നി കയറ്റം കഴിഞ്ഞ് നിന്നാൽ  ആരോഗ്യക്കുറവുള്ളവർക്ക് ചിലപ്പോൾശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടാം. ഇത് വീഴ്ചയ്ക്ക് കാരണമാകാം. 
എന്നാൽ പടികൾ ഇരട്ടയായാൽ കയറാൻ തുടങ്ങിയ സ്വാധീനമുള്ള കാലിൽത്തന്നെ കയറ്റം മുഴുവനാക്കി നിൽക്കാനാകും.ഉദാഹരണത്തിന് ഈ തത്ത്വത്തിന്റെ ശാസ്ത്രീയമായ പ്രായോഗിക നിരീക്ഷണം നോക്കാം. എസ്‌കലേറ്ററിൽ  കയറുന്ന  ആൾ ആ ഗോവണിയിൽ പ്രവേശിക്കുന്നത് എപ്പോഴും കൂടുതൽ സ്വാധീനമുള്ള കാൽ ഉപയോഗിച്ചായിരിക്കും. ഇനി ഗോവണിയുടെ കയറ്റം അവസാനിക്കാൻ തുടങ്ങുമ്പോൾ അതിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോൾ അവരറിയാതെ കാൽ മുന്നോട്ടോ പുറകോട്ടോ വലിച്ചുകൊണ്ട് സ്വാധീനമുള്ള കാലിൽ തന്നെ ഉറച്ചു നിൽക്കാൻ ശ്രമിക്കും. 
ഈ തത്ത്വം താത്ത്വികമായി പറഞ്ഞാൽ സാധാരണക്കാരിൽ ഏശാത്തതിനാൽ ലാഭം, നഷ്ടം, കണക്ക് പറയുമ്പോൾ അവർ അത് താനെ അനുസരിക്കും എന്നതായിരിക്കണം പഴമക്കാരുടെ ചിന്താഗതി.

error: Content is protected !!
Exit mobile version