Friday, 22 Nov 2024

വീട്ടിൽ ഇരിക്കുന്ന ഗണപതി വിഗ്രഹം; ജോലിസ്ഥലത്ത് നിൽക്കുന്ന രൂപം

തരവത്ത് ശങ്കരനുണ്ണി
വിഘ്‌നേശ്വരനാണ് ഗണപതി. ഏതൊരു കര്‍മങ്ങളും ആദ്യം തുടങ്ങുമ്പോള്‍ തടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഗണപതിയെ പ്രസാദിപ്പിക്കണം. അതിനാല്‍ ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോഴും ശ്രദ്ധിക്കണം.

സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില്‍ വെളുത്ത ഗണപതി വിഗ്രഹം വേണം വീട്ടില്‍ വയ്‌ക്കേണ്ടത്.

വ്യക്തിപരമായ ഉയര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ കുങ്കുമവര്‍ണത്തിലെ ഗണപതി വിഗ്രഹം ആണ് വേണ്ടത്.

വീട്ടിലേയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാന്‍ ഗണപതിയുടെ ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹം വെയ്ക്കുക. നിൽക്കുന്ന ഗണേശ വിഗ്രഹമാണ് ജോലി സ്ഥലത്ത് ഏറെ നല്ലത്.

വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വിഗ്രഹം വയ്ക്കുന്നത് വീട്ടിലേക്ക് ദോഷകരമായത്
ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകാന്‍ വേണ്ടിയാണ്. സ്വീകരണമുറിയിലെ അലമാരകളില്‍ വയ്ക്കുന്ന വിഗ്രഹം ഒരിഞ്ച് അകത്തി വയ്ക്കാന്‍ ശ്രദ്ധിക്കണം. തുകലില്‍ ഉണ്ടാക്കിയ സാധങ്ങള്‍ ഒന്നും വിഗ്രഹത്തിനടുത്ത് പാടില്ല. പൂജാമുറിയില്‍ ഒരു ഗണപതി വിഗ്രഹം മാത്രം വയ്ക്കുക.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വിഗ്രഹം വയ്ക്കുകയാണെങ്കില്‍ രണ്ടെണ്ണം ആയിട്ടേ വയ്ക്കാവു. ഒന്ന് കവാടത്തിലേക്ക് തിരിച്ചും. മറ്റൊന്ന് എതിര്‍ ദിശയിലേക്കും വയ്ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്റെ പുറക് വശം വരുന്നത് ദാരിദ്രത്തിന് കാരണമാകുമെന്നാണ് വിശ്വാസം.

അതിന് പരിഹാരമായാണ് മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില്‍ വയ്ക്കുന്നത്. അതോടൊപ്പം തന്നെ സ്വാസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടുള്ളത് ആണെന്നാണ് വിശ്വാസം.

ഇടത്തോട്ടും വലത്തോട്ടും തുമ്പിക്കൈ ഉള്ള ഗണപതി ഭഗവാൻ്റെ വിഗ്രഹങ്ങൾ രണ്ട് തരത്തിലുണ്ട്. തുമ്പിക്കൈ ഇടത് വശത്തേക്കും വലത് വശത്തേക്കും തിരിഞ്ഞിരിക്കുന്ന വിധത്തിലാണ് അവ. വലത് ഭഗത്തേക്ക് തുമ്പിക്കൈയുള്ള ഗണപതി ശക്തിയുള്ള ഗണപതിയാണ് എന്നാണ് വിശ്വാസം. മാത്രമല്ല വലത്തോട്ട് തുമ്പിക്കൈയുള്ള വിഗ്രഹം പൂജിക്കുമ്പോൾ എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചിരിക്കണം. വലത് ഭഗത്തേക്ക് തുമ്പിക്കൈയുള്ള ഗണേശ വിഗ്രഹങ്ങൾ വീടുകളിൽ സൂക്ഷിക്കരുതെന്ന് പറയുന്നത് ഈ കാരണത്താലാണ്.

ഇടത് വശത്തേക്ക് വളഞ്ഞിരിക്കുന്ന തുമ്പിക്കൈയുള്ള ഗണേശ വിഗ്രഹത്തെ വാമമുഖി എന്ന് പറയുന്നു. ഇടത് ഭാഗത്തേയും വടക്ക് ദിശയേയും സൂചിപ്പിക്കുന്നതാണ് വാമം. അതുപോലെ വടക്ക് ദിശ ആദ്ധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. വീടുകളിൽ ഗണപതി ആരാധനക്ക് ഉത്തമം വാമമുഖി ഗണപതിയാണ്.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340

Story Summary: How to worship Ganesha idol at home

error: Content is protected !!
Exit mobile version