വീട്ടിൽ കർപ്പൂരം ഉഴിയുന്നത് ദോഷങ്ങൾ വരുത്തുമോ?
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
വീട്ടിൽ കർപ്പൂരം ഉഴിയാമോ എന്നൊരു സംശയം പലർക്കുമുണ്ട്. എന്നാൽ ഈ സംശയം അടിസ്ഥാനമില്ലാത്തതാണ്. വീട്ടിൽ കർപ്പൂരം ഉഴിയാം. ഉണ്ടായ വസ്തുക്കളെല്ലാം ഇല്ലാതാകും എന്ന തത്വത്തിന്റെ പ്രതീകമാണ് കാന്തിയേറിയ കർപ്പൂരദീപം. കത്തിച്ചാൽ ഒന്നും അവശേഷിക്കാത്തതാണ് കർപ്പൂരം. ഒരല്പം ചാരം പോലും ബാക്കി ഉണ്ടാകില്ല . രൂപമില്ലാത്ത ഈശ്വരനെ പ്രാർത്ഥന വഴി ഉണർത്തിക്കൊണ്ടു വരുന്നതാണ് പൂജ. ആ ഈശ്വര ചൈതന്യത്തെ ആദരിക്കുന്നതിനാണ് പൂജയുടെ അവസാനം കർപ്പൂരം ഉഴിയുന്നത്. അതിലൂടെ ലഭിക്കുന്ന ഈശ്വരചൈത്യനം ഭക്തിപൂർവം സ്വീകരിക്കുന്നു എന്ന അർത്ഥത്തിലാണ് ശ്രീകോവിലിൽ ആരതി ഉഴിഞ്ഞ് കൊണ്ടുവരുന്ന കർപ്പൂര ദീപപ്രഭ ഭക്തർ തൊട്ടു നമിക്കുന്നത്.
വീടുകളിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിച്ച ശേഷം കർപ്പൂരം ഉഴിയുന്നത് നല്ലതാണ്. രാവിലെയും സന്ധ്യയ്ക്കും ഇത് ചെയ്യാം. സന്ധ്യയ്ക്ക് ആണെങ്കിൽ വളരെ നല്ലത്. കർപ്പൂരം കത്തുമ്പോൾ പരക്കുന്ന സുഗന്ധം ഗൃഹത്തിലും വീട്ടിൽ ഉള്ളവരിലും ഉണർവും ഉന്മേഷവും സദ്ചിന്തകളും നിറയ്ക്കും. ആ പോസിറ്റീവ് എനർജി ഗൃഹത്തിൽ സന്തോഷവും ശാന്തിയും സമ്മാനിക്കും.
ആത്മീയമായി മാത്രമല്ല ആരോഗ്യപരമായും ഒട്ടേറെ സദ്ഗുണങ്ങൾ ഉള്ളതാണ് കർപ്പൂരം. കർപ്പൂര ഗന്ധം ശ്വസിക്കുന്നത് അപസ്മാരം, സന്ധിവാതം, മാനസിക വിഭ്രാന്തികൾ എന്നിവ ശമിപ്പിക്കും. അന്തരീക്ഷത്തെ ശുദ്ധീകരിക്കും. ഇതിന്റെ തീവ്രഗന്ധം ഗൃഹത്തിൽ ഉപദ്രവം സൃഷ്ടിക്കുന്ന കൊതുക്, ഉറുമ്പ് തുടങ്ങി പലതരം പ്രാണികളെയും അകറ്റും.
ക്ഷേത്രങ്ങളിലും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളിലും ഒഴിച്ചുകൂടാനാകാത്ത കർപ്പൂരം നിർമ്മിക്കുന്നത് കർപ്പൂര മരങ്ങളിൽ നിന്നും ശേഖരിക്കുന്ന അസംസ്കൃത പദാർത്ഥങ്ങളിൽ അനുബന്ധ വസ്തുക്കൾ ചേർത്താണ്. ചൂട് കുറഞ്ഞ സ്ഥലങ്ങളിലാണ് കർപ്പൂര മരങ്ങൾ വളരുന്നത്.
ആചാരപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കർപ്പൂരമല്ല പച്ചകർപ്പൂരം. അത് മറ്റ് കൂട്ടുകളോട് ചേർത്ത് പല അസുഖങ്ങൾക്കും ഒറ്റമൂലിയായി ഉപയോഗിക്കാറുണ്ട്. അല്പം വെറ്റില, കുരുമുളക്, പച്ചകർപ്പൂരം എന്നിവ വായിലിട്ട് ചവച്ചരച്ച് കഴിച്ചാൽ താെണ്ട വേദന മാറുമത്രേ. മുടി വളരാനുള്ള എണ്ണക്കൂട്ടുകളിൽ പച്ച കർപ്പൂരം ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണയിൽ പച്ച കർപ്പൂരം ചേർത്ത് കാച്ചിയ എണ്ണ തലയിൽ തേച്ച് കുളിച്ചാൽ താരൻ പോകും.
ജ്യോതിഷാചാര്യൻ കെ. ദേവീദാസ് ,+91 8848873088