വീട്ടു മുറ്റത്ത് പൊങ്കാലയിടുമ്പോൾ ഗണപതിക്കൊരുക്ക് ഒഴിവാക്കരുത്
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ലോകത്ത് എവിടെയുള്ള ഭക്തർക്കും ആറ്റുകാൽ അമ്മയ്ക്ക് ഇത്തവണ സ്വന്തം വീടുകളിൽ തന്നെ പൊങ്കാലയിട്ട് സായൂജ്യമടയാം. ലക്ഷക്കണക്കിന് ഭക്തജനങ്ങളെ ദുരിത ദോഷങ്ങളിൽ നിന്നും മോചിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ചയാണ്. അന്ന് രാവിലെ 10: 50 നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്. തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം പാടിക്കഴിയുമ്പോൾ ശംഖനാദം മുഴങ്ങും. ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പണ്ടാര അടുപ്പിൽ കൊളുത്താനുള്ള അഗ്നി പകർന്ന് മേൽശാന്തി വെള്ളിയോട്ടില്ലം പി ഈശ്വരൻ നമ്പൂതിരിക്ക് നൽകും. അദ്ദേഹം അത് തിടപ്പള്ളിയിലെ അടുപ്പിൽ കൊളുത്തിയിട്ട് സഹമേൽശാന്തിമാർക്ക് നൽകും. അവരാണ് പണ്ടാര അടുപ്പിൽ കൊളുത്തുക.
ഇത്തവണ ക്ഷേത്ര മുറ്റത്തും തെരുവിലും ഭക്തരുടെ പൊങ്കാല സമർപ്പണം ഇല്ല. പകരം പണ്ടാര അടുപ്പിൽ തീ കൊളുത്തുന്ന സമയത്ത് ഭക്തർ സ്വന്തം വീട്ടുമുറ്റത്താണ് പൊങ്കാല ഇടേണ്ടത്. വീട്ടുമുറ്റം വൃത്തിയാക്കി തീർത്ഥം തളിച്ച് ശുദ്ധമാക്കി ചുടുകട്ട കൊണ്ട് അടുപ്പു തീർത്ത് അതിൽ കൊതുമ്പ്, ചൂട്ട് എന്നിവകളാൽ അഗ്‌നി തെളിച്ച് മൺകലം വച്ച് അരി, ശർക്കര, നാളികേരം എന്നിവ കൊണ്ട് നിവേദ്യമുണ്ടാക്കി ദേവിക്ക് സമർപ്പിക്കണം. ഒരു കിണ്ടിയിൽ ജലം സഹിതം നിലവിളക്ക് കത്തിച്ച് വച്ച് ഗണപതിക്ക് ഒരുക്ക് വച്ചാണ് പൊങ്കാലയിടേണ്ടത്. പണ്ടാര അടുപ്പിൽ അഗ്നി ജ്വലിച്ചു കഴിഞ്ഞാൽ ഗണപതി വിളക്കിൽ നിന്നും ദീപം എടുത്ത് അടുപ്പു കത്തിക്കണം.
ആശ്രയിക്കുന്ന മക്കളെ ഒരിക്കലും കൈവിടാത്ത ആറ്റുകാലമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാല തിളച്ചു തൂവിയാൽ ദേവീ സ്തുതികളോടെ നിവേദ്യത്തിന് കാത്തിരിക്കണം. ഉച്ചതിരിഞ്ഞ് 3:40 ന് ക്ഷേത്രത്തിൽ പൊങ്കാല നേദിക്കും. ഈ സമയത്ത് കിണ്ടിയിലെ വെള്ളം തീർത്ഥമായി പൊങ്കാലയിൽ തളിക്കണം. വ്രത ദിനങ്ങളിൽ വീട്ടിൽ മത്സ്യമാംസാദികൾ ഒഴിവാക്കണം. സാധാരണ വ്രത നിയമങ്ങൾ എല്ലാം പാലിക്കണം. പൊങ്കാല തിളച്ച ശേഷമേ ജലപാനം പോലും പാടുള്ളൂ.
പൊങ്കാലയോ കരിക്കോ പഴമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം. വിശുദ്ധമായി പൊങ്കാല വഴിപാട് സമർപ്പിച്ചാൽ അഭീഷ്ട സിദ്ധി ലഭിക്കും. വിവാഹം, രോഗശമനം, ഉദ്യോഗം, കുടുംബഭദ്രത, സന്താനാഭിവൃദ്ധി തുടങ്ങി എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും. പൊങ്കാലയായി ശർക്കരപ്പായസമാണ് മുഖ്യമായി സമർപ്പിക്കുന്നത്.
പഞ്ചസാരപ്പായസം, പാൽപ്പായസം, വെള്ളനിവേദ്യം, തെരളി, അട മുതലായവയാണ് മറ്റ് സമർപ്പണങ്ങൾ. ഇവ ഓരോന്നിനും ഓരോ ഫലമാണ്. ശർക്കര പായസം ഐശ്വര്യവും സുഖവും നൽകും. വെളള നിവേദ്യം ആഗ്രഹ ലബ്ധിക്ക് ഉത്തമം. മണ്ടപ്പുറ്റ് രോഗശമനം പ്രത്യേകിച്ച് ശിരോരോഗങ്ങൾ മാറാൻ നല്ലതാണ്. തെരളി ധന ധാന്യ സമൃദ്ധി നൽകുമെന്നാണ് വിശ്വാസം.
പൊങ്കാല സമർപ്പിക്കുന്നവർ
ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
1 വ്രതമെടുത്ത് പൊങ്കാലയിടണം
2 പൊങ്കാലയിടുന്നവർ മാത്രം വ്രതമെടുത്താൽ മതി
3 എല്ലാവരും വ്രതമെടുത്താൽ കുടുംബാഭിവൃദ്ധി
4 പുതുവസ്ത്രം ധരിച്ച് പൊങ്കാലയിടുന്നത് നല്ലത്
5 പുതിയ മൺകലത്തിൽ പൊങ്കാലയിടണം
6 കിഴക്ക് ദർശനമായി പൊങ്കാലയിടുന്നത് ഉത്തമം
7 തെക്കുവശം ദർശനമായി പൊങ്കാല ഇടരുത്
8 പൊങ്കാലയിട്ട കലത്തിൽ പാചകമരുത്
9 അടുപ്പ് തെളിക്കും മുമ്പ് ഗണപതിക്കൊരുക്കണം
10 മാസമുറ തുടങ്ങി 7 രാത്രി കഴിഞ്ഞ് പൊങ്കാല ഇടാം
11 പൊങ്കാല കിഴക്കോട്ട് തൂകിയാൽ സദ്ഫലം
12 പൊങ്കാല കഴിച്ച് വ്രതം മുറിക്കാം
13 പൊങ്കാല ദിവസം ആറ്റുകാൽ ദർശനം നിർബന്ധമില്ല
14 അടുപ്പു തെളിക്കുമ്പോൾ ദേവീമന്ത്രം ജപിക്കണം
15 പുല – വാലായ്മയുള്ളവർ പൊങ്കാല ഇടരുത്
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ +91 9847575559