Saturday, 23 Nov 2024

വീരഭദ്രനെ ഉപാസിച്ചാൽ ശത്രുദോഷം തീരും;
വശ്യവും കാര്യസിദ്ധിയും പ്രധാന ഫലങ്ങൾ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
മഹാദേവന്റെ വാക്കുകൾ ലംഘിച്ച് അച്ഛൻ ദക്ഷൻ നടത്തിയ മഹായാഗത്തിൽ പങ്കെടുക്കാൻ പോയി അപമാനിതയായ സതീദേവി ആത്മഹത്യ ചെയ്തതും ദു:ഖ ഭാരത്താൻ ലോകം വിറപ്പിച്ച് ഭഗവാൻ താണ്ഡവം ആടുകയും ചെയ്ത ഐതിഹ്യം ഭുവന പ്രസിദ്ധമാണ്. ഈ സമയത്ത് സംഭവിച്ച പരമശിവന്റെ അംശാവതാരമാണ് വീരഭദ്രൻ. ദക്ഷവധത്തിനായി അവതരിച്ചു എന്നാണ് ഐതിഹ്യം. വീരഭദ്രനെ സഹായിക്കാൻ അവതരിച്ച ശ്രീ ഭദ്ര കാളി ദേവി പരാശക്തിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വീരഭദ്രസ്വാമി ദക്ഷനെ വധിക്കുകയും യാഗശാല തകർക്കുകയും ചെയ്തു എന്നാണ് ശിവപുരാണം പറയുന്നത്.

ഭദ്രകാളീ ക്ഷേത്രങ്ങളിൽ പ്രധാന ഉപദേവതയായി ശിവന്റെ രൗദ്ര അവതാരമായ വീരഭദ്രസ്വാമിയുടെ പ്രതിഷ്ഠ കാണാം. എന്നാൽ ശിവ ക്ഷേത്രങ്ങളിൽ ഇത് അപൂർവമാണ്. ശത്രു സംഹാരമാണ് വീരഭദ്ര പൂജയുടെ പ്രധാന ഫലം. ഓം വീം വീരഭദ്രായ നമ: എന്നതാണ് വീരഭദ്ര സ്വാമിയുടെ മൂലമന്ത്രം വീരഭദ്ര സ്വാമിയെ ഉപാസിച്ചാൽ ശത്രുക്കൾ ഉണ്ടാവില്ല. ശത്രുദോഷ ശമനത്തിന് വീരഭദ്ര യന്ത്രം അതായത് ഏലസ് ധരിക്കുന്നത് നല്ലതാണ്.

11ദിവസത്തെ പൂജ-ഹോമങ്ങളോടെ വേണം വീരഭദ്രയന്ത്രം തയ്യാറാക്കാൻ. തിങ്കളാഴ്ച ദിവസം യന്ത്രം തയ്യാറാക്കാൻ ഉത്തമം. ശത്രു ദോഷം തീരും. ഭൂത പ്രേതങ്ങൾ അടുക്കുകയില്ല. വശ്യവും കാര്യസിദ്ധിയും പ്രധാന ഫലങ്ങൾ. ചൊവ്വാഴ്ചയാണ് വീരഭദ്രസ്വാമിക്ക് വിശേഷ ദിവസം. നാരങ്ങാവിളക്ക് പ്രധാന വഴിപാട്. പ്രസാദം: ഭസ്മം

കൊല്ലം ജില്ലയിൽ അഷ്ടമുടിയിലുള്ള വീരഭദ്രസ്വാമി ക്ഷേത്രം പ്രസിദ്ധമാണ്. ഇവിടുത്തെ ഉരുൾ മഹോത്സവം ധാരാളം ഭക്തജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. ഉരുൾ നേർച്ചയിൽ പങ്കെടുത്താൽ കടുത്ത ശത്രുദോഷങ്ങളും രോഗദുരിതങ്ങളും ഒഴിയുമെന്നാണ് ഭക്തജന വിശ്വാസം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സപ്തമാതൃക്കൾക്ക് ഒപ്പം വീരഭദ്രനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഭഗവതിയുടെ പ്രധാന സേവകനായി വീരഭദ്രസ്വാമി പ്രതിഷ്ഠയുണ്ട്. മൂകാംബിക ദേവിയോളം തന്നെ പ്രാധാന്യം വീരഭദ്രസ്വാമിക്കും ഇവിടെയുണ്ട്.


ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91-984 757 5559

Story Summary: Veerabhadra Swamy Worship and it’s Effects

error: Content is protected !!
Exit mobile version