Friday, 22 Nov 2024

വെറ്റില ഫലം പറയും; വാടിയാൽ രോഗം, കീറിയാൽ ദമ്പത്യകലഹം

ഈശ്വര സാന്നിദ്ധ്യമുള്ള ഇലയാണ് വെറ്റില. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇതിൽ തെളിയും. ഇത് നോക്കി ഫലം പറയുന്നതാണ്  വെറ്റില ജ്യോതിഷം അഥവാ താംബൂല ജ്യോതിഷം. 
മനോവിഷമത്തിന് ജ്യോതിഷിയുടെയടുത്ത് പരിഹാരം തേടി വരുന്നവർ  സമർപ്പിക്കുന്ന വെറ്റിലയുടെ മൊത്തം എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഫലപ്രവചനം. ഇത് ആധാരമാക്കി തത്ക്കാല ഗ്രഹസ്ഥിതിയുടെ അടിസ്ഥാനത്തിൽ ഭാവചിന്ത നടത്തും. ഒപ്പം ചോദ്യകർത്താവ് സമർപ്പിച്ച വെറ്റിലകളിൽ നിന്നും ആദ്യത്തെ 12 വെറ്റിലകളെ 12 ഭാവങ്ങളായി സങ്കല്പിക്കും. രണ്ടും കൂടെ ഉചിതമായി മിശ്രണം ചെയ്ത് ഫലം പറയും.

അവരവരുടെ ഫലം സൂചിപ്പിക്കുന്ന തരത്തിലുള്ള വെറ്റില മാത്രമേ എത്ര ശ്രമിച്ചാലും ഓരോരുത്തർക്കും സംഭരിക്കാനും  ജ്യോത്സ്യന് സമർപ്പിക്കാനും സാധിക്കുകയുള്ളൂ എന്നതാണ് താംബൂല ജ്യോതിഷത്തിന്റെ അടിസ്ഥാന സിദ്ധാന്തം. വെറ്റിലയുടെ കൂടെ അടയ്ക്കയും വയ്ക്കണം. എന്നാൽ പുകയിലയും ചുണ്ണാമ്പും ചേർത്തുകൊടുക്കുന്നത് അനിഷ്ടഫല സൂചനയാണ് അതിന്റെ യുക്തി ഇതാണ്. പുകയിലയും ചുണ്ണാമ്പും കൂടെ ഒത്തുകൂടിയാൽ സ്വീകർത്താവിന് ഉടനെ ചവയ്ക്കാനുള്ള ആഗ്രഹം ഉണ്ടാവും. ചവച്ചു കൊണ്ടുള്ള സംസാരം  അരോചകമാകും.  അതുകൊണ്ടാകാം പുകയിലയും ചുണ്ണാമ്പും താംബൂലത്തിന്റെ കൂടെ നൽകുന്നത് അശ്രീകരമായി കരുതപ്പെടുന്നത്.

ജ്യോത്സ്യന് സമർപ്പിക്കപ്പെട്ട മൊത്തം വെറ്റിലയുടെ എണ്ണത്തെ 10 കൊണ്ട് ഗുണിച്ച് ഒന്ന് കൂട്ടിയാൽ കിട്ടുന്ന സംഖ്യയെ 7 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം താംബൂലഗ്രഹത്തെ കാണിക്കുന്നു. ശിഷ്ടം ഒന്ന് എങ്കിൽ സൂര്യൻ, 2-ചന്ദ്രൻ, 3-കുജൻ, 4- ബുധൻ, 5- ഗുരു, 6-ശുക്രൻ, 7-ശനി എന്നിങ്ങനെയാണ് താംബൂല ഗ്രഹനിർണ്ണയം.
താംബൂല ഗ്രഹം നിൽക്കുന്ന തത്ക്കാല ഗ്രഹസ്ഥിതിയിലെ രാശിയാണ് താംബൂലാരൂഢം. ഉദാഹരണം മൊത്തം വെറ്റില 15 എണ്ണം അതിനെ 10 കൊണ്ട് ഗുണിച്ച് 1 കൂട്ടുമ്പോൾ 151. ഏഴുകൊണ്ട് ഭാഗിക്കുമ്പോൾ ശിഷ്ടം 4 താംബൂലാരൂഢഗ്രഹം ബുധൻ. ബുധൻ നിൽക്കുന്ന രാശി താംബൂലാരൂഢം. അവിടെ നിന്നും തുടർന്നുള്ള ഭാവങ്ങൾ മുറയ്ക്കു വരുന്നു. താംബൂലാരൂഢം തുടങ്ങി 12 ഭാവങ്ങളെയും അവിടെ നിൽക്കുന്ന ഗ്രഹങ്ങളുമായി യോജിപ്പിച്ച് തത്ക്കാലഫലം കാണാം. അതിനോടൊപ്പം വെറ്റിലക്കെട്ടിൽ നിന്നും 12 വെറ്റിലകൾ ക്രമത്തിൽ ഒന്നൊന്നായി എടുക്കണം.

താംബൂലാരൂഢവും ഒന്നാമത്തെ വെറ്റിലയുടെ ലക്ഷണവും തമ്മിൽ യോജിപ്പിച്ച് ഫലം ചിന്തിച്ചു പറയണം. ഒരാൾ 5 വെറ്റിലകൾ മാത്രമേ കൊണ്ടു വന്നിട്ടുള്ളൂവെങ്കിൽ അതൊരുനിമിത്തമായി കണ്ട് ആറുതൊട്ടുള്ള ഭാവങ്ങൾക്ക് വെറ്റിലയുടെ അഭാവത്തിൽ താത്ക്കാലഗ്രഹസ്ഥിതിയെ മാത്രം ആശ്രയിച്ച് ഫലം പറയണം.
പ്രശ്‌നം ഉച്ചയ്ക്കു മുൻപാണെങ്കിൽ മലർത്തിവച്ച വെറ്റിലകളിൽ മുകളിൽ നിന്ന് 12 വെറ്റിലകളെ മുറയ്ക്ക് എണ്ണിയെടുക്കണം. പ്രശ്‌നം ഉച്ചയ്ക്കു ശേഷമാണെങ്കിൽ വെറ്റിലക്കെട്ട് മറിച്ചുവച്ച് 12 വെറ്റിലകൾ എടുക്കണം. അപ്പോൾ ഏറ്റവും അടിയിലത്തെവെറ്റില ഒന്നാമത്തെ ഭാവമായി വരും. ഇതിന്റെ യുക്തി ഇതാണ്. ഉച്ചയ്ക്ക് ശേഷം വെറ്റിലക്കെട്ടിലെ മുകളിൽ ഇരിക്കുന്ന  വെറ്റിലകൾ വാടിത്തുടങ്ങും. വാടിപ്പോയ വെറ്റിലകൾ കണ്ട് ദുരിതഫലങ്ങൾ പറഞ്ഞ് അനാവശ്യ മാനസികപീഡനം ഉണ്ടാക്കാൻ പാടില്ല.
12 വെറ്റിലകൾ 12 ഭാവങ്ങളെ പ്രതിനിധീകരിക്കുന്നതിനാൽ ഇതിൽ ഏത്  ഭാവസംബന്ധിയായ വെറ്റിലയ്ക്കാണോ വാട്ടമോ കീറലോ കേടുകളോ ഉള്ളത് ആ ഭാവത്തിന്‌  വ്യാധി, നാശം തുടങ്ങിയ അനിഷ്ട ഫലങ്ങൾ പറയണം. നന്നായി കാണപ്പെട്ട വെറ്റിലയുടെ ഭാവത്തിന് ശുഭഫലം യുക്തമായി പറയണം.

വെറ്റിലയിൽ കാണപ്പെടുന്ന ദോഷങ്ങൾ ഇവയാണ്:  വാടിയവെറ്റില, കീറിയവെറ്റില, സുഷിരമുള്ള വെറ്റില, കീടം തിന്ന വെറ്റില, പുഴുവുള്ളവെറ്റില. ഇത്തരം ദൗർബല്യങ്ങൾ വെറ്റിലയിൽ കണ്ടാൽ അത്തരം ന്യൂനതയ്ക്കുള്ള ഫലം അനുയോജ്യമായി ഭേദപ്പെടുത്തി പറയണം. ഫലപ്രവചനത്തിൽ ആദ്യമായി അടിസ്ഥാനമാക്കേണ്ടത് തത്ക്കാലഗ്രഹസ്ഥിതി തന്നെയാണ്. വാടിയ വെറ്റിലയെങ്കിൽ അനാരോഗ്യം, രോഗം, കീറിയ വെറ്റില ഏഴാം ഭാവത്തിലാണെങ്കിൽ ദമ്പതികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം. സുഷിര വെറ്റിലയാണെങ്കിൽ മുമ്പുണ്ടായിരുന്ന ഒന്നിന്റെനാശം. തിരോധാനം, ത്വക്‌രോഗം എന്നിങ്ങനെയാണ് ഫല ചിന്തയിൽ വരേണ്ടത്. ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയ്ക്കാണോ ഗുണം അല്ലെങ്കിൽ ദോഷം ആ ഭാവത്തിന് അനുയോജ്യമാക്കി ഫലങ്ങൾ ചിന്തിക്കണം.

നാലാം ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയിൽ പുഴുവിനെ കണ്ടാൽ ഗൃഹം, വസ്തുവകകൾ ഇവയുമായി ബന്ധപ്പെട്ട ദോഷം പറയണം. പുഴുവിനെകൊണ്ട് സർപ്പദോഷത്തെയും ചിന്തിക്കാം. എട്ടാമത്തെ വെറ്റിലയിൽ കേടുണ്ടായിരുന്നാൽ 8-ാം ഭാവവുമായി ബന്ധപ്പെട്ട ഫലം ഗ്രഹസ്ഥിതിയുമായി യോജിപ്പിച്ചു പറയണം. വെറ്റിലയിൽ ചിലന്തി വലയുണ്ടെങ്കിൽ ആയുസിന് ക്ലേശമുള്ള ഫലങ്ങളാണ് ചിന്തിക്കേണ്ടത്. ഏതു ഭാവത്തിന്റെ വെറ്റിലയ്ക്ക് പുഷ്ടിയും തെളിമയും കാണുന്നുവോ ആ ഭാവത്തിന് സുഖസമ്പത്തും വിജയവും പറയണം. 

സന്താനചിന്തയ്ക്ക് 5-ാം ഭാവത്തിനെയും 5-ാം വെറ്റിലയെയും അടിസ്ഥാനമാക്കി ചിന്തിക്കണം. വിവാഹപ്രശ്‌നത്തിന് 7-ാം ഭാവവും 7-ാം വെറ്റിലയെയും നിരൂപിച്ച് ഫലം യോജിപ്പിച്ച് പറയണം. രോഗപ്രശ്‌നത്തിന് 6,8,12 ഭാവങ്ങളെയും അതിന്റെ വെറ്റിലകളെയും ലഗ്‌നഭാവവുമായി ബന്ധപ്പെടുത്തി ഫലനിരൂപണം ചെയ്യണം. തൊഴിൽ സംബന്ധമായ കാര്യങ്ങൾ 2,6,10 ഭാവങ്ങൾ കൊണ്ട് കർമ്മം, കർമ്മസ്ഥിതി, കർമ്മലാഭം എന്നിവ ചിന്തിക്കണം. 2-ാം ഭാവം, ധനം, 6-ാം ഭാവം സേവനം, 10-ാം ഭാവം തൊഴിൽ ഈ ഭാവങ്ങളും ഈഭാവങ്ങളുടെ വെറ്റിലകളും പുഷ്ടിയുള്ളതാണെങ്കിൽ കർമ്മപുഷ്ടി പറയാം.വെറ്റിലയിൽ തെളിയുന്ന ദോഷങ്ങൾക്ക്ക്ഷേത്രദർശനം വഴിപാടുകൾ എന്നിവ പരിഹാരമായി നിർദ്ദേശിക്കാം.

– ജ്യോതിഷഭൂഷണംകെ.മോഹൻ ചന്ദ്രൻ വെള്ളയാണി+91 9495303081

( അസ്ട്രോളജിയിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദമുള്ള ജോതിഷാചാര്യനും അസ്ട്രോളജി കൺസൾട്ടന്റുമാണ്  ലേഖകൻ)  

error: Content is protected !!
Exit mobile version