വെറ്റില വീട്ടിൽ വച്ചാല്‍ സര്‍വ്വൈശ്വര്യം;
ഹനുമാന്‍ സ്വാമിക്ക് സമർപ്പിച്ചാൽ ജോലി
ജയകൃഷ്ണൻ മാടശ്ശേരി
ഈശ്വര സാന്നിദ്ധ്യമുള്ള ഇലയാണ് വെറ്റില. ജീവിത രഹസ്യങ്ങളെല്ലാം വെറ്റിലയിൽ കാണാം. ഇത് വിശലകനം ചെയ്ത് ഫലം പറയുന്ന ശാസ്ത്രമാണ് വെറ്റില ജ്യോതിഷം അഥവാ താംബൂല ജ്യോതിഷം. ദക്ഷിണ നല്‍കാനും മുറുക്കാനും ഉപയോഗിക്കുന്ന വെറ്റില ഹൈന്ദവ വിശ്വാസ പ്രകാരം ദിവ്യമാണ്. ഇതില്‍ പാക്കും വച്ച് താംബൂലം എന്ന പേരിലും ഉപയോഗിക്കുന്നു. ഹനുമാന്‍ സ്വാമിക്ക് പ്രധാന വഴിപാടു കൂടിയാണ് വെറ്റില. പല ശുഭ കര്‍മങ്ങള്‍ക്കും വെറ്റില ഉപയോഗിക്കാറുമുണ്ട്. വെറ്റില ചില പ്രത്യേക രീതികളില്‍ പരിപാലിക്കുന്നതും വീട്ടിൽ വളർത്തുന്നതും ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് പറയുന്നു.
വെറ്റിലയുടെ അഗ്രം
വെറ്റിലയുടെ നേര്‍ത്ത അറ്റം വരുന്നിടത്ത് ലക്ഷ്മിദേവിയും നടുവില്‍ സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറംഭാഗത്ത് ചന്ദ്രനും കോണുകളിലായി ശിവൻ, ബ്രഹ്മാവ് എന്നിവരും വസിക്കുന്നു എന്നാണ് വിശ്വാസം. വെറ്റിലയിലെ ഞരമ്പുകള്‍ ഒരുമിച്ചു ചേരുന്നിടത്ത് ജ്യേഷ്ഠാ ഭഗവതിയും വലത് ഭാഗത്ത് പാര്‍വതിയും ഇടത് ഭാഗത്ത് ഭൂമിദേവിയും എല്ലാ ഭാഗത്തും കാമദേവനും വസിക്കുന്നു എന്നു വിശ്വാസം.
കൈലാസത്തിൽ
കൈലാസത്തില്‍ ശിവ പാര്‍വതിമാര്‍ മുളപ്പിച്ചെടുത്തതാണ് ഈ സസ്യമെന്നാണ് വിശ്വാസം. പാര്‍വതീ ദേവി ദിവസവും താംബൂലം കഴിയ്ക്കാറുണ്ട് എന്നതും വിശ്വാസമാണ്. പല രോഗങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ് വെറ്റിലനീര്.
വീട്ടില്‍ വെറ്റില
വീട്ടില്‍ വെറ്റില നട്ടു വളര്‍ത്തുന്നത് പൊതുവേ ഐശ്വര്യ , ഭാഗ്യ ദായകമാണെന്നാണ് കരുതുന്നു. വീടിന്റെ കന്നി മൂല എന്നറിയപ്പെടുന്ന തെക്കു പടിഞ്ഞാറേ മൂലയില്‍ ഇതു നടുന്നതാണ് നല്ലത്. വൃത്തിയായി പരിപാലിക്കുകയും വേണം.
വെറ്റിലമാല സമർപ്പണം
ആഞ്ജനേയന് സ്വാമിക്ക് ഏറെ പ്രിയപ്പെട്ട വഴിപാടാണ് വെറ്റിലമാല സമർപ്പണം. ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ വെറ്റിലമാല സമര്‍പ്പിച്ച് പ്രാർത്ഥിച്ചാൽ കർമ്മസംബന്ധമായ എല്ലാ വിഷമങ്ങളും മാറിക്കിട്ടും. തൊഴില്‍ ലഭിക്കാനും ശനിദോഷങ്ങൾ പരിഹരിക്കുന്നതിനും ആഗ്രഹസിദ്ധിക്കുമെല്ലാം ഇത് ഏറ്റവും നല്ലതാണ്. ഇതിന് ഉപയോഗിക്കുന്ന വെറ്റിലകൾ വാടിയതോ കീറിയതോ ഉപയോഗിച്ചതോ ആകരുത്. കൂട്ടമായി കൊണ്ടു വരുന്ന വെറ്റിലകൾ ക്ഷേത്രനടയിൽ
കെട്ടഴിച്ചു വയ്ക്കുകയും വേണം.
ശുഭകര്‍മ്മങ്ങള്‍ക്കു മുൻപ്
ശുഭകര്‍മ്മങ്ങള്‍ക്കു മുന്നോടിയായി വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണ നല്‍കുന്നതു പതിവാണ്. വെറ്റിലയുടെ അഗ്രം വടക്കോട്ടോ കിഴക്കോട്ടോ വേണം, പിടിക്കാൻ. ദക്ഷിണ കൊടുക്കുമ്പോള്‍ വെറ്റിലയുടെ വാലറ്റം കൊടുക്കുന്നയാളുടെ നേരെ വരത്തക്ക വിധം വേണം പിടിക്കാൻ.
പൗർണ്ണമി ദിവസം
പൗർണ്ണമി ദിവസം വെറ്റില മാലയുണ്ടാക്കി വീടിന്റെ മുന്‍വാതിലില്‍ ഇടുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം നീക്കി പോസറ്റിവിറ്റി നിറയ്ക്കാന്‍ സഹായിക്കുമെന്നു വേണം, പറയാന്‍.
Story Summary: Religious Significance of betel leaf ( vettila )