Saturday, 23 Nov 2024

വെള്ളത്തെ എണ്ണയാക്കിയ ബാബ; വിജയദശമിക്ക് സമാധി പൂജ

ശിവ നാരായണൻ

ഒരു ഭക്തന്റെ ഗൃഹത്തിലും അന്നവസ്ത്രാദികൾക്ക് യാതൊരു ക്ഷാമവും നേരിടില്ല. എന്നിൽ മനസ്സ് ഉറപ്പിച്ച്
എന്നെ ആരാധിക്കുന്ന ഭക്തരുടെ എല്ലാ ക്ഷേമത്തിലും പ്രത്യേകം ശ്രദ്ധിച്ച് നേടിക്കൊടുക്കുക എന്റെ പ്രത്യേക
ചുമതലയാണ്. നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ അഹന്തയും ആത്മാഭിമാനവും വെടിഞ്ഞ് ഭഗവാനോട്
ചോദിച്ചു വാങ്ങുവിൻ. ഹൃദയത്തിൽ ഞാനുള്ളപ്പോൾ എന്തിന് ഭയപ്പെടണം – ഇങ്ങനെയെല്ലാം സ്വന്തം ഭക്തരോട്
പറയുന്ന ഷിർദ്ദി സായിനാഥൻ ഭക്തരെ കാത്തു രക്ഷിക്കുക മാത്രമല്ല അവർക്ക് വേണ്ടത് എന്താണെന്ന് അറിഞ്ഞ് നൽകി അനുഗ്രഹിക്കുകയും ചെയ്യും. ഭൗതിക ജീവിതത്തിന് വേണ്ടതും മാനസികമായ കരുത്തിന്
ആവശ്യമുളളതും യാതൊരു തടസ്സവും കൂടാതെ തന്ന് ബാബ അനുഗ്രഹിക്കും. ഇത് ഭക്തിയും വിശ്വാസവുമുളള എല്ലാ ഭക്തരുടെയും അനുഭവമാണ്.

ഈ ലോകത്ത് നിന്നും ഷിർദ്ദി സായി ബാബ ഭൗതിക ദേഹം ഉപേക്ഷിച്ച് പോയിട്ട് ഈ വിജയദശമി ദിവസം, 2023 ഒക്ടോബർ 24 ന് 105 സംവത്സരങ്ങളാകും. എന്നിട്ടും ബാബയുടെ ദിവ്യസന്നിധിയായ ഷിർദ്ദിയിലേക്കുള്ള ഭക്തജന പ്രവാഹത്തിന് ഇപ്പോഴും ഒരു കുറവും ഇല്ല. നാല് കോടിയോളം ഭക്തരാണ് പ്രതിവർഷം ഷിർദ്ദിയെന്ന
പുണ്യ ഭൂമിയിൽ എത്തുന്നത് . പ്രതിദിനം 70, 000 മുതൽ ഒരു ലക്ഷം വരെയാണ് മഹാരാഷ്ട്രയിലെ നാസിക്
ജില്ലയിലെ ഷിർദിയിലെത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന പുണ്യസ്ഥലങ്ങളിൽ മുന്നിൽ ഷിർദ്ദിയുണ്ട്. കഴിഞ്ഞ വർഷത്തെ വരുമാനം 900 കോടി രൂപയായിരുന്നു. 1800 കോടി രൂപയുടെ ആസ്തിയാണ് സായി സൻസ്ഥാൻ ട്രസ്റ്റിനുള്ളത്. ബാങ്ക് നിക്ഷേപമായി 320 കിലോ സ്വർണ്ണവും 4428 കിലോഗ്രാം
വെള്ളിയുമുണ്ട്.

1918 ലെ വിജയദശമി നാളിലായിരുന്നു ബാബയുടെ ദിവ്യ സമാധി. ശരീരം ഉപേക്ഷിച്ച് പോയാലും എപ്പോഴും തന്റെ ഭക്തരുടെ കൂടെയുണ്ടാകുമെന്ന് ബാബ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ബാബയുടെ ദിവ്യ സാന്നിദ്ധ്യം കോടിക്കണക്കിന് ഭക്തരുടെയും അനുഭവമാണ്. ഉറച്ച വിശ്വാസവുമുള്ള സായിഭക്തരുടെ ആഗ്രഹങ്ങളെല്ലാം നടക്കും. ജീവിത വിജയം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ബാബയുടെ പാദാരവിന്ദങ്ങളിൽ അഭയം തേടുകയാണ്.

അനുകമ്പയുടെയും ആശ്രിതവാത്സല്യത്തിന്റെയും അത്ഭുതങ്ങളുടെയും ഘോഷയാത്രയാണ് സമാധിക്ക്
ശേഷവും ഷിർദ്ദിബാബയുടെ ചൈതന്യം. ബാബ ഭൗതിക സാന്നിദ്ധ്യമായിരുന്ന കാലത്തെ ഒരു സംഭവം നോക്കൂ:
ബാബയ്ക്ക് വിളക്കുകൾ വലിയ പ്രിയമായിരുന്നു. ബാബ ഉറങ്ങുന്നത് തന്നെ കട്ടിലിന്റെ നാല് മൂലയിലും വിളക്ക്
കത്തിച്ചു വച്ചിട്ടായിരുന്നു. ആവശ്യങ്ങൾക്ക് പണം ഇല്ലാതിരുന്ന കാലത്ത് വ്യാപാരികളിൽ നിന്നും എണ്ണ കടം
വാങ്ങി മസ്ജിദിലും ക്ഷേത്രത്തിലും രാത്രിയിൽ ബാബ ദീപം കത്തിച്ചിരുന്നു. ഇങ്ങനെ കുറച്ചു നാൾ കഴിഞ്ഞു.
ഇതിനിടയിൽ ബാബയ്ക്ക് എണ്ണ കൊടുത്തു വന്നവർ ഇനി ബാബയ്ക്ക് എണ്ണകൊടുക്കണ്ട എന്ന് കൂട്ടായി തീരുമാനിച്ചു. ബാബ എണ്ണ ചോദിച്ച് ചെന്നപ്പോൾ അവർ ഇല്ല എന്ന് തീർത്തു പറഞ്ഞു. ഇത് കേട്ട് ബാബ ഒട്ടും തന്നെ കോപിച്ചില്ല. ഒന്നും പറയാതെ മസ്ജിദിൽ വന്ന് വിളക്കുകളിൽ തിരിയിട്ടു. ബാബ എന്താണ് ചെയ്യാൻ പോകുന്നതെന്ന് വ്യാപാരികൾ ഒളിഞ്ഞു നോക്കുന്നത് മറ്റുള്ളവർ ശ്രദ്ധിച്ചു. അക്ഷോഭ്യനായി ബാബ എണ്ണ
സൂക്ഷിച്ചിരുന്ന തകരപ്പാത്രം എടുത്ത് നോക്കി. അതിൽ ലേശം എണ്ണയുണ്ടായിരുന്നു. ബാബ അതിൽ കുറച്ച്
വെള്ളം ഒഴിച്ച് കുടിച്ചു. അങ്ങനെ ശുദ്ധമാക്കിയ ശേഷം വീണ്ടും തകരപ്പാത്രത്തിൽ വെള്ളം നിറച്ചു. അതെടുത്ത്
എല്ലാ വിളക്കുകളിലും ഒഴിച്ച് തിരി കൊളുത്തി. നോക്കി നിന്ന വ്യാപാരികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് രാത്രി മുഴുവൻ അതിഭയങ്കരമായ രീതിയിൽ ആ വിളക്കുകൾ കത്തി നിന്നു. വ്യാപാരികൾ പശ്ചാത്തപിച്ച് ബാബയോട്
മാപ്പു ചോദിച്ചു. സത്യസന്ധരായിരിക്കാൻ ഉപദേശിച്ചു ബാബ അവർക്ക് മാപ്പു നൽകി. ഇങ്ങനെ എന്തെല്ലാം
അത്ഭുത ലീലകൾ ബാബയാടി. അത് ഇന്നും തുടരുന്നു.

ലോകമെമ്പാടുമുള്ള ആയിരത്തി ഇരുന്നോറോളം ഷിർദ്ദിബാബ ക്ഷേത്രങ്ങളിൽ കോടിക്കണക്കിന് ഭക്തർ തികഞ്ഞ ഭക്തിവിശ്വാസത്തോടെ വിജയദശമി നാളിൽ മഹാസാമാധി പൂജ നടത്തുന്ന ഈ പുണ്യ വേളയിൽ നമുക്ക് എല്ലാ സങ്കടങ്ങളും മോഹങ്ങളും സായിനാഥന്റെ പാദങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കാം. കർമ്മ നിരതരാകാം. എല്ലാത്തിനും ബാബ പോംവഴി കാണും.

ഓം സായി നമോ നമഃ
ശ്രീസായി നമോ നമഃ
ജയ് ജയ് സായി നമോ നമഃ
സദ്ഗുരു സായി നമോ നമഃ

Story Summary: The devotees of Sai Baba are now celebrating the 105 th anniversary of the Maha Samadhi of Shirdi Sai Maharaj Baba on 24th October 2023

error: Content is protected !!
Exit mobile version