Saturday, 21 Sep 2024

വെള്ളിയാഴ്ചകളിൽ ഇത് ജപിക്കുകയോകേൾക്കുകയോ ചെയ്താൽ സമ്പൽസമൃദ്ധി

ജ്യോതിഷരത്നം വേണു മഹാദേവ്

ദേവീ പ്രധാനമായ ദിനമാണ് വെള്ളിയാഴ്ച. ഈ ദിവസം
നടത്തുന്ന ഭഗവതി ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കും. അന്നപൂർണ്ണേശ്വരി, മഹാലക്ഷ്മി, ദുർഗ്ഗാദേവി തുടങ്ങിയവരെ ആരാധിക്കാൻ ശ്രേഷ്ഠമാണീ ദിനം. നവഗ്രഹങ്ങളിൽ സുഖത്തിന്റെയും സന്തോഷത്തിന്റെയും കാരകനായ ശുക്രനാണ് വെള്ളിയാഴ്ച ദിവസത്തിന്റെ അധിപൻ. അസുരഗുരുവായ ശുക്രാചാര്യരെയാണ് ശുക്രഗ്രഹമായി ജ്യോതിഷത്തിൽ പറയുന്നത്. ശുക്രൻ തെളിയുക എന്നു പറയുന്നത് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവുക എന്ന അർത്ഥത്തിലാണ്. ശുക്രാചാര്യരുടെ ഉപാസനമൂർത്തി ശക്തിസ്വരൂപിണിയായ ദേവിയാണന്നും പറയുന്നു. ഇക്കാരണം കൊണ്ടാണ് ദേവി ആരാധനയ്ക്ക് വെള്ളിയാഴ്ച നാൾ പ്രാധാനമായതെന്ന് കരുതുന്നു.

ത്രിദേവിമാരിൽ മഹാലക്ഷ്മി പ്രധാനമെന്ന് പൊതുവേ
വിശ്വസിക്കുന്ന വെള്ളിയാഴ്ചകൾ അന്നപൂർണ്ണേശ്വരിയെ
ഉപാസിക്കാനും ഉത്തമമാണ്. അന്നത്തിന്റെ ദേവതയായ അന്നപൂർണ്ണേശ്വരി പാർവതീ ദേവിയുടെ മറ്റൊരു സങ്കല്പമാണ്. കാശി വിശ്വനാഥനൊപ്പം കാശിയിൽ കുടികൊള്ളുന്ന ദേവിയെ കാശീപുരാധീശ്വരീ എന്നും പറയുന്നു. ഈ ഭഗവതിയെ ഭജിച്ചാൽ അന്നം മുട്ടില്ല. അന്നപൂർണ്ണേശ്വരി ദേവിയെ പ്രസാദിപ്പിക്കാൻ ശങ്കരാചാര്യ സ്വാമികൾ രചിച്ച് ചൊല്ലിയ സ്തോത്രമാണ്
പ്രസിദ്ധമായ അന്നപൂർണ്ണ അഷ്ടകം. വെള്ളിയാഴ്ച ദിവസങ്ങളിൽ അന്നപൂർണ്ണേശ്വരീ സ്തോത്രം ജപിച്ചാൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. ഈ സ്തോത്രം ജപിക്കുന്നതും സാധുക്കൾക്ക് ആഹാരം നൽകുന്നതും ഏറ്റവും വലിയ പുണ്യമായി കരുതുന്നു. അന്നദാനം ആണ് ലോകത്തിൽ വച്ച് ഏറ്റവും വലിയ ദാനം എന്നും ശിവപുരാണവും പറയുന്നു.

കേരളത്തിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രങ്ങൾ ധാരാളമുണ്ട്. ഇതിന് പുറമെ പല തറവാടുകളുടേയും കുടുംബദേവതയായും അന്നപൂർണ്ണേശ്വരി വാഴുന്നു. ധനധാന്യങ്ങളുടേയും സമ്പത്തിന്റെയും അധിദേവത എന്ന സങ്കല്പത്തിലാണ് അന്നപൂർണ്ണേശ്വരിയെ അറയുടേയും നിലവറയുടേയും വാതിലിനു മുകളിലായി ദേവതാരൂപത്തിൽ കൊത്തിവെച്ചിരിക്കുന്നത്. ഈ രൂപത്തെ മനസ്സിൽ ധ്യാനിച്ചാണ് അറയും നിലവറയും തുറക്കുന്നത്. ഭക്തിയോടെയും ശുദ്ധിയോടെയും അന്നപൂർണ്ണേശ്വരിയെ ജപിച്ചാൽ കുടുംബാഭിവൃദ്ധിയും ശ്രേയസ്സും ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.

അന്നപൂർണ്ണേശ്വരി സ്തോത്രം കേൾക്കാം


അന്നപൂർണ്ണേശ്വരി ധ്യാനം
തപ്തസ്വർണ്ണ നിഭാശശാങ്കമുകുടാ
രത്ന പ്രഭാ ഭാസുര
നാനാവസ്ത്ര വിരാജിതാ ത്രിണയനാ
ഭ്രൂമീരാമാഭ്യാം യുതാ
ദർവ്വീഹാടക ഭാജനം ച ദധതീ
രമ്യോച്ച പീനസ്തനീം
നൃത്യന്തം ശിവമാകലയ്യമുദിതാ
ധ്യേയാന്നപൂർണ്ണേശ്വരി

അന്നപൂർണ്ണേശ്വരി സ്തോത്രം
നിത്യാനന്ദകരി വരാഭയകരി സൗന്ദര്യരത്നാകരി
നിര്‍ദ്ധൂതാഖിലഘോരപാപനകരി പ്രത്യക്ഷ മാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

നാനാരത്നവിചിത്രഭൂഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമാനവിലസദ് വക്ഷോജകുംഭാന്തരി
കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

യോഗാനന്ദകരി രിപുക്ഷയകരി ധര്‍മ്മാര്‍ത്ഥനിഷ്ഠാകരി
ചന്ദ്രാര്‍ക്കാനലഭാസമാനലഹരി ത്രൈലോക്യരക്ഷാകരി
സർവൈശ്വര്യകരി തപ:ഫലകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

കൈലാസാചലകന്ദരാലയകരി ഗൗരി ഉമാശങ്കരി
കൗമാരി നിഗമാര്‍ത്ഥഗോചരകരി ഓംകാര ബീജാക്ഷരി
മോക്ഷദ്വാരകവാടപാടനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദൃശ്യാദൃശ്യ വിഭൂതിവാഹനകരി ബ്രഹ്മാണ്ഡഭാണ്ഡോദരി
ലീലാനാടകസൂത്രഖേലനകരി വിജ്ഞാനദീപാങ്കുരി
ശ്രീവിശ്വേശമന: പ്രസാദനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

ആദിക്ഷാന്തസമസ്ത വര്‍ണ്ണനകരി ശംഭോസ്‌ത്രിഭാവാകരി
കാശ്മീരാ ത്രിപുരേശ്വരി ത്രിണയനി വിശ്വേശ്വരി ശർവരി
കാമാകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ഉർവീ സര്‍വജനേശ്വരി ജയകരി മാതാ കൃപാസാഗരി
നാരി നീലസമാനകുന്തളധരി നിത്യാന്നദാനേശ്വരി
സര്‍വാനന്ദകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദേവി സര്‍വവിചിത്രരത്നരുചിരാ ദാക്ഷായണി സുന്ദരീ
വാമാ സ്വാദുപയോധരാ പ്രിയകരി സൗഭാഗ്യ മാഹേശ്വരി
ഭക്താഭീഷ്ടകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ചന്ദ്രാര്‍‌ക്കാനലകോടികോടിസദൃശേ ചന്ദ്രാംശുബിംബാധരി
ചന്ദ്രാര്‍ക്കാഗ്നിസമാനകുണ്ഡലധരി ചന്ദ്രാര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപാശസാങ്കുശധരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ക്ഷത്രത്രാണകരി മഹാഭയകരി മാതാ കൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാശിവകരീ വിശ്വേശ്വരീ ശ്രീധരി
ദക്ഷാക്രന്ദകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി കൃപാവലംബനകരീ മതാന്നപൂര്‍‌ണ്ണേശ്വരി

അന്നപൂര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യസിദ്ധ്യര്‍ത്ഥം ഭിക്ഷാം ദേഹി ച പാര്‍വതി
മാതാ ച പാര്‍വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം

അന്നപൂര്‍ണ്ണേശ്വരീ സ്തോത്രം അർത്ഥം

1
നിത്യമായ ആനന്ദത്തെ നല്‍കുന്നവളും വരം, അഭയം എന്നീ മുദ്രകള്‍ കൈയില്‍ ധരിച്ചിരിക്കുന്നവളും സൗന്ദര്യത്തിന്റെ സമുദ്രവും ഘോരങ്ങളായ പാതകങ്ങളെ നശിപ്പിച്ച് പരിശുദ്ധിയേകുന്നവളും അന്നം പ്രദാനം ചെയ്യുന്നവളും ഹിമവാന്റെ വംശത്തെ
പാവനമാക്കിയവളും കാശി നഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അല്ലയോ അന്നപൂര്‍ണ്ണേശ്വരീ, എനിക്കു ഭിക്ഷ നല്‍കിയാലും.

2
വിവിധങ്ങളായ രത്‌നങ്ങള്‍കൊണ്ടുള്ള വിശിഷ്ട ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നവളും കുചകുംഭ മദ്ധ്യേ തൂങ്ങിക്കിടന്നു വിലസുന്ന മുത്തുമാലകളോട് കൂടിയവളും കുങ്കുമം, അകില്‍ എന്നിവയാല്‍ സുഗന്ധമാര്‍ന്നവളും ചുറ്റും ശോഭയെ പ്രസരിപ്പിക്കുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ, എനിക്കു ഭിക്ഷ നല്‍കിയാലും.

3
യോഗാനന്ദമേകുന്നവളും ശത്രുക്കളെ നശിപ്പിക്കുന്നവളും ധര്‍മ്മാര്‍ത്ഥങ്ങളെ നിലനിര്‍ത്തുന്നവളും ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിവയ്ക്കു തുല്യമായ കാന്തി പ്രവാഹത്തോടു കൂടിയവളും മൂന്ന് ലോകങ്ങളെയും രക്ഷിക്കുന്നവളും
എല്ലാ ഐശ്വര്യവുമേകുന്നവളും തപസ്സുകൾക്ക് ഫലം
തരുന്നവളും കാശി നഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താൽ ഏവർക്കും ആശ്രയമായുള്ളവളും അമ്മയുമായ അല്ലയോ അന്നപൂർണ്ണേശ്വരി എനിക്ക് ഭിക്ഷ നൽകിയാലും .

4
കൈലാസപര്‍വ്വതഗുഹയില്‍
വസിക്കുന്നവളും ഗൗരി,
ഉമ, ശങ്കരി, കൗമാരി എന്നീ നാമങ്ങളില്‍ വ്യവഹരിക്കപ്പെടുന്നവളും വേദങ്ങളുടെ അര്‍ത്ഥത്തെ പ്രത്യക്ഷമാക്കുന്നവളും പ്രണവമാകുന്ന ബീജാക്ഷരത്തോടു കൂടിയവളും മോക്ഷത്തിനു പ്രതിബന്ധമായ അജ്ഞാനത്തെ നശിപ്പിക്കുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ, എനിക്കു ഭിക്ഷ നല്‍കിയാലും.

5
ദൃശ്യങ്ങളും അദൃശ്യങ്ങളുമായ ആത്മവിഭൂതിയാകുന്ന പ്രപഞ്ചത്തെ പരിശുദ്ധമാക്കുന്നവളും ബ്രഹ്മാണ്ഡ കടഹങ്ങളെ മുഴുവന്‍ ഉള്ളില്‍ വഹിക്കുന്നവളും സൃഷ്ടിസ്ഥിതി സംഹാരാത്മകങ്ങളായ ലീലാനാടകത്തിന് സൂത്രധാരയായി വര്‍ത്തിക്കുന്നവളും ആത്മജ്ഞാനമാകുന്ന ദീപത്തെ ഉദിപ്പിക്കുന്നവളും ശ്രീവിശ്വനാഥന് മന:സന്തോഷത്തെ നല്‍കുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ, എനിക്കു ഭിക്ഷ നല്‍കിയാലും.

6
ആ മുതൽ ക്ഷ വരെയുള്ള അക്ഷരങ്ങളുടെ
സ്വരൂപത്തോട് കൂടിയവളും ജീവാത്മാവിന് ജാഗ്രത് ,
സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളെ ചെയ്യുന്നവളും കുങ്കുമ വർണ്ണയും ത്രിപുരങ്ങൾക്ക്
സ്ഥൂലസൂക്ഷ്മ കാരണ ശരീരങ്ങൾക്ക്
അധീശ്വരിയായവളും മൂന്നവസ്ഥകളിലും ജ്ഞാന
പ്രവാഹമായി വര്‍ത്തിക്കുന്നവളും സകലലോകത്തിനും ഈശ്വരിയും ശര്‍വ്വരിയും (കര്‍മ്മങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നവളും) അഭീഷ്ടദായിനിയും ഉത്കര്‍ഷമേകുന്നവളും കാശിനഗരത്തിന്റെ
അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ, എനിക്കു ഭിക്ഷ നല്‍കിയാലും.

7
ഏറ്റവും വലിയവളും സര്‍വർക്കും
ഈശ്വരിയും ജയമേകുന്നവളും മാതാവിനെപ്പോലെ കരുണാസാഗരവും ഉത്തമസ്ത്രീരത്‌നവും ഇന്ദ്രനീല നിറമുള്ള തലമുടിയുള്ളവളും നിത്യവും അന്നം ദാനംചെയ്യുന്നവളും മോക്ഷമാകുന്ന ആനന്ദം നല്‍കുന്നവളും സദാ മംഗളമേകുന്നവളുമായ അന്നപൂര്‍ണ്ണേശ്വരീഭിക്ഷ നല്‍കിയാലും.
8
വിവിധ വര്‍ണ്ണങ്ങളിലുള്ള എല്ലാ രത്‌നങ്ങളാലും ശോഭിക്കുന്നവളും ദക്ഷ പുത്രിയും സുന്ദരിയും സ്ത്രീരത്‌നവും മധുരമായ സ്തനങ്ങളാൽ പ്രിയങ്കരിയായവളും (മധുരമായ പാല്‍ ഏന്തിയിരിക്കുന്നവളും) സര്‍വ്വ സൗഭാഗ്യത്തോടുകൂടിയ മഹേശ്വരിയും അഭീഷ്ടദായിനിയും സദാ മംഗളമേകുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയുമായ അന്നപൂര്‍ണ്ണേശ്വരീ ഭിക്ഷ നല്‍കിയാലും.

9
അനേക കോടി ചന്ദ്രൻ , സൂര്യൻ, അഗ്നി, ഇവർക്ക്
സദൃശയും ചന്ദ്രനെപ്പോലെ ശുഭ്ര വർണ്ണയും തൊണ്ടിപ്പഴം
പോലുള്ള അധരത്തോട് കൂടിയവളും ചന്ദ്രൻ , സൂര്യൻ, അഗ്നി എന്നിവയ്ക്ക് തുല്യമായ കുണ്ഡലങ്ങൾ ധരിച്ചിരിക്കുന്നവളും ചന്ദ്ര സൂര്യന്മാരെപ്പോലെ നിറമുളള ഈശ്വരിയും അക്ഷമാല, പുസ്തകം, പാശം, അങ്കുശം ഇവ ധരിച്ചിരിക്കുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താൽ അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ, ഭിക്ഷ നല്‍കിയാലും.

10
ക്ഷതത്തില്‍നിന്നു രക്ഷിക്കുന്നവരെ രക്ഷിക്കുന്നവളും മഹത്തായ അഭയത്തെ ചെയ്യുന്നവളും കൃപാസാഗരമായ അമ്മയും സ്വയമേവ മോക്ഷദായിനിയും എപ്പോഴും മംഗളത്തെ ചെയ്യുന്നവളും വിശ്വേശ്വരിയും ഐശ്വര്യധാരിണിയും (ഭദ്രകാളിയായി) ദക്ഷനെ കരയിച്ചവളും രോഗങ്ങളെ നശിപ്പിക്കുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ ഭിക്ഷ നല്‍കിയാലും.
11
എപ്പോഴും പരിപൂര്‍ണ്ണയും ശിവന്റെ പ്രാണപ്രിയയുമായ അന്നപൂര്‍ണ്ണേശ്വരീ, ജ്ഞാനവും വൈരാഗ്യവും സിദ്ധിക്കുന്നതിനായി, പാര്‍വ്വതീ ഭിക്ഷ നല്‍കിയാലും.

12
എനിക്ക് മാതാവ് പാര്‍വ്വതീദേവിയും പിതാവ് മഹേശ്വരനും ബന്ധുക്കള്‍ ശിവഭക്തന്മാരും സ്വദേശം മൂന്നു ലോകങ്ങളുമാകുന്നു.

Story Summary: Significance and Benefits of worshipping Annapoorna Devi and Recitating Annapoorneswari Stotram on Friday’s

error: Content is protected !!
Exit mobile version