Sunday, 22 Sep 2024

വെള്ളിയാഴ്ച പണം കൊടുത്താൽ

ആരാധിക്കാത്ത, ആദരിക്കാത്ത ഒരിടത്തും നിൽക്കാത്ത ദേവിയാണ് ലക്ഷ്മി. അപമാനിക്കുന്നിടത്ത് നിന്ന്  ലക്ഷ്മീദേവി ഇറങ്ങിപ്പോകുക തന്നെ ചെയ്യും.ലക്ഷ്മീദേവിയെ പരിചരിക്കുന്ന ആദരവോടെ വേണം പണം കൈകാര്യം ചെയ്യാൻ. കാരണം പണം സര്‍വ്വസമ്പദ് സമൃദ്ധിയുടെ പ്രതീകമായ മഹാലക്ഷ്മിയാണ്. ഭക്തിപൂർവ്വം ധനം കൈകാര്യം  ചെയ്യുന്നവർക്ക് ഐശ്വര്യവും മേൽക്കുമേൽ അഭിവൃദ്ധിയുമുണ്ടാകും. അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരുടെയും പണത്തിന്റെ ചെറിയ അംശങ്ങളിൽ  ശ്രദ്ധിക്കാത്തവരുടെയുമൊപ്പം  ഒരിക്കലും സമ്പത്ത് നിൽക്കില്ല. അവർക്ക് നാൾക്കുനാൾ അധോഗതിയുണ്ടാകും.നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതം നീരീക്ഷിച്ചാൽ ഇക്കാര്യം ബോദ്ധ്യമാകുമെന്ന് ആത്മീയാചാര്യനും ജ്യോതിഷ പണ്ഡിതനുമായ പ്രൊഫ. ദേശികം രഘുനാഥൻ ചൂണ്ടിക്കാട്ടി.

മഹാലക്ഷ്മിയുടെ ദിനമായതിനാലാണ് വെള്ളിയാഴ്ചകളിൽ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ലോഹപാത്രങ്ങള്‍, ധനം, ധാന്യം തുടങ്ങിയവ ആര്‍ക്കും കൊടുക്കരുത്, ദാനം ചെയ്യരുത് എന്നെല്ലാം പറയുന്നത്.  ഈ ദിനങ്ങളില്‍ കിട്ടുന്നതെല്ലാം ഐശ്വര്യം വർദ്ധിപ്പിക്കുകയും  കൊടുക്കുന്നതെല്ലാം  ഐശ്വര്യം കെടുത്തുകയും ചെയ്യും. കൈയ്യിലുള്ള വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കാതെ കൈവിട്ടു കളഞ്ഞാൽ  അതിലൂടെ ഐശ്വര്യം പടിയിറങ്ങിപ്പോവുകും. അതുകൊണ്ടാണ് വെള്ളിയാഴ്ച ഇത്തരം സാധനങ്ങൾ ആരും മറ്റുള്ളവര്‍ക്ക് കൊടുക്കാത്തത്. വെള്ളിയാഴ്ചകളിൽ ലക്ഷ്മിദേവി  നേരില്‍ വീട്ടില്‍ വന്ന് കയറുന്നു എന്നാണ് വിശ്വാസം. 

വെള്ളിയാഴ്ചകളിൽ പണം  കൊടുക്കരുതെന്ന പണ്ടുമുതലേയുള്ള വിശ്വാസത്തിന് മറ്റൊരു കാരണവുമുണ്ട്.  പ്രൊഫ. ദേശികം രഘുനാഥൻ അതും പറഞ്ഞു തന്നു: വെള്ളിയാഴ്ച ശുക്രഗ്രഹവുമായി ബന്ധപ്പെട്ട ദിവസമാണ്. ഹിന്ദിയിൽ വെള്ളിയാഴ്ചയെ ശുക്രവാർ എന്നാണ് പറയുന്നത്.  വെള്ളിയാഴ്ചകളിൽ ശുക്രന്റെ നിയന്ത്രണത്തിലുള്ള എല്ലാ കാര്യങ്ങൾക്കും അനുകൂല പ്രതികൂല തരംഗങ്ങൾ കൂടുതൽ ശക്തമായി സൃഷ്ടിക്കാനാകും. ശുക്രനാണ് പണം, സ്വർണ്ണം, വാഹനം തുടങ്ങിയ ഐശ്വര്യങ്ങളുടെ കാരകൻ. ഈ സമൃദ്ധികൾ ആ ദിവസം കൈവിട്ടു കളയുന്നവരെ  ശുക്രൻപ്രതികൂലമായി ബാധിക്കും. 

പഴയകാലത്ത് ഈ വിശ്വാസം വളരെ  ശക്തമായിത്തന്നെ  നിലനിന്നിരുന്നു. പണ്ടുള്ളവർ ഉരുളിയും, വിളക്കും, പറയും എല്ലാം പരസ്പരം കൈമാറുന്നതിനും  വെള്ളിയാഴ്ചകൾ ഒഴിവാക്കിയിരുന്നു.കൊടുക്കൽ വാങ്ങലുകൾ എല്ലാം അനുകൂല, പ്രതികൂല തരംഗങ്ങൾ സൃഷ്ടിക്കുമെന്നത് ഉദാഹരിക്കാൻ പ്രൊഫ. ദേശികം രഘുനാഥൻ ഒരു കഥ പറഞ്ഞു തന്നു:

പാവപ്പെട്ടവനായ കുചേലൻ കാണാൻ വന്നപ്പോൾ കൊണ്ടുവന്ന അവിൽ പൊതിയിൽ നിന്നും ഒരു പകുതിയെടുത്ത്  ശ്രീകൃഷ്ണൻ കഴിച്ച് പഴയ സതീർത്ഥ്യനെ അനുഗ്രഹിച്ചു. അവിൽ പൊതിയിലെ ബാക്കി പകുതി കുടി കഴിക്കാനൊരുങ്ങിയപ്പോൾ ദേവി ശ്രീകൃഷ്ണന്റെ കൈയ്യിൽ കയറിപ്പിടിച്ചിട്ട് മതി, ഇനി കഴിക്കരുതെന്ന് പറഞ്ഞ്  കൈ എടുത്തു മാറ്റി.  കുചേലൻ പോയിക്കഴിഞ്ഞ് കാരണം തിരക്കിയപ്പോൾ ദേവി ഭഗവാനോട് പറഞ്ഞു:  പകുതി കഴിച്ചപ്പോൾ തന്നെ ദ്വാരകയിൽ നിന്നും പകുതി ഐശ്വര്യം കുചേലന് ലഭിച്ചു.  ബാക്കി കൂടി കഴിച്ചിരുന്നെങ്കിൽ നമ്മുടെ  ഐശ്വര്യം മുഴുവനും കുചേലന് ലഭിക്കുകയും ഞാൻ കുചേല പത്നിയുടെ  ദാസിയാകേണ്ടിയും വരുമായിരുന്നു. കൊടുക്കൽ വാങ്ങലുകൾ എല്ലാം തന്നെഅനുകൂല, പ്രതികൂല തരംഗങ്ങൾ സൃഷ്ടിക്കുമെന്നതിന് ഈ കഥ ഒന്നാം തരം ഉദാഹരണമാണ്. ചിലരിൽ നിന്ന് എന്തെങ്കിലും ദാനമായി ലഭിച്ചാൽ അത് വാങ്ങുന്നയാൾക്ക് ഉയർച്ചയും കൊടുക്കുന്നയാൾക്ക് തളർച്ചയും വരുന്നത് നിരീക്ഷിച്ചിട്ടുണ്ടെന്നും പ്രൊഫ.ദേശികം പറഞ്ഞു. അതിനാൽ വെള്ളിയാഴ്ചകളിൽ ധനം കഴിയുന്നതും ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.

– പി.എം. ബിനുകുമാർ

+919447694053

error: Content is protected !!
Exit mobile version