വെള്ളിയാഴ്ച രാത്രി ചന്ദ്രഗ്രഹണം; ഓം നമ: ശിവായ ജപിക്കുക
ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം 2020 ജൂൺ 5 വെള്ളിയാഴ്ച രാത്രി പൗർണ്ണമി ദിനത്തിൽ സംഭവിക്കും. രാത്രി 11:11 ന് തുടങ്ങി അർദ്ധരാത്രി 12:54 ന് ഉച്ചത്തിലെത്തി ഉപഛായാഗ്രഹണം സംഭവിക്കും. ശനിയാഴ്ച, ജൂൺ 6 പുലർച്ചെ 2:31 ന് ചന്ദ്രഗ്രഹണം അവസാനിക്കും.
ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നതാണ് ചന്ദ്രഗ്രഹണം. ഏഷ്യയിലെ ചില ഭാഗങ്ങൾ, ആസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇത് കേരളത്തിൽ ദൃശ്യമല്ല. അതിനാൽ ആചരണീയവുമല്ല. എങ്കിലും രാത്രി പുറത്തിറങ്ങി ചന്ദ്രനെ നോക്കി ഗ്രഹണം കാണാൻ കഴിയുമോ എന്ന് ആരും പരീക്ഷിക്കുരുത്.
ആകെക്കൂടി കുഴപ്പം പിടിച്ച സമയമാണ്. കാളസർപ്പ യോഗത്തിന്റെ ദുരിതങ്ങൾ തുടരുകയാണ്. ഗ്രഹണത്തിന്റെയും വസുന്ധരാ യോഗത്തിന്റെയും വ്യാഴത്തിന്റെ അതിചാരത്തിന്റെയും തിക്ത ഫലങ്ങളാണ് ഇപ്പോൾ ലോകം അനുഭവിക്കുന്നത്. മനുഷ്യരെ കൊന്നൊടുക്കുന്ന മഹാമാരി കോവിഡ് 19 സകലരുടെയും പിറകെയുണ്ട്. കഴിഞ്ഞ ജനുവരിയിൽ സംഭവിച്ച ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണത്തിന്റെ ദോഷഫലങ്ങൾ കൂടിയാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്നത് മറക്കരുത്.
അടുത്ത ചന്ദ്രഗ്രഹണം അടുത്ത മാസം അതായത് ജൂലായ് 5 നും ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം നവംബർ 30 നും സംഭവിക്കും. കാണുന്നവരെ പ്രതികൂലമായി ബാധിക്കുന്നതാണ് ചന്ദ്രഗ്രഹണമെന്ന് ജ്യോതിഷാചാര്യന്മാർ പറയുന്നു. രോഗക്ലേശം, കർമ്മ തടസം, തൊഴിൽ മാന്ദ്യം, മാനസിക വിഷമങ്ങൾ, വിദ്യാതടസം, ധനക്ലേശം, ദാമ്പത്യ പ്രശ്നങ്ങൾ, കുടുംബ ദോഷം തുടങ്ങിയവയാണ് ചന്ദ്രഗ്രഹണത്തിന്റെ പ്രധാന ദോഷഫലങ്ങൾ.
ഗ്രഹണസമയത്ത് ക്ഷേത്രങ്ങൾ തുറക്കില്ല. വീടുകളിൽ പൂജാമുറിയിലും വിളക്ക് കത്തിക്കരുത്. ഗ്രഹണസമയത്ത് ശാരീരിക ബന്ധം പാടില്ല. വൈകല്യങ്ങളുള്ള കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. അർദ്ധരാത്രിയിലാണ് ഇത്തവണ ഗ്രഹണമെങ്കിലും ആ നേരത്ത് ഉണർന്നിരിക്കുന്നവർ ആഹാരം കഴിക്കരുത്. ഗ്രഹണസമയത്ത് കഴിവതും സാത്വിക ചിന്തയോടെ ഇരിക്കണം.
ഈ നേരത്ത് കഴിയുന്നത്ര തവണ ഓം നമഃ ശിവായ ജപിക്കാൻ ശ്രമിക്കണം. ഗ്രഹണസമയത്ത് ജപിക്കാവുന്ന ഏക മന്ത്രം ഓം നമഃ ശിവായ മാത്രമാണ്. വെളുത്തവാവിലാണ് ചന്ദ്ര ഗ്രഹണം വരുന്നതെന്നതിനാൽ പൗർണ്ണമി വ്രതമെടുക്കുന്നവർക്ക് ഈ വെള്ളിയാഴ്ച അതി വിശേഷമാണ്.
-കെ. ദേവീദാസ്