വെള്ളി ആഭരണം വ്യാഴത്തിന്റെയും ചന്ദ്രന്റെയും ദോഷങ്ങളകറ്റും
ആയുരാരോഗ്യവും സമ്പത്‌സമൃദ്ധിയും പ്രദാനം ചെയ്യാൻ കഴിയുന്ന ലോഹമാണ് വെള്ളി എന്ന് വൈദ്യശാസ്ത്രവും ജ്യോതിഷവും ഒരുപോലെ പറയുന്നു. വൈദിക കാലത്തെ ജ്യോതിഷികൾ രേഖപ്പെടുത്തിയിട്ടുള്ളത് വെള്ളി ദേവലോഹങ്ങളിൽ ഒന്നാണെന്നാണ്. സൂര്യലോകം സ്വർണ്ണമയമാണെങ്കിൽ ചന്ദ്രലോകം വെള്ളികൊണ്ടുള്ളതാണ്. തണുപ്പാണ് ചന്ദ്രലോകത്തിന്റെ മറ്റൊരു പ്രത്യേകത. വെള്ളി മനുഷ്യനിൽ സൃഷ്ടിക്കുന്ന സ്വാധീനവും അതുതന്നെ. വെള്ളി മനുഷ്യരുടെ കോപതാപങ്ങൾ തണുപ്പിച്ച് സദ്ഫലം പ്രദാനം ചെയ്യുന്നുവെന്ന് ജ്യോതിഷപണ്ഡിതർ പറയുന്നു.
വ്യാഴവും ചന്ദ്രനുമാണ് വെള്ളിയുടെ ദേവതകൾ. വ്യാഴദോഷം കാരണമോ ചന്ദ്രന്റെ നീചസ്ഥിതി മൂലമോ ദുരിതമനുഭവിക്കുന്നവർ വെള്ളി ആഭരണം ധരിച്ചാൽ മതി. ഇവർ വെള്ളി കൊണ്ടുള്ള മോതിരമോ, മാലയോ ധരിക്കണം. മോതിരം വലതുകൈയ്യിലെ ചെറുവിരലിൽ വേണം ധരിക്കേണ്ടത്. ശുദ്ധമായ വെള്ളിയിലുള്ള മോതിരം ക്ഷേത്രത്തിൽ നൽകി പേരും നാളും പറഞ്ഞ് പൂജിച്ച ശേഷം ധരിക്കുന്നത് കൂടുതൽ നല്ലത്. വെള്ളിവിളക്കു തെളിക്കുന്നത് ഇപ്പേൾ വീടുകളിൽ പതിവാണ്.വെള്ളിവിളക്കിൽ നെയ്യൊഴിച്ച് തിരിതെളിച്ച് പ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. വിളക്കുമാത്രമല്ല വെള്ളി കൊണ്ടുള്ള മോതിരമോ മാലയോ ഒരു വ്യാഴാഴ്ച രാത്രി മുഴുവൻ ജലത്തിൽ മുക്കിവയ്ക്കുക. അതിനുശേഷം ഈ ആഭരണം ജലത്തിൽ നിന്നെടുത്ത് പൂജാമുറിയിൽ വച്ച് ആരാധിച്ചാൽ പ്രാർത്ഥിക്കുന്നതെല്ലാം നടക്കുമെന്നും വിശ്വസിക്കുന്നു. ഇവ ധരിച്ച് ധ്യാനിക്കുന്നതും അനുകൂല ഊർജ്ജം നൽകും. ശരീരത്തിൽ ജലത്തിന്റെയും കഫത്തിന്റെയും സന്തുലനവുമായി വെള്ളിക്ക് ബന്ധമുണ്ടെന്ന് ആചാര്യന്മാർ പറയുന്നു. വെള്ളി ആഭരണം ധരിക്കുന്നത് കഫദോഷമകറ്റും. സന്ധിവാതം, സന്ധികളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ ഇവ അകറ്റാനും വെള്ളി ആഭരണം ധരിക്കുന്നതും വെള്ളിപ്പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. വെള്ളിപ്പാത്രത്തിൽ തേനെടുത്ത് വെള്ളിക്കരണ്ടി കൊണ്ട് കോരിക്കഴിക്കുന്നത് സൈനസ്, ജലദോഷസംബന്ധമായ പ്രശ്‌നങ്ങൾ ഇവ പരിഹരിച്ചേക്കും. വെള്ളിമാല ധരിക്കുന്നത് കണ്ഠചക്രത്തെ ശക്തിപ്പെടുത്തുന്നതിനാൽ വിക്ക് തുടങ്ങിയ സംസാര സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാണെന്ന് പറയപ്പെടുന്നു.
വെള്ളിമോതിരം അണിഞ്ഞ ചെറുവിരൽ ഒരു പാത്രത്തിലെ വെള്ളത്തിൽ മുക്കിവയ്ക്കുക. അതിനുശേഷം മോതിരത്തിലേക്ക് വെളിച്ചം പതിപ്പിക്കണം. ഇങ്ങനെ കുറച്ചുനേരം വച്ചാൽ പോസിറ്റീവ് ഊർജ്ജം വന്നു നിറയുന്നത് അനുഭവപ്പെടും. മനസിനെയും ശരീരത്തെയും അലട്ടുന്ന പ്രശ്‌നങ്ങൾക്ക് ആശ്വാസവും ലഭിക്കും.
എന്തായാലും ഒരു കാര്യം സത്യമാണ്: വെള്ളി ഒട്ടേറെ ഗുണങ്ങളുള്ള ലോഹമാണ്. സുക്ഷിച്ച് ഉപയോഗിച്ചാൽ ശരീരത്തിന് ദോഷം ചെയ്യാത്ത ലോഹമാണ് ഇതെന്ന് വൈദ്യശാസ്ത്രം പറയുന്നു. ആന്റിബയോട്ടിക്കുകളുടെ പുറത്ത് വെള്ളി ലേപനം ചെയ്യാറുണ്ട്. മെഡിക്കൽ ഉപകരണങ്ങളിൽ പലതും വെള്ളിക്കൊണ്ടുണ്ടാക്കിയവയാണ്. ഇതുതന്നെയാണ് ജ്യോതിഷവും പറയുന്നത്. വെള്ളി മനുഷ്യന്റെ ശരീരത്തിന് മാത്രമല്ല ജീവിതത്തിനും ഒട്ടേറെ ഗുണഫലങ്ങൾ നൽകുമെന്ന് വിദഗ്ദ്ധമതം. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ എന്ന പ്രയോഗം സമ്പന്നതയെ ആണല്ലോ സൂചിപ്പിക്കുന്നത്.
എന്നാൽ വെള്ളിയുടെ ചില സംയുക്തങ്ങൾ കോശങ്ങൾക്ക് നാശമുണ്ടാക്കുകയും അതു വഴി രക്തസമ്മർദ്ദ വ്യതിയാനം, വയറിളക്കം, ശ്വാസതടസം, ദഹേന്ദ്രിയ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. സിൽവർ നൈട്രേറ്റ് , സിൽവർ ഫ്ലൂ റൈഡ് എന്നിവയാണ് ഈ സംയുക്തങ്ങൾ.