വേധമുള്ളവർ തമ്മിൽ ചേരില്ല; ഒരുപാട് ഗുണങ്ങൾ ഇല്ലാതാക്കും ഈ ഒരു ദോഷം
എസ്. ശ്രീനിവാസ് അയ്യര്‍
പത്തു പൊരുത്തങ്ങള്‍ അഥവാ ദശവിധ പൊരുത്തങ്ങള്‍ ആണ് കേരളീയ ജ്യോതിഷത്തില്‍ പരിഗണിക്കുന്നത്. അവയിലൊന്നാണ് വേധം. ചുവടെ ചേര്‍ക്കുന്ന നക്ഷത്രജോടികളെ ശ്രദ്ധിക്കുക:
- അശ്വതി…………….തൃക്കേട്ട
- ഭരണി………………..അനിഴം
- കാര്‍ത്തിക…………വിശാഖം
- രോഹിണി ………….ചോതി
- മകം…………….. ….. രേവതി
- പൂരം………………….. ഉത്രട്ടാതി
- ഉത്രം……………. …… പൂരുരുട്ടാതി
- അത്തം……………. .. ചതയം
- മൂലം…………………. ആയില്യം
- പൂരാടം……….. ….. പൂയം
- ഉത്രാടം………….…. പുണർതം
- തിരുവോണം…….. തിരുവാതിര.
ഈ പന്ത്രണ്ട് ജോടികളില്‍ വരുന്ന ദ്വന്ദങ്ങളാവരുത് പൊരുത്ത ചിന്തയില്‍ ആണിന്റെയും പെണ്ണിന്റെയും നക്ഷത്രങ്ങള്‍. അവ തമ്മില്‍ തമ്മില്‍ വേധദോഷമുണ്ട്. ഇവയില്‍ വരാത്ത മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകള്‍ പരസ്പരവും വേധദോഷമുണ്ട്. അങ്ങനെ 27 നക്ഷത്രങ്ങളെ 13 വിഭാഗമാക്കിയിരിക്കുന്നു. ഓരോ വിഭാഗത്തിനും പരസ്പരം വേധം ഭവിക്കുന്നു എന്നാണ് നിയമം.
ഇപ്രകാരം വേധമുള്ള നക്ഷത്രങ്ങളില്‍ പൊരുത്ത ചിന്തയില്‍ വിവാഹാര്‍ത്ഥികളായ സ്ത്രീപുരുഷന്മാരുടെ നാളുകള്‍ വരരുത് എന്നാണ് അനുശാസനം. ഉദാഹരണം ഇതിലെ ക്രമസംഖ്യ 1 നോക്കുക: അശ്വതി നാളുകാർക്ക് തൃക്കേട്ട നാളുകാർ വിവാഹാര്‍ഹർ അല്ല. മറ്റൊരുദാഹരണം കൂടി. ക്രമസംഖ്യ 6 നോക്കാം. പൂരം നാളുകാർക്ക് ഉത്രട്ടാതി നാളുകാർ വിവാഹത്തിന് അനുരൂപരല്ല. ഈ 12 ജോടികളെ കൂടാതെ മകയിരം, ചിത്തിര , അവിട്ടം എന്നീ നാളുകാരും തമ്മില്‍ തമ്മില്‍ വിവാഹം പാടില്ല.
വേധ നക്ഷത്രങ്ങള്‍ കണക്കാക്കാന്‍ ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്കായി ഒരു എളുപ്പ വിദ്യകൂടി പറയാം.
അശ്വതി മുതല്‍ രോഹിണി വരെ, മകം മുതല്‍ അത്തം വരെ, മൂലം മുതല്‍ തിരുവോണം വരെ എന്നീ മൂന്ന് വിഭാഗമായി വരുന്ന നാലു നാളുകളുടെ 18, 16, 14, 12 ആയി വരുന്ന നാളുകള്‍ക്കാണ് യഥാക്രമം വേധമുള്ളത്. അപ്പോള്‍ അങ്ങനെ വേധം വരുന്ന നാളുകളുടെ 11, 13, 15, 17 എന്നിങ്ങനെയുള്ള ക്രമത്തില്‍ ഈ നാളുകള്‍ വരികയും ചെയ്യും. ഇക്കാര്യം വിശദമായിത്തന്നെ നോക്കാം.
അശ്വതിയുടെ പതിനെട്ടാം നാള്‍ തൃക്കേട്ട (തൃക്കേട്ടയുടെ പതിനൊന്നാം നാള്‍ അശ്വതി), മകത്തിന്റെ പതിനെട്ടാം നാള്‍ രേവതി (രേവതിയുടെ പതിനൊന്നാം നാള്‍ മകം) മൂലത്തിന്റെ പതിനെട്ടാം നാള്‍ ആയില്യം (ആയില്യത്തിന്റെ പതിനൊന്നാം നാള്‍ മൂലം) ഇതുവരെ നാം കണ്ടത് 18/11 രീതി.
ഇനി 16/13 രീതി നോക്കാം. ഭരണിയുടെ പതിനാറാം നാള്‍ അനിഴം (അനിഴത്തിന്റെ പതിമൂന്നാം നാള്‍ ഭരണി), പൂരത്തിന്റെ പതിനാറാം നാള്‍ ഉത്രട്ടാതി (ഉത്രട്ടാതിയുടെ പതിമൂന്നാം നാള്‍ പൂരം) പൂരാടത്തിന്റെ പതിനാറാം നാള്‍ പൂയം. (പൂയത്തിന്റെ പതിമൂന്നാം നാള്‍ പൂരാടം).
ഇനി 14/15 രീതിയാണ്. കാര്‍ത്തികയുടെ പതിനാലാം നാള്‍ വിശാഖം (വിശാഖത്തിന്റെ പതിനഞ്ചാം നാള്‍ കാര്‍ത്തിക). ഉത്രത്തിന്റെ പതിനാലാംനാള്‍ പൂരുരുട്ടാതി (പൂരുരുട്ടാതിയുടെ പതിനഞ്ചാം നാള്‍ ഉത്രം). ഉത്രാടത്തിന്റെ പതിനാലാം നാള്‍ പുണര്‍തം. (പുണര്‍തത്തിന്റെ പതിനഞ്ചാം നാള്‍ ഉത്രാടം).
ഇനി നമുക്ക് നോക്കേണ്ടത് 12/17 എന്ന വിധാനമാണ്. രോഹിണിയുടെ പന്ത്രണ്ടാം നാള്‍ ചോതി, (ചോതിയുടെ പതിനേഴാം നാള്‍ രോഹിണി), അത്തത്തിന്റെ പന്ത്രണ്ടാം നാള്‍ ചതയം (ചതയത്തിന്റെ പതിനേഴാം നാള്‍ അത്തം), തിരുവോണത്തിന്റെ പന്ത്രണ്ടാംനാള്‍ തിരുവാതിര. (തിരുവാതിരയുടെ പതിനേഴാം നാള്‍ തിരുവോണം).
ഇവയില്‍ ഉള്‍പ്പെടാത്ത മകയിരം, ചിത്തിര, അവിട്ടം എന്നിവ പരസ്പരം 10,19 നക്ഷത്രങ്ങളായി വരും.
ഇതുതന്നെ വേറെ തരത്തിലും പറയാം. കേതുവിന്റെ നക്ഷത്രങ്ങളുമായി (അശ്വതി, മകം, മൂലം) വേധം വരുന്നത് ബുധന്റെ നക്ഷത്രങ്ങള്‍ക്കാണ് (തൃക്കേട്ട, രേവതി, ആയില്യം എന്നിവയ്ക്ക്). ശുക്രന്റെ നക്ഷത്രങ്ങളുമായി ( ഭരണി, പൂരം, പൂരാടം) വേധം വരുന്നതാകട്ടെ ശനിയുടെ നക്ഷത്രങ്ങള്‍ക്കും. (അനിഴം, ഉത്രട്ടാതി, പൂയം എന്നിവയ്ക്ക്). സൂര്യന്റെ നക്ഷത്രങ്ങളുമായി (കാര്‍ത്തിക, ഉത്രം, ഉത്രാടം) വ്യാഴത്തിന്റെ നക്ഷത്രങ്ങള്‍ക്ക് (വിശാഖം , പൂരുരുട്ടാതി, പുണര്‍തം) വേധം വരുന്നു. ചന്ദ്രന്റെ നക്ഷത്രങ്ങളായ രോഹിണി, അത്തം, തിരുവോണം എന്നിവയുമായി രാഹുവിന്റെ നക്ഷത്രങ്ങള്‍ക്കാണ് ( ചോതി, ചതയം, തിരുവാതിര) വേധദോഷം ഭവിക്കുന്നത്. അപ്പോള്‍ വേധം കേതു/ ബുധന്‍, ശുക്രന്‍/ശനി, സൂര്യന്‍/വ്യാഴം, ചന്ദ്രന്‍/ രാഹു ദ്വന്ദ്വങ്ങളുടെ നക്ഷത്രങ്ങള്‍ക്കാണ് എന്നും പറയാം. അവശേഷിക്കുന്ന ഗ്രഹം ചൊവ്വയും ചൊവ്വയുടെ നാളുകളായ മകയിരം, ചിത്തിര, അവിട്ടം എന്നിവയുമാണ്. അങ്ങനെ വേധം അവയ്ക്ക് തമ്മിലായി.
വിവാഹപ്പൊരുത്തത്തില്‍, വിശേഷിച്ചും പാപസാമ്യത്തില്‍ ചൊവ്വയ്ക്കുള്ള പ്രാധാന്യവും പ്രസക്തിയും സത്യത്തില്‍ ഇവിടെയും വ്യക്തമാക്കപ്പെടുകയാണ്.
പഞ്ചവര്‍ഗ വേധം എന്നൊരു വിഭാഗമുണ്ട്. അതിന്റെ വിവരണം മറ്റൊരിക്കലാവാം. അറിഞ്ഞോ അറിയാതെയോ വേധദോഷം പരിഗണിക്കാതെ വിവാഹിതരായവര്‍ എത്ര വര്‍ഷം കഴിഞ്ഞിരുന്നാലും ഉത്തമദൈവജ്ഞന്റെ നിര്‍ദ്ദേശപ്രകാരം പ്രാര്‍ത്ഥനയോ ദോഷശാന്തിയോ നടത്തുന്നത് ശ്രേയസ്സിന് കാരണമാകും.
വേധം എന്ന പദത്തിന് തുളയ്ക്കുക, മുറിക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. അത് ദാമ്പത്യ ശൈഥില്യത്തെ കുറിക്കുന്നതാണ്. അതിനാല്‍ വേധദോഷം ഒഴിവാക്കപ്പെടേണ്ടതു തന്നെ എന്ന അഭിപ്രായമാണ് പ്രമുഖ ആചാര്യന്മാര്‍ക്കെല്ലാം. ‘ഏകോപിദോഷോ വേധാഖ്യോ / ഗുണാന്‍ ഹന്തി ബഹൂനപി / തസ്മാത് വിവര്‍ജയേത് വേധം /മദ്ധ്യരജ്ജുസ് തു തല്‍സമ’ എന്ന ശ്ലോകം ആചാര്യന്മാര്‍ പറയാറുണ്ട്. സാരം ഇങ്ങനെ: ഒരുപാട് ഗുണങ്ങളെ ഇല്ലാതാക്കാന്‍ വേധം എന്ന ഒരു ദോഷത്തിനാവും. അതുപോലെ തന്നെയാണ് മദ്ധ്യരജ്ജുദോഷവും.
എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343
അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം
കൂടുതല്‍ വായിക്കാനും മറ്റു നാളുകളെക്കുറിച്ചറിയാനും ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/
Story Summary: Importance of Vedhaporutham in Marriage Matching