Saturday, 23 Nov 2024

വൈകാശി വിശാഖം നാളെ, ശ്രീ മുരുകന്റെതിരുനാൾ; ആരാധിച്ചാൽ ഇരട്ടി ഫലം

മംഗള ഗൗരി
ശ്രീ പരമേശ്വരന്റെ തൃക്കണ്ണിലെ അഗ്‌നിയിൽ നിന്നും
മനുഷ്യരാശിക്ക് ഭീഷണിയായ അസുരന്മാരെ നിഗ്രഹിക്കാൻ അവതരിച്ച സുബ്രഹ്മണ്യ ഭഗവാന്റെ തിരുനാളാണ് വൈകാശി വിശാഖം. തമിഴ് മാസമായ വൈകാശിയിലെ വിശാഖം നാളിലാണ് ശൂരപത്മാസുര നിഗ്രഹത്തിന് ആറു മുഖമുള്ള ശിശുവായി വേൽമുരുകൻ അവതരിച്ചത്. മലയാളത്തിന് ഇത് ഇടവ മാസത്തിലെ വിശാഖമാണ്.

ശിവപുത്രൻ, പാർവതി തനയൻ, ഗണപതിയുടെ ഇളയസഹോദരൻ, ഇന്ദ്രന്റെ മരുമകൻ, അഗസ്ത്യർക്ക് തമിഴ് വ്യാകരണം ഉപദേശിച്ച ഭഗവാൻ, അവ്വൈയാർക്ക് ഞാവൽപഴത്തിലൂടെ തത്ത്വജ്ഞാനമേകിയ ദേവൻ, പിതാവായ ശിവന് തന്നെ പ്രണവമന്ത്രപ്പൊരുൾ ഉപദേശിച്ചവൻ എന്നിങ്ങനെ മഹിമകൾ ഏറെയുണ്ട് ശ്രീമുരുകന്. ഏറ്റെടുക്കുന്ന ഏത് പ്രവൃത്തികളിലും വിജയം സുനിശ്ചിതമാക്കുന്ന ദേവസേനാപതിയെ ആരാധിച്ചാൽ ഇരട്ടി ഫലം ലഭിക്കുന്ന പുണ്യ ദിനങ്ങളിൽ ഒന്നാണ് ഭഗവാന്റെ അവതാര ദിവസമായ വൈകാശി വിശാഖ മഹോത്സവം. ഈ ദിവസം മുരുകനെ യഥാവിധി പൂജിച്ച്, വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ പ്രതിസന്ധികളും തടസ്സങ്ങളും അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കും. ഓം വചത്ഭുവേ നമഃ, ഓം ശരവണ ഭവ എന്നീ മന്ത്രങ്ങൾ, സുബ്രഹ്മണ്യ ഗായത്രി, സുബ്രഹ്മണ്യ അഷ്ടോത്തരം
തുടങ്ങിയവ ഈ ദിവസം ജപിക്കുന്നത് ഏറെ ഉത്തമമാണ്.

ശ്രീ മുരുകനിൽ ത്രിമൂർത്തികളും കുടികൊള്ളുന്നെന്ന് വിശ്വസിക്കുന്നു. മുകുന്ദൻ, രുദ്രൻ, കമലോത്ഭവൻ എന്നീ ത്രിമൂർത്തികളുടെ നാമത്തിന്റെ ഏകരൂപമത്രേ മുരുകൻ. അതുകൊണ്ട് മുരുകനെ തൊഴുത് പ്രാർത്ഥിച്ചാൽ ത്രിമൂർത്തികളെയും തൊഴുന്ന ഫലം കിട്ടും എന്ന് സാരം.
ഒരോ മൂർത്തികളുടെയും അവതാര ദിവസവും ആ ദേവതകൾക്ക് പ്രധാനപ്പെട്ട ദിനങ്ങളും തിരഞ്ഞെടുത്ത്‌ വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ ദു:ഖദുരിതങ്ങൾ അകന്ന് ഭയരഹിതമായ ജീവിതം ലഭിക്കുമെന്നാണ് ആചാര്യന്മാർ പറഞ്ഞിട്ടള്ളത്. മുരുകന്റെ സന്നിധിയിൽ ഇരുന്ന്‌ സ്‌കന്ദഷഷ്ഠി കവചം പാരായണം ചെയ്താൽ കാര്യവിജയവും സിദ്ധിക്കുന്നു.

വൈകാശി വിശാഖം ആചരിക്കുന്നവർ ഇടവത്തിലെ
വിശാഖമായ 2023 ജൂൺ 2 വെള്ളിയാഴ്ച അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ആദ്യം ഗണപതിയെ വന്ദിച്ചശേഷം മുരുകന്റെ ചിത്രത്തിന് മുന്നിൽ അഞ്ച് തിരിയിട്ട നിലവിളക്ക് കത്തിച്ചു വച്ച് അഞ്ച് സുഗന്ധദ്രവ്യങ്ങളും, അഞ്ചുതരം നിവേദ്യങ്ങളും സമർപ്പിച്ചും സ്‌തോത്രങ്ങൾ ജപിച്ചും സുബ്രഹ്മണ്യ സ്വാമിയെ ഉപാസിച്ചാൽ ശത്രുക്കൾ നിഷ്പ്രഭരാകും. ജീവിതം ഐശ്വര്യ സമൃദ്ധമാകും. ഈ ദിവസം ക്ഷേത്രത്തിൽ പഞ്ചാമൃതാഭിഷേകം നടത്തിയാൽ അഭീഷ്ട സിദ്ധിയുണ്ടാകും. ഇളനീരു കൊണ്ട് അഭിഷേകം നടത്തിയാൽ സൽസന്താനലബ്ധിയുണ്ടാകും. കരിമ്പിൻ നീരാൽ അഭിഷേകം നടത്തിയാൽ ആരോഗ്യം കൂടും.

വൈകാശി വിശാഖം ദിവസം മോര്, പാനകം, തൈരുചോറ്, ഇളനീർ എന്നിവദാനം നൽകിയാൽ തലമുറകൾക്ക് അഭിവൃദ്ധിയുണ്ടാവും. കൂടാതെ നിത്യവും മുരുകനെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ചാൽ ജീവിതത്തിലെ ഏത് ദുർഘടവസ്ഥയേയും അതി ജീവിക്കാനുള്ള ശക്തിയും ധൈര്യവും ലഭിക്കുന്നു. ഓം ശരവണ ഭവ എന്ന മുരുകന്റെ മൂലമന്ത്രം തന്നെ സർവ്വ ദോഷസംഹാരിയാണെന്നാണ് വിശ്വാസവും അനുഭവവും.

തമിഴ് നാട്ടിലെ ആറ് മുരുകാലയങ്ങൾ ഭഗവാന്റെ ആറ്
പടൈവീടുകളായി പറയുന്നു. ഈ ആറ് ക്ഷേത്രങ്ങളിൽ
ദർശനം നടത്തി പ്രാർത്ഥിച്ചാൽ സർവാനുഗ്രഹം ലഭിക്കും.
തിരുപ്പുറം കുൻട്രമാണ് ആദ്യപടൈവീട്. തിരുച്ചെന്തൂരിനെ രണ്ടാം പടൈ വീടായും തിരുആവിനംകുടി എന്ന പഴനിയെ മൂന്നാം പടൈ വീടായും തിരുവേരകം എന്ന സ്വാമിമലയെ നാലാം പടൈ വീടായും തിരുത്തണിയെ അഞ്ചാം പടൈ വീടായും പഴമുതിർചോലയെ ആറാം പടൈവീടായും കരുതപ്പെടുന്നു. അതുകൊണ്ട് മുരുകനെ അറുപടൈ വീട് അഴകൻ എന്നും പറയുന്നു.

Story Summary: Significance, Rituals of Vikashi Vishakam And Benefits Subramaniaya Worshipping

error: Content is protected !!
Exit mobile version