Wednesday, 13 Nov 2024

വൈക്കത്തപ്പന് നിത്യവും മൂന്ന് ഭാവം;
പ്രധാന പ്രസാദത്തിന് അദ്ഭുതസിദ്ധി

മംഗള ഗൗരി
രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകുന്നേരം മംഗള മൂർത്തി – വൈക്കത്തപ്പന്‍ നിത്യവും ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്ന മൂന്നു ഭാവങ്ങളാണിത്.

രാവിലെ പന്തീരടി പൂജവരെയുള്ള സമയത്ത് ദേവാസുരന്മാർ ഉൾപ്പെടെ എല്ലാവരാലും വന്ദിക്കുന്ന ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി ഭാവത്തിലാണ് ഭക്തര്‍ വൈക്കത്തപ്പനെ തൊഴുത് വണങ്ങുന്നത്. പഠനത്തിലും വിദ്യാസംബന്ധമായ മത്സരങ്ങളിലും വിജയം വരിക്കുന്നതിനും സല്‍ബുദ്ധിയും അകളങ്കിത ജ്ഞാനം നേടുന്നതിനും രാവിലെ വൈക്കത്തപ്പന്റെ ദര്‍ശനം നടത്തുന്നത് നല്ലതണ്.

പന്തീരടി പൂജ കഴിഞ്ഞ് ഉച്ചപൂജയോട് അനുബന്ധിച്ച സമയമാകുമ്പോൾ കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണ് ഭക്തര്‍ വൈക്കം ശ്രീ മഹാദേവനെ ദര്‍ശിക്കുന്നത്.
അര്‍ജുനന്റെ അഹങ്കാരം ശമിപ്പിച്ച് പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച് ധീരനാക്കിയ വൈക്കത്തപ്പനെ ഉച്ചയ്ക്കു ദര്‍ശിച്ച് തൊഴുതാൽ ശത്രുദോഷങ്ങളും എല്ലാ
വിധ തടസങ്ങളും നീങ്ങി സകല കാര്യവിജയവും അനുഗ്രഹങ്ങളും ലഭിക്കും എന്ന് വിശ്വസിക്കുന്നു.

വൈകുന്നേരം ജഗദംബികയായ പാര്‍വതിദേവിയും പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനുമൊത്ത് കുടുംബ സമ്മേതം വസിക്കുന്ന മംഗള മൂർത്തിയുടെ ഭാവത്തിലാണ് ഭക്തര്‍ വൈക്കത്തപ്പൻ ശോഭിക്കുന്നത്. പാര്‍വതി ദേവി ഇടതുഭാഗത്ത് മടിയിലും ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുവശങ്ങളിലും ചേര്‍ത്തിരുത്തി ലാളിക്കുന്ന ഗൃഹസ്ഥാശ്രമിയാണ് ഈ സമയത്ത് വൈക്കത്തപ്പൻ. എല്ലാ ദേവഗണങ്ങളും അസുരന്മാരും ഋഷിമാരും മഹാദേവനെ ആരാധിക്കുന്നു സമയമാണ് ഇതെന്ന് സങ്കല്പം. വൈക്കത്തപ്പനെ ദര്‍ശിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണത്രേ ഇത്. ഈ നേരത്തെ ശ്രേയസ്‌കരവും സർവസൗഭാഗ്യദായകവും ആണ് .

ക്ഷേത്രത്തിലെ തിരുവൈക്കത്തപ്പന്‍ ബ്രാഹ്മണ വേഷം ധരിച്ച് ദേഹണ്ഡം ചെയ്തുവെന്ന് വിശ്വസിക്കുന്ന അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാട് പ്രാതല്‍ ആണ്. ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആൽവിളക്ക് എന്നിവയാണ് മറ്റ് വഴിപാടുകൾ. മുന്നൂറ്റി അറുപത്തിയഞ്ചു തിരിത്തട്ടുകളോടു കൂടിയതും ആൽമര രൂപത്തോട് കൂടിയതുമായ ആൽവിളക്ക് തെളിക്കൽ അഭിഷ്ടസിദ്ധിക്ക് ഉത്തമമാണ്. ഇവിടുത്തെ പ്രധാന പ്രസാദം ഭസ്മമാണ്. വലിയ അടുക്കളയിലെ അടുപ്പില്‍ നിന്ന് എടുക്കുന്ന ചാരമായ വിശിഷ്ടമായ ഈ പ്രസാദത്തിന് അദ്ഭുതസിദ്ധികളുണ്ട്. വിഷബാധ, ഭയം, മുറിവ് മുതലായവ ശമിക്കാൻ ഇത് ഉപയോഗിക്കുന്നു.

മംഗള ഗൗരി

Story Summary : Vaikom Sree Mahadeva Temple: The three Bhavaa or forms of Vaikkathappan

error: Content is protected !!
Exit mobile version