Friday, 5 Jul 2024

വൈക്കത്തപ്പൻ കോപിച്ചു, വടക്കുംകൂര്‍ മുടിഞ്ഞു; മാശി അഷ്ടമിയുടെ കഥ

ശ്രീകുമാർ ശ്രീ ഭദ്ര
ആചാരപ്പെരുമയോടെ, വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാശി അഷ്ടമി എന്നറിയപ്പെടുന്ന കുംഭാഷ്ടമി 2023 ഫെബ്രുവരി 13ന് ആഘോഷിക്കും. ഉത്സവത്തിന്റെ മുന്നോടിയായി ഫെബ്രുവരി 12 വരെ ദ്രവ്യകലശവും 13ന് രാവിലെ 10 ന് ഏകാദശ രുദ്രഘ്യത കലശവും നടക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. അഷ്ടമി ആഘോഷത്തിന്റെ പ്രധാന ചടങ്ങ് ഏകാദശ രുദ്ര ഘൃതകലശപൂജയാണ്. 11 യജൂർ വേദ പണ്ഡിതർ ആണ് ഏകാദശ രുദ്രഘൃതകലശ പൂജയിൽ മന്ത്രങ്ങൾ ഉരുവിടുന്നത്.

വൃശ്ചികത്തിലെ വൈയ്ക്കത്തഷ്ടമി പോലെ പ്രധാനം അല്ലെങ്കിലും കുംഭമാസത്തിലെ കൃഷ്ണാഷ്ടമിയും ആര്‍ഭാടപൂര്‍വ്വമാണ് നടത്തുന്നത്. വൈയ്ക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒന്നിച്ച് നടത്തുന്ന എഴുന്നള്ളത്തും ദിവ്യമായ അഷ്ടമിവിളക്കുമാണ് ഈ പുണ്യദിനത്തിലെ വിശേഷക്കാഴ്ചകൾ. സ്വർണ്ണത്തിലുള്ള പ്രഭാമണ്ഡലം, തങ്കഅങ്കി, ചന്ദ്രക്കല, പട്ടുടയാടകൾ, വെള്ളി വിളക്കുകൾ പുഷ്പമാലകൾ എന്നിവയാൽ അലങ്കരിച്ച ഭഗവത് രൂപമാണ് ഈ ദിവസം ഭക്തർ ദർശിക്കുന്നത്.

13ന് വെളുപ്പിന് 4.30 ന് അഷ്ടമിദര്‍ശനത്തോടെയാണ് മാശി അഷ്ടമി ആഘോഷം ആരംഭിക്കുന്നത്. തുടർന്ന് അഭിഷേകം പ്രത്യേക പൂജകള്‍, ഉച്ചയ്ക്ക് സദ്യ എന്നിവ നടക്കും. വൈകിട്ട് 6:30 ന് ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും ഒന്നിച്ച് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ള വാഴമന, കൂർക്കശേരി, കള്ളാട്ടുശ്ശേരി എന്നിവിടങ്ങളിലേക്ക് എഴുന്നള്ളും. ഇവിടെ വിശേഷാൽ പൂജകളും നിവേദ്യവും നടത്തും.

വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒന്നിച്ച് സ്വന്തം കൃഷിഭൂമിയും നാടും കാണാനും ഭക്തർക്ക് ദര്‍ശനം കൊടുക്കാനും കണക്ക് തിട്ടപ്പെടുത്താനും വേണ്ടി പോകുന്നതായാണ് കിഴക്കോട്ട് അഷ്ടമി എന്നും പറയുന്ന കുംഭാഷ്ടമി എഴുന്നള്ളത്തിന്റെ സങ്കല്‍പ്പം. വൈക്കം ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ളവർ ആർഭാടമായാണ് മാശി അഷ്ടമി എഴുന്നള്ളത്തിനെ വരവേൽക്കുന്നത്. എഴുന്നള്ളത്ത് തിരിച്ച് വൈക്കം ക്ഷേത്രത്തിലെത്തിയ ശേഷം രാത്രി 2 മണിക്ക് അഷ്ടമി വിളക്ക് ആരംഭിക്കും. വലിയ കാണിക്കയ്ക്കു ശേഷം ഉദയനാപുരത്തപ്പൻ വൈക്കത്തപ്പനോട് വെളുപ്പിന് 3:30 യാത്ര ചോദിച്ച് പിരിയും. അതോടെ ചടങ്ങുകൾ സമാപിക്കും.

ക്ഷേത്രത്തിന്റെ ആരംഭകാലം മുതല്‍ പ്രാധാന്യത്തോടെ നടത്തി വന്ന കുംഭാഷ്ടമി കുറച്ചു കാലം മുടങ്ങി. ക്ഷേത്ര പ്രതിഷ്ഠ നടത്തിയ പരശുരാമന്‍ 108 ഇല്ലക്കാരെയാണ് ഭരണം ഏല്‍പ്പിച്ചത്. ഇതിൽ ഇണ്ടംതുരുത്തി, പെരുമ്പള്ളിയാഴം, ഞള്ളലി തുടങ്ങി 18 നമ്പൂതിരി ഇല്ലക്കാര്‍ ചേർന്ന് ക്ഷേത്രഭരണം നടത്തി വന്നു. വടയാര്‍ ഇളംങ്കാവ് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള കൊട്ടാരത്തില്‍ വടക്കുകൂറിന്റെ രാജവംശ ശാഖയില്‍ പെട്ട ഒരു രാജാവ് താമസിച്ചിരുന്നു. ക്ഷേത്ര നടത്തിപ്പുകാർക്ക് വടക്കുംകൂര്‍ രാജാക്കന്മാരുമായുണ്ടായ ശത്രുതയുടെ ഫലമായി കുംഭാഷ്ടമി ദിവസത്തെ കിഴക്കോട്ടുള്ള എഴുന്നള്ളത്ത് ഈ രാജാവും കൂട്ടരും തടഞ്ഞു. അകമ്പടിക്കാരെ ആക്രമിച്ച് പരിക്കേല്പിക്കുകയും തിടമ്പേറ്റിയ ആനയുടെ തുമ്പിക്കൈ വെട്ടുകയും ചെയ്തു. തുടര്‍ന്ന് കുറച്ചു കാലം കുംഭാഷ്ടമി മുടങ്ങി.

വടക്കുംകൂര്‍ രാജശക്തിയോട് പൊരുതി അഭ്യാസികളായ കറുകയില്‍ കൈമളന്മാരുടെ സഹായത്തോടെ ഊരാഴ്മക്കാര്‍ കുറെക്കാലം കൂടി ക്ഷേത്രഭരണം നടത്തി. ഒടുവിൽ ഗത്യന്തരമില്ലാതെ ഭരണം തിരുവിതാംകൂര്‍ മഹാരാജാവിനെ ഏല്‍പ്പിക്കാൻ തീരുമാനിച്ചു. എന്നാൽ മറ്റൊരു രാജ്യത്തെ ക്ഷേത്രഭരണം ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് രാജാവ് അഭിപ്രായപ്പെട്ടെങ്കിലും നിർബന്ധം സഹിക്കാൻ കഴിയാതെ വന്നപ്പോൾ സമുദായപ്പോറ്റി എന്ന സ്ഥാനപ്പേരില്‍ ഒരു പ്രതിനിധിയെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഭരണം നടത്താൻ നിയോഗിച്ചു. അതിന് ശേഷം കുംഭാഷ്ടമി എഴുന്നള്ളിപ്പ് പുനരാംഭിച്ചു.

ഇതേ സമയം വടക്കുംകൂര്‍ രാജാക്കന്മാര്‍ ഭഗവാന്റെ എഴുന്നള്ളത്ത് അലങ്കോലപ്പെടുത്തിയ കാലംതൊട്ട് നാശത്തിലേയ്ക്ക് പതിച്ചു. നാടുവിട്ട അവർ കോഴിക്കോട്ട് സാമൂതിരിക്കോവിലകത്ത് അഭയം പ്രാപിച്ചു. ദുരിതങ്ങള്‍ സഹിക്കാനാകാതെ പൊറുതി മുട്ടിയ അവരോട് ഒടുവില്‍ തിരുവിതാംകൂർ മഹാരാജാവ് കനിഞ്ഞു. തിരിച്ചുവരാൻ അനുവദിച്ചു. വൈക്കത്തപ്പന്റെ കോപം തീര്‍ക്കാൻ സ്വര്‍ണ്ണം കൊണ്ട് ആനബിംബം, ആനക്കാരന്‍ തുടങ്ങി എല്ലാ പരിവാരങ്ങളും നിര്‍മ്മിച്ച് നടയ്ക്കല്‍ വച്ച് വിളിച്ച് ചൊല്ലി പ്രായശ്ചിത്തം നടത്തി.

ശ്രീകുമാർ ശ്രീ ഭദ്ര
+91 94472 23407
Story Summary : Kumbhashtami 2023 : Significance of Kumbhashtami ezhunnallippu at Vaikom Mahadeva Temple


error: Content is protected !!
Exit mobile version