Friday, 20 Sep 2024

വൈക്കത്തഷ്ടമിക്ക് കൊടിയേറ്റ് ; ദർശനം സർവാനുഗ്രഹദായകം

ഒരേ ദിവസം തന്നെ വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത ഭാവങ്ങൾ കൈകൊണ്ട് ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിയുന്ന വൈക്കം മഹാദേവ ക്ഷേത്രം പ്രശസ്തമായ
വൈക്കത്തഷ്ടമിക്ക് ഒരുങ്ങുന്നു. 2022 നവംബർ 6 ന് രാവിലെ 7:10നും 9:10നും മദ്ധ്യേയാണ് കൊടിയേറ്റ്. തലേ ദിവസം രാവിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ കഴിഞ്ഞ് കൊടിയേറ്ററിയിപ്പ് നടക്കും. ക്ഷേത്രം അവകാശിയായ കിഴക്കേടത്ത് മൂസത് ചമയങ്ങളില്ലാത്ത ആനപ്പുറത്ത് എഴുന്നള്ളി ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യര്‍കുളങ്ങര ദേവീക്ഷേത്രം, ഇണ്ടംതുരുത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ എത്തി കൊടിയേറ്റ് അറിയിക്കും. അതത് അവസരങ്ങളിലെ ഊരാണ്മക്കാര്‍ ഉത്സവവിവരം ഔദ്യോഗികമായി ക്ഷേത്ര ഉടമസ്ഥരായ ഊരാണ്മക്കാരെ അറിയിക്കുന്നതാണ് ചടങ്ങ്.

സർവാനുഗ്രഹദായകം
വൈക്കം ക്ഷേത്രത്തിലെ വിശേഷങ്ങളിൽ ഏറ്റവും പ്രധാനമാണ് വൃശ്ചികത്തിലെ വൈക്കത്തഷ്ടമി. ഇതിന് പതിനൊന്ന് ദിവസം മുൻപേ കൊടിയേറുന്നതോടെ അഷ്ടമി മഹോത്സവം ആരംഭിക്കും. പതിമൂന്നാം ദിവസം ആറാട്ടോടുകൂടി വൈക്കത്തഷ്ടമി സമാപിക്കും. ഈ വർഷം വൃശ്ചികം ഒന്ന് നവംബർ 17 വ്യാഴാഴ്ചയാണ് വൈക്കത്തഷ്ടമി . നവംബർ 18 വെള്ളിയാഴ് ആറാട്ട് നടക്കും. ഈ ഉത്സവാഘോഷങ്ങളിൽ പങ്കുചേർന്ന് വൈക്കത്തപ്പന്റെ ദർശനം ലഭിച്ച് അനുഗ്രഹാശിസുകൾ കൈവരിച്ചാൽ ശത്രുദോഷശമനം, ശ്രേയസ്‌, ശനിദോഷ ശമനം തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. ഈ ദിവസങ്ങളിൽ ഇവിടെ ഭജനമിരുന്നാൽ സർവ്വപാപങ്ങളും അകലും. ഉദ്ദിഷ്ടകാര്യ വിജയവും, സർവ്വമംഗളങ്ങളും ജീവിതസൗഭാഗ്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം കോപ്പുതൂക്കല്‍ അഷ്ടമി ഉത്സവത്തിന് ആവശ്യമായ സാധനങ്ങള്‍ അളന്നുതൂക്കി ഏല്‍പ്പിക്കുന്ന ചടങ്ങാണ് കൊടിയേറ്റിന് തലേന്ന് നടക്കുന്ന കോപ്പുതൂക്കല്‍. ഇതിന് പ്രതീകമായി മംഗളവസ്തുക്കളായ മഞ്ഞളും ചന്ദനവുമാണ് ഉപയോഗിക്കുക. ക്ഷേത്രകലവറയില്‍ രാവിലെ 9.15നും 11.15നും ഇടയിലാണ് കോപ്പുതൂക്കല്‍ നടന്നത്.

ശ്രീബലി, ശ്രീഭൂതബലി, ഉത്സവബലി
വൈക്കത്തപ്പന്‍ പുറത്തേക്ക് എഴുന്നള്ളി തന്റെ സാന്നിദ്ധ്യത്തില്‍ പരിവാരങ്ങള്‍ക്ക് ഹവിസ് അര്‍പ്പിക്കുന്ന ചടങ്ങാണ് ശ്രീബലി. ഭൂതഗണങ്ങളെ ഉള്‍പ്പെടുത്തി നല്‍കുന്നത് ശ്രീഭൂതബലി. നിവേദ്യത്തോടെ വിപുലമായി നടത്തുന്നതാണ് ഉത്സവബലി. അഷ്ടമി ഉത്സവത്തിന്റെ ശ്രീബലി എഴുന്നള്ളിപ്പിന് പ്രൗഢി കൂടുക മൂന്നാം ഉത്സവം മുതലാണ്. അന്ന് മുതല്‍ എഴുന്നള്ളിപ്പുകള്‍ നടക്കുന്നത് കിഴക്കേ ആനപ്പന്തലിലാണ്. തപസ്സനുഷ്ഠിച്ചിരുന്ന വ്യാഘ്രപാദമഹര്‍ഷിക്ക് ശ്രീപരമേശ്വരന്‍ ദര്‍ശനം നല്‍കിയ സങ്കേതം കിഴക്കേ ആനപ്പന്തലിലെന്നാണ് വിശ്വാസം.

വിളക്കെഴുന്നള്ളിപ്പ്
കൊടിയേറ്റു മുതല്‍ അഷ്ടമി ദിവസം തീരുന്നതുവരെ വിളക്കെഴുന്നള്ളിപ്പ് ഉണ്ടാകും. ആദ്യദിനം കൊടിപ്പുറത്ത് വിളക്കും, ഏഴാം ഉത്സവത്തിന് ഋഷഭ വാഹന എഴുന്നള്ളിപ്പും എട്ട്, ഒന്‍പതു ദിവസം വടക്കുംചേരിമേല്‍, തെക്കും ചേരിമേല്‍ വിളക്ക് എഴുന്നള്ളിപ്പ്, അഷ്ടമി നാളില്‍ അഷ്ടമി വിളക്ക് എന്നിവ നടത്തും.

ഋഷഭവാഹനം എഴുന്നള്ളിപ്പ്
ഏഴാം ഉത്സവനാളില്‍ വാഹനമായ ഋഷഭത്തിന്റെ പുറത്ത് ഭഗവാന്‍ എഴുന്നള്ളുന്നതായി വിശ്വാസം. അഞ്ചടിയോളം ഉയരത്തില്‍ വെള്ളിയില്‍ നിര്‍മ്മിച്ച വാഹനത്തില്‍ ഭഗവാന്റെ തങ്കത്തിടപ്പ് സര്‍വാഭരണവിഭൂഷിതമായി അലങ്കരിച്ച് മുളന്തണ്ടില്‍ ബന്ധിച്ച് അവകാശികളായ മൂസതുമാര്‍ ചുമലിലേറ്റി വിവിധ മേളങ്ങളോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂര്‍ത്തിയാക്കും.

വൈക്കത്തഷ്ടമി
നവംബർ 17-ന് പുലര്‍ച്ചെ 4:30 മുതലാണ് അഷ്ടമി ദര്‍ശനം. ക്ഷേത്രത്തിന് കിഴക്ക് ആല്‍മരച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീപരമേശ്വരന്‍ പാര്‍വതീസമ്മേതനായി ദര്‍ശനം നല്‍കിയ മുഹൂര്‍ത്തം അഷ്ടമിദര്‍ശനമായി കൊണ്ടാടുന്നു. അഷ്ടമിനാളില്‍ വൈക്കത്തപ്പന്റെ ഇഷ്ടവഴിപാടായ പ്രാതൽ കൂടുതൽ
ഒരുക്കും. അന്ന്121 പറ അരിയുടെ പ്രാതലുണ്ടാകും. വൈക്കത്തപ്പനെ സങ്കല്പിച്ച് വിളമ്പിയശേഷമാണ് ഊട്ടുപുരയില്‍ പ്രാതല്‍ നല്‍കുന്നത്.

അഷ്ടമി വിളക്ക്
പുത്രനെ കാണാതെ ദു:ഖിതനായി നില്‍ക്കുന്ന വൈക്കത്തപ്പന്റെ സന്നിധാനത്തിലേക്ക് അസുരനിഗ്രഹ ശേഷം വിജയശ്രീലാളിതനായി വരുന്ന പുത്രനായ ഉദയനാപുരത്തപ്പന്റെ വരവ് പ്രധാനമാണ്. വിവിധ ദേശങ്ങളില്‍ നിന്നും വരുന്ന എഴുന്നള്ളിപ്പുകള്‍ സംഗമിക്കുന്ന മുഹൂര്‍ത്തമാണ് കുട്ടിയെഴുന്നള്ളിപ്പ്.

വലിയ കാണിക്ക
ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം പഴയകാലത്തെ ജന്മിമാരായ കറുകയില്‍ കുടുംബക്കാരുടേതായിരുന്നു. അഷ്ടമിവിളക്ക് സമയം സ്ഥലത്തിന്റെ പാട്ടം വാങ്ങാന്‍ അവകാശിയായ കറുകയില്‍ കുടുംബത്തിലെ കാരണവര്‍ പല്ലക്കിലെത്തി സ്വര്‍ണ്ണ ചെത്തിപ്പൂവും ഒരുപിടി നാണയവും സ്വര്‍ണ്ണക്കുടത്തില്‍ ആദ്യകാണിക്ക അര്‍പ്പിക്കും. പിന്നീട് സ്ഥലത്തിന്റെ പാട്ടമായി ഒരുപിടി നാണയമെടുത്ത് പല്ലക്കില്‍ മടങ്ങും. ഇതിനുശേഷം മാത്രമേ ഭക്തര്‍ കാണിക്ക അര്‍പ്പിക്കൂ.

വിടപറയല്‍
എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി ദേവീദേവന്മാരും അവസാനം പുത്രനായ ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര ചോദിക്കുന്നു. ഈ സമയം ദു:ഖകണ്ഠാര രാഗത്തില്‍ നാഗസ്വരം വായിക്കും.

ആറാട്ട്
വൈക്കം ക്ഷേത്രത്തിലെ 13-ാം ഉത്സവനാളില്‍ വൈകിട്ട് ഉദയനാപുരത്തെ ഇരുമ്പുഴിക്കരയിലെ ആറാട്ട് കുളത്തിലാണ് ആറാട്ട്. ഉദയനാപുരം ക്ഷേത്രത്തില്‍ കുടിപ്പൂജയും വിളക്കുമുണ്ട്.

മുക്കുടി നിവേദ്യം
ഉത്സവകാലത്ത് ക്രമം തെറ്റിയുള്ള പൂജകള്‍മൂലമുണ്ടായ അജീര്‍ണ്ണതയ്ക്ക് പരിഹാരമായാണ് മുക്കുടി നിവേദ്യം ഒരുക്കുന്നത്. ഉത്സത്തിന്റെ 14-ാം ദിനം ആയുര്‍വേദവിധിപ്രകാരമാണ് മുക്കുടി നിവേദ്യം തയ്യാറാക്കുന്നത്.

Story Summary: Vaikathashtami Festival 2022


error: Content is protected !!
Exit mobile version