Friday, 22 Nov 2024

വൈക്കത്ത് കൊടിയേറ്റ്, പൗർണ്ണമി, ചന്ദ്രഗ്രഹണം ; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2022 നവംബർ 6 – 12)

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2022 നവംബർ 6 ന് മീനക്കൂറ് രേവതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ വൈക്കത്തഷ്ടമിക്ക് കൊടിയേറ്റ് , ചന്ദ്രഗ്രഹണം, പൗർണ്ണമി, ഉമാമഹേശ്വര വ്രതം എന്നിവയാണ്. വാരം തുടങ്ങുന്ന നവംബർ 6 ന് രാവിലെ 7:10 നും 9:10 നും മദ്ധ്യേ 12 ദിവസത്തെ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറ്റ് നടക്കും. നവംബർ 17, വൃശ്ചികം ഒന്നിനാണ് അഷ്ടമി. പിറ്റേന്ന് ആറാട്ടോടെ ഉത്സവം സമാപിക്കും. നവംബർ 8 ചൊവ്വാഴ്ചയാണ് കാർത്തിക പൗർണ്ണമിയും ഉമാമഹേശ്വര വ്രതവും. തുലാമാസത്തിലെ പൗർണ്ണമിക്ക് വ്രതം നോറ്റാൽ ആധിവ്യാധികളെല്ലാം നശിക്കും എന്ന് വിശ്വസിക്കുന്നു. അന്ന് തന്നെയാണ് ശിവ പാർവ്വതി പ്രീതി നേടാൻ ഉത്തമമായ ഉമാമഹേശ്വര വ്രതം. പ്രസിദ്ധമായ അഷ്ടമാതാ വ്രതങ്ങളില്‍ ഒന്നായ ഇത് തമിഴ് ആചാരം അനുസരിച്ച് കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമിയിലാണ് വരുന്നത്. എന്നാൽ കേരളത്തിൽ ഭൂരിഭാഗം ഭക്തരും പരമ്പരാഗത കന്നട രീതിയിൽ ഭാദ്രപദത്തിലെ വെളുത്ത വാവ് ദിവസമാണ് ഉമാമഹേശ്വര വ്രതം നോൽക്കുന്നത്. ദാമ്പത്യക്ഷേമം, ധനം, ഐശ്വര്യം തുടങ്ങിയ ഭൗതികമായ വിജയങ്ങളാണ് വ്രത ഫലം. നവംബർ 8 , 1198 തുലാം 22 ചൊവ്വാഴ്ച മേടക്കൂറിൽ ഭരണി നക്ഷത്രത്തിൽ രാഹുഗ്രസ്ത ചന്ദ്രഗ്രഹണവും സംഭവിക്കും. ഇന്ത്യൻ സമയം പകൽ 2 മണി 39 മിനിട്ടിന് സ്പർശവും വൈകിട്ട് 6 മണി 19 മിനിട്ടിന് നിതൃതികോണിൽ ഗ്രഹണമോക്ഷവും ഉണ്ടാകും. കേരളത്തിൽ ഗ്രഹണം ഭാഗികമായിരിക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ അതായത് ബംഗാൾ,
ബീഹാർ, ജാർഖണ്ഡ്, ആസാം തുടങ്ങിയ സ്ഥലങ്ങളിൽ ഗ്രഹണം പൂർണ്ണമായിരിക്കും. 2022 നവംബർ 12 ന് പുണർതം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ
ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
പതിവിലും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. സ്നേഹബന്ധം ദൃഢമാകും. ശുഭാപ്തി വിശ്വാസം കൂടും. വരുമാനം വർദ്ധിക്കും. വിദേശത്ത് കഴിയുന്നവർക്ക്
പുതിയ ജോലി ലഭിക്കും. നഷ്ടസാധ്യതയുള്ള പദ്ധതികൾ ഒഴിവാക്കണം. ജനപ്രീതി വർദ്ധിക്കും. ഉത്തരവാദിത്വം കൃത്യമായി നിറവേറ്റും. വിശിഷ്ട വ്യക്തികളുടെ ശ്രദ്ധ ആകർഷിക്കാനാകും. ആരോഗ്യം മികച്ചതായിരിക്കും. പ്രണയം മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ജോലിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുക.

ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1, 2 )
ഔദ്യോഗിക കാര്യങ്ങളിലെ തടസങ്ങൾ മാറും. വരുമാനം വർദ്ധിക്കും. ചെലവുകൾ നിയന്ത്രണാതീതമാകും. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ
മുതിർന്ന കുടുംബാംഗം ഉപേദശങ്ങൾ നൽകും. എന്നാൽ ആ ഉപദേശം അവഗണിക്കുന്നത് ഭാവിയിൽ ദോഷം ചെയ്യും. കുടുംബത്തിൽ സന്താനഭാഗ്യം കാണുന്നു. യാത്രാ തടസ്സങ്ങൾ മാറും. കലാരംഗത്ത് പുതിയ അവസരങ്ങൾ
ലഭിക്കും. അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. ജീവിത പങ്കാളിയിൽ നിന്ന് ചില കാര്യങ്ങൾ മറച്ചു വയ്ക്കുന്നത് പ്രശ്നമാകും. ജോലിസ്ഥലത്ത് ആദരവ് നേടാൻ കഴിയും.
സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ലഭിക്കും. മോശം ആരോഗ്യം ദോഷം ചെയ്യും. ഓം നമഃ ശിവായ ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ജീവിതത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കും. അപ്രതീക്ഷിതമായി ധനയോഗമുണ്ടാകും. വീട്ടുചെലവ് വർദ്ധിക്കും. ഗൃഹാന്തരീക്ഷം സന്തോഷകരമാകും. വീട് അതിഥികളാൽ നിറയും. കാരുണ്യ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ ഹൃദ്യമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ചുമതലകൾ
കൃത്യമായി നിറവേറ്റാനാകും. സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്തും. മുൻകാല തർക്കങ്ങളെല്ലാം പരിഹരിക്കും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും.
ആരോഗ്യം മികച്ചതായിരിക്കും. വിനോദ യാത്ര പോകും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. വ്യാപാരത്തിൽ മികച്ച പുരോഗതിയുണ്ടാകും. ഗണപതി പ്രീതിക്ക് ശ്രമിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ കൈവശം വന്നു ചേരുന്ന പണം നല്ല രീതിയിൽ നിക്ഷേപിക്കാൻ കഴിയും. ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കും. യോഗയും വ്യായാമവും പതിവാക്കും. കുടുംബപ്രശ്‌നങ്ങൾ മാനസിക സമ്മർദ്ദം സൃഷ്ടിക്കും. ദാമ്പത്യത്തിൽ പരസ്പര ധാരണയുണ്ടാകും. സമ്മാനങ്ങൾ ലഭിക്കും. മറ്റുള്ളവരുടെ സഹായം തേടുന്ന
കാര്യത്തിൽ വിമുഖത കാണിക്കും. ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉത്സാഹത്തോടെ പ്രവർത്തിക്കും. സമയം പാഴാക്കുന്ന ആളുകളിൽ നിന്ന് അകന്നു നിൽക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. സൗമ്യമായി പെരുമാറാൻ കഴിയും. സർപ്പപ്രീതി നേടാൻ നൂറും പാലും നടത്തണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
കുടുംബത്തിൽ ശാന്തിയും സന്തോഷവും നിലനിൽക്കും. ആരോഗ്യത്തിൽ ഗുണപരമായ പല മാറ്റങ്ങളുമുണ്ടാകും. പ്രതിസന്ധികളും എതിർപ്പുകളും തരണം ചെയ്യുവാൻ കഴിയും. എടുത്ത ചാട്ടം നിയന്ത്രിക്കും. സാമ്പത്തികമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സുരക്ഷിതമായ പദ്ധതികളിൽ മാത്രം നിക്ഷേപം നടത്താൻ ശ്രദ്ധിക്കണം. ലഹരി വസ്തുക്കൾ ഒഴിവാക്കണം. ബിസിനസ് പങ്കാളിയിൽ അമിതമായ വിശ്വാസം വച്ചു പുലർത്തരുത്. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാതെ പരിഹരിക്കാൻ ശ്രമിക്കണം. ജോലിയിൽ നല്ല പുരോഗതി നേടും. സഹപ്രവർത്തകർ അസൂയപ്പെടും. സുബ്രഹ്മണ്യ സ്വാമിയെ പ്രീതിപ്പെടുത്താൻ വഴിപാടുകൾ നടത്തണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
വായ്പ തിരിച്ചടയ്ക്കുന്നതിന് തടസ്സങ്ങൾ നേരിടും. മാനസിക സമ്മർദ്ദങ്ങൾ വർദ്ധിക്കും. മാതാപിതാക്കളെ പരിചരിക്കുന്നതിൽ ശ്രദ്ധിക്കും. കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കും. വ്യാപാരികൾ ലക്ഷ്യപ്രാപ്തിക്കായി സുപ്രധാനമായ തീരുമാനം കൈക്കൊള്ളും. ജീവിത പങ്കാളിക്ക് നിങ്ങളുടെ എല്ലാ പ്രവർത്തികളും പ്രശ്നമായി
തോന്നും. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും. ആവശ്യമുള്ളപ്പോൾ സഹപ്രവർത്തകരുടെ സഹായം സ്വീകരിക്കുന്നതിന് മടിക്കരുത്. ദൂരയാത്രകൾ നടത്തും. അപ്രതീക്ഷികമായി നല്ല ചില അവസരങ്ങൾ ലഭിക്കും. വിവാഹ തടസങ്ങൾ മാറും. ശുഭചിന്തകൾ ശക്തമാക്കും. വിഷ്ണുപ്രതീക്ക് ഓം നമോ നാരായണായ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
വരുമാനം വർദ്ധിക്കും. സാമ്പത്തിക ലാഭമുണ്ടാകും. പുതിയ ചില നിക്ഷേപങ്ങൾ നടത്തും. അനുഭവഗുണം ഉണ്ടാകും. കോടതി വിധി അനുകൂലമാകും. മാറ്റിവച്ച
കാര്യങ്ങൾ ചെയ്തു തീർക്കാൻ ശ്രമിക്കും. വ്യാപാര രംഗത്ത് ശോഭിക്കും. ആരോഗ്യം മെച്ചപ്പെടും. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. വീട്
നിർമ്മാണം വീണ്ടും തുടങ്ങും. ബന്ധുക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. എടുത്ത് ചാട്ടം നിയന്ത്രിക്കണം. ജീവിതപങ്കാളിയുമായി ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഇതുമൂലം മാനസിക സമ്മർദ്ദം കൂടും. ജോലി യഥാസമയം പൂർത്തിയാക്കാൻ ശ്രമിക്കണം. ദുർഗ്ഗാ ക്ഷേത്രത്തിൽ ദർശനം നടത്തണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
കുടുംബ പ്രശ്‌നങ്ങൾ സമ്മർദ്ദത്തിലാക്കും. ആരോഗ്യം ശ്രദ്ധിക്കാൻ കഴിയില്ല. സ്വയംചികിത്സ ഒഴിവാക്കണം. പണം കൈമോശം വരാൻ സാധ്യതയുണ്ട്. ഒരു പുതിയ വാഹനം വാങ്ങാൻ കഴിയും. വരുമാനം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസിൽ നല്ല ലാഭം നേടാൻ കഴിയും. വ്യാപാരം വിപുലമാക്കാൻ നവ സാങ്കേതികവിദ്യകളും
സാമൂഹ്യമാധ്യമങ്ങളും ഉപകരിക്കും. വിവാദപരമായ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണം. ചില പഴയകാല പ്രശ്നങ്ങൾ കുത്തിപ്പൊക്കുന്നത് ഒഴിവാക്കേണ്ടതാണ്.
വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സമയം വളരെ അനുകൂലമായിരിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്തുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ആഗ്രഹങ്ങൾ സഫലമാകും. ബിസിനസ്സിൽ പുതിയ മേഖല കണ്ടെത്തും. ഗൃഹനിർമ്മാണം പൂർത്തിയാക്കും. സന്താനങ്ങൾ കാരണം സന്തോഷം. ശമ്പളകുടിശിക
ലഭിക്കും. നിശ്ചയദാർഢ്യം ഗുണം ചെയ്യും. വിദ്യാഭ്യാസത്തിൽ പുരോഗതി കൈവരിക്കാൻ കഴിയും. കുടുംബാംഗങ്ങളുമായി ചേർന്ന് നടത്തുന്ന കാര്യങ്ങളിൽ
വിജയം വരിക്കും. നല്ല സാമ്പത്തിക ലാഭമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുമ്പോൾ പ്രത്യേക മുൻകരുതലുകൾ എടുക്കണം. പങ്കാളിത്ത ബിസിനസുകളിൽ തൽക്കാലം നിക്ഷേപം ഒഴിവാക്കണം. അസ്ഥിരമായ സ്വഭാവം കാരണം ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പ്രമോഷൻ ഉറപ്പാക്കും.
വെള്ളിയാഴ്ച ഗണപതി ക്ഷേത്രദർശനം നടത്തണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടും. ഉത്തരവാദിത്വം വർദ്ധിക്കും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. കൃഷി ലാഭകരമാകും. സാമൂഹ്യരംഗത്ത് ശ്രദ്ധേയരാകും. മാന്യമായി പെരുമാറും. ജീവത പങ്കാളിയെ നിർണ്ണായക ഘട്ടത്തിൽ സഹായിക്കും. കുടുംബസ്വത്ത് കൈവശം വന്നു ചേരും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. അശ്രദ്ധ കാരണം പണമോ ബാഗോ നഷ്ടപ്പെട്ടേക്കാം. കുടുംബത്തിൽ സന്താനഭാഗ്യം. ജോലിയിൽ എല്ലാ സാഹചര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസയും സഹകരണവും ഉണ്ടാകും. ആഗ്രഹിക്കുന്ന പ്രമോഷൻ കിട്ടും. ആരോഗ്യം മികച്ചതായിരിക്കും. ധർമ്മശാസ്താ പ്രീതിക്ക് ശ്രമിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് അർഹമായ ഫലം ലഭിക്കും. ഭൂമി സംബന്ധമായ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയും. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ദൃഢമാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. തീർത്ഥയാത്ര നടത്തും. പുതിയ കോഴ്സിന് ചേരാൻ അപേക്ഷിക്കും. സാമ്പത്തികമായി ജീവിതത്തിൽ നല്ല പുരോഗതിയുണ്ടാകും. വായ്പാ കുടിശിക എളുപ്പത്തിൽ തിരിച്ചടയ്ക്കാൻ കഴിയും. നല്ല വാർത്തകൾ കേൾക്കും. ജോലി സംബന്ധമായ യാത്ര പോകേണ്ടിവരും. എന്നാൽ ഈ യാത്ര പ്രതികൂലമാകും. അവിവാഹിതരായവർ പ്രണയബന്ധത്തിലാകാൻ സാധ്യതയുണ്ട്. ദുശ്ശീലങ്ങൾ നിയന്ത്രിക്കണം. ശിവപ്രീതിക്ക് ജലധാര നടത്തുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സാമ്പത്തികമായി ഉയർച്ചയുണ്ടാകും. കർമ്മരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ആരോഗ്യം മെച്ചപ്പെടും. മന:സമാധാനം ലഭിക്കും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ
പുലർത്തും. പ്രതിസന്ധികൾ തരണം ചെയ്യും. തടഞ്ഞു വച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. ആത്മവിശ്വാസം ശക്തിപ്പെടും. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കും.
തർക്കങ്ങളിൽ നിന്നും വിട്ടു നിൽക്കും. ജോലിയിൽ മറ്റുള്ളവരുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ശീലം ഉപേക്ഷിച്ച് സ്വന്തം കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി
വിജയം കൈവരിക്കും. കമിതാക്കൾക്ക് മനസ്സ് തുറന്ന് ആശയവിനിമയം നടത്താനാകും. പുതിയ സംരംഭത്തിന് അനുമതി ലഭിക്കാൻ കാലതാമസം നേരിടും. ശ്രീകൃഷ്ണ പ്രീതിക്ക് തൃക്കൈവെണ്ണ സമർപ്പിച്ച് പ്രാർത്ഥിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559
Summary: Predictions: This week for you

error: Content is protected !!
Exit mobile version