വൈദ്യനാഥനെ സ്തുതിച്ച് രോഗദുരിത മുക്തി നേടാം
പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന പരമാത്മാവാണ് മഹാദേവൻ.എല്ലാ ജീവജാലങ്ങളിലും ഈശ്വരൻ ഉണ്ടെന്ന് പറയുന്നത് പ്രാണനെ ഉദ്ദേശിച്ചാണ്. ജീവനുള്ള എല്ലാത്തിന്റെയും പ്രാണൻ ശ്രീപരമേശ്വരനാണ്. ഹിന്ദു മതം പിതാവിന്റെ സ്ഥാനത്ത് സങ്കല്പിക്കുന്ന ഈശ്വരൻ ശ്രീപരമേശ്വരനും അമ്മയായി വിളിക്കുന്ന ഭഗവതി ശ്രീപരമേശ്വരിയുമാണ്. അതുകൊണ്ടാണ് ശിവപാർവതി ക്ഷേത്രങ്ങളിൽ മാതാ – പിതൃ സങ്കല്പങ്ങളിൽ വിളിച്ചു പ്രാർത്ഥിക്കുന്നത്. മഹാവിഷ്ണുവിനെപ്പോലെ ശിവനും 10 പ്രധാന അവതാരങ്ങളുള്ളതായി പുരാണങ്ങളിലുണ്ട്. മഹാകാലനാണ് ആദ്യ അവതാരം. ഇതിന്റെ ശക്തിയാണ് മഹാകാളി. അഭീഷ്ടസിദ്ധിയും മോക്ഷവുമാണ് ഉപാസനാ ഫലം. താരമെന്നാണ് അടുത്ത അവതാരത്തിന് പേര്. ഇതിന്റെ ഭഗവതിയാണ് താരാദേവി. ഇവർ ഭക്തിയും മുക്തിയുമേകും. സൗഖ്യം നൽകുന്ന ബാലഭുവനേശയും സുഖവും മോക്ഷവും നൽകുന്ന ഷോഡശ ശ്രീവിദ്യയും ഭൈരവനും ഛിന്നമസ്തകവും മനോഭിലാഷങ്ങൾ നിറവേറ്റുന്ന ധുമുഖാനും ബഗലാമുഖനും മാതംഗനും കമലനുമാണ് ശിവന്റെ മറ്റ് പ്രധാന അവതാരങ്ങൾ.
ഇതിനു പുറമെ മറ്റ് അനേകം അവതാരങ്ങളുണ്ട്. വീരഭദ്രൻ, ദക്ഷിണാമൂർത്തി തുടങ്ങി ആദി ശങ്കരാചാര്യർ വരെ ശിവന്റെ അവതാരങ്ങളായി ആരാധിക്കപ്പെടുന്നു. ഓരോ അവതാരങ്ങൾക്കും അവതാര ലക്ഷ്യങ്ങളുണ്ടായിരുന്നു. ഭക്തർ ഓരോരോ ആഗ്രഹസാഫല്യങ്ങൾക്ക് അനുസൃതമായ രൂപഭാവങ്ങളിൽ ഭഗവാനെ ആരാധിക്കുന്നു. വിദ്യാവിജയത്തിനും ബുദ്ധിവികാസത്തിനും തൊഴിൽ ഭാഗ്യത്തിനും ദക്ഷിണാമൂർത്തിയായി ആരാധിക്കുമ്പോൾ രോഗദുരിതമകലാനും ആയുസും ആരോഗ്യവും വർദ്ധിക്കുന്നതിനും മൃത്യുഞ്ജയ മൂർത്തിയായും ശത്രുനിഗ്രഹത്തിന് വീരഭദ്രനായും നൃത്തത്തിലും സംഗീതത്തിലും സാഹിത്യത്തിലും മറ്റ് കലകളിലും വിജയിക്കുന്നതിന് നടരാജസങ്കല്പത്തിലും കുടുംബക്ഷേമത്തിനും ഐശ്വര്യത്തിനുമായി അർദ്ധനാശീശ്വര രൂപത്തിലും പിന്നെ പശുപതിയായും പ്രജാപതിയായും വൈദ്യനാഥനായുമെല്ലാം കരുണാമയനായ ശിവനെ ആരാധിക്കുന്നു. ആഗ്രഹസാഫല്യത്തിന് മാത്രമല്ല കഷ്ട നഷ്ടങ്ങളും ദുരിത ദു:ഖങ്ങളും ഉണ്ടാകുമ്പോൾ അതിൽ നിന്നുളള മോചനത്തിനും മഹാദേവനിൽ അഭയം തേടാം.
സർവ്വ രോഗങ്ങളേയും സർവ്വ വിഷങ്ങളെയും ഹരിക്കുന്ന വൈദ്യനാഥനായ ശ്രീമഹാദേവനെ സ്തുതിക്കുന്ന പ്രസിദ്ധമായ ഒരു സ്തോത്രം ഈയിടെ ചെങ്ങന്നൂർ ശിവക്ഷേത്ര ഭക്തരുടെ കൂട്ടായ്മ തൃച്ചെങ്ങന്നൂരപ്പാ സർവ്വ ജനങ്ങളെയും കാത്തുകൊള്ളേണമേ എന്ന പ്രാർത്ഥനയോടെ ഫേസ് ബുക്കിൽ പങ്കിട്ടു. രചയിതാവ് ആരാണെന്ന് അറിയാത്ത ആ സ്തോത്രം താഴെ ചേർക്കുന്നു. ഭക്തിപുരസ്സരം ഇത് ജപിച്ചു നോക്കൂ. ഈ ദുരിത കാലത്ത് ലേശം മന:ശാന്തി ലഭിക്കും.
നമഃ പാർവ്വതീ പതയേ ഹര ഹര മഹാദേവാ:
വൈദ്യനാഥ മഹാദേവ
ഭവാമയ ഭിഷഗ്വര
പരമേശ ദയാലോമേ
സർവ്വ രോഗാൻ നിവാരയ
മൃത്യുഞ്ജയ ജഗദ് ബന്ധോ
ഗിരീശ ഗിരിജാപതേ
നിരഞ്ജന നികാമം തേ
രോഗാൻ രൂഢാൻ നിവാരയ
അനാമയ മുനിജ്ഞേയ
അനാശ്രയ ജനാശ്രയ
അനാഥസ്യ ചിരാൻ രോഗാൻ
അഖിലാൻ മേ നിവാരയ
മഹേശ്വര മഹാ ബാഹോ
തുഷാരകര ശേഖര
നിടിലാക്ഷ നിജാൻ രോഗാൻ
നിഖിലാൻ മേ നിവാരയ
അഖിലേശ ത്രയീ വേദ്യ
അഗ്നി ചന്ദ്രാർക്ക ലോചനസ
ദാശിവ സദാ രോഗാൻ
സകലാൻ മേ നിവാരയ
പ്രഭോ പശുപതേ ശാന്ത:
ദേവ ദേവ ദയാനിധേ
ആദ്യമേ വിവിധാൻ രോഗാൻ
വൈദ്യനാഥ നിവാരയ
ശർവ്വ ഭവ്യാംബുധേ വിശ്വ –
നാഥ സങ്കട മോചക
ഭിഷഗീശ്വരമേ തീവ്രാൻ
രോഗനാശു നിവാരയ
ഭൂതി ഭൂഷണ ഭൂതേശ
ഭൂരി ദാക്ഷണ്യ ശേവധേ
സനാതന വിഭോ രോഗാൻ
സമൂലം മേ നിവാരയ
സർവേശ്വര സദാധാര
സച്ചിദാനന്ദ ശങ്കര
രാഗാദി രോഗാൻ നിശ്ശേഷാൻ
കാമാരേ മേ നിവാരയ
ഭക്ത വാത്സല്യ വാരാശേ
വൈദ്യനാഥ രുജാന്തക
വിനാവിളംബം സർവ്വാൻ
മേരോഗ ബീജാൻ നിവാരയ
– പി. സുരേഷ്, ചെങ്ങന്നൂർ