Wednesday, 3 Jul 2024

വൈശാഖ പൗർണ്ണമി ഗണപതിക്കുംദുർഗ്ഗയ്ക്കും വിശേഷം; ഈ 3 മന്ത്രങ്ങൾ ജപിക്കൂ

ജ്യോതിഷരത്നം വേണു മഹാദേവ്
മേടമാസത്തിലെ പൗര്‍ണ്ണമി അതിവിശേഷമാണ്. വൈശാഖ പൗർണ്ണമി , ബുദ്ധപൂർണ്ണിമ എന്നീ പേരുകളിൽ പ്രസിദ്ധമായ ഈ പുണ്യ ദിവസം ഗണപതി ഭഗവാനും ദുർഗ്ഗാ ഭഗവതിക്കും ഒരേ പോലെ വിശേഷമാണ്. ഇത് വിനായക പൗര്‍ണ്ണമി എന്ന പേരിൽ വ്രതാനുഷ്ഠാനങ്ങളോടെ ഭക്തർ ആചരിക്കാറുണ്ട്. കൃഷ്ണ ഭഗവാന്റെ ഉപദേശം സ്വീകരിച്ച് കുചേലൻ വിനായക പൗർണ്ണമി വ്രതം
നോറ്റാണ് ദാരിദ്ര്യ മോചനം നേടിയതെന്ന് ഒരു ഐതിഹ്യമുണ്ട്. ഐശ്വര്യവും സമ്പദ് വർദ്ധനവും ആണ് ഈ വ്രതാനുഷ്ഠാനത്തിന്റെ ഫലം. വൈശാഖ മാസത്തിലെ പൗര്‍ണ്ണമി ലോകമാകെ ബുദ്ധപൂര്‍ണ്ണിമയായി ആചരിക്കുന്നു. സിദ്ധാര്‍ത്ഥൻ ശ്രീബുദ്ധനായി ജ്ഞാനോദയം നേടിയത് ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു.

2023 മേയ് 5 നാണ് ഇത്തവണ മേടത്തിലെ പൗർണ്ണമി. എല്ലാ പൗർണ്ണമിയും ദുര്‍ഗ്ഗാ ഭഗവതി പ്രീതിക്ക് പ്രധാനമാണ്. വൈശാഖത്തിലെ പൗർണ്ണമി ഗണപതി ഭഗവാനും വിശേഷമാണ്.
അതിനാൽ ഗണപതി ക്ഷേത്രങ്ങളിലും ദുർഗ്ഗാ ക്ഷേത്രങ്ങളിലും ശിവ ക്ഷേത്രങ്ങളിലുമെല്ലാം അതിവിശേഷമാണ് മേടത്തിലെ പൗർണ്ണമി. ശിവന്‍ ചന്ദ്രക്കലാധരനായത്‌ തന്നെയാണ്‌ ഇതിന്‌ കാരണം. പ്രധാന ദുർഗ്ഗാ ക്ഷേത്രങ്ങളിൽ പൗർണ്ണമിക്ക് ഐശ്വര്യ പൂജ പ്രധാനമാണ്. സ്ത്രീകളാണ് വിളക്കു പൂജയിൽ കൂടുതലും പങ്കെടുക്കുന്നത്. ഐശ്വര്യ സമൃദ്ധിയാണ് ഫലം.

ദുര്‍ഗ്ഗാ ഭഗവതിയുടെ പ്രീതി നേടാൻ പൗര്‍ണ്ണമി വ്രതമെടുക്കുന്നത് അത്യുത്തമമാണ്. ചന്ദ്രന്‍ പൂർണ്ണ ബലം നേടുന്ന പൗര്‍ണ്ണമി നാളിൽ ചന്ദ്രദശാദോഷം അനുഭവിക്കുന്നവരും ജാതകവശാൽ ചന്ദ്രന് ബലക്കുറവുള്ളവരും വ്രതം അനുഷ്ഠിക്കണം. ഇക്കൂട്ടർ ദുർഗ്ഗാ ഭഗവതിയെ ഉപാസിച്ച് പ്രീതിപ്പെടുത്തിയാൽ എല്ലാ ജീവിത ഐശ്വര്യങ്ങളും മന:ശക്തിയും കൈവരും. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുവാനും രോഗശമനത്തിനും ഐശ്വര്യവർദ്ധനവിനും പൗർണ്ണമി ദിവസം വ്രതമെടുക്കാവുന്നതാണ്.

പൗര്‍ണ്ണമി വ്രതം ഒരിക്കലായും പൂർണ്ണ ഉപവാസമായും ആചരിക്കാം. സാധാരണ വ്രതനിഷ്ഠകളെല്ലാം പാലിക്കണം. ചിലർ പൗർണ്ണമിക്ക് മൗനവ്രതം നോൽക്കാറുണ്ട്. തലേന്ന് ഉച്ചയ്ക്ക് മാത്രം ആഹാരം കഴിച്ചും രാത്രിയിൽ ഉപവസിച്ചും അല്ലെങ്കിൽ പഴങ്ങൾ കഴിച്ചും വ്രതമെടുക്കുന്നവര്‍ പൗര്‍ണ്ണമിനാളിൽ ഉദയത്തിന് മുൻപ് കുളിച്ച് ശുദ്ധമായി വിളക്ക് തെളിച്ച് ഗണപതി ഭഗവാനെ വന്ദിക്കണം. തുടർന്ന് ദേവീ സ്മരണയോടെ നെറ്റിയിൽ കുങ്കുമം ചാർത്തണം. തുടർന്ന് ദുർഗ്ഗാ ഭഗവതിയെ പ്രാർത്ഥിക്കണം. ദുർഗ്ഗാ മന്ത്രങ്ങള്‍, ലളിതസഹസ്രനാമം എന്നിവ ജപിക്കുന്നത് ഐശ്വര്യദായകമാണ്. രാവിലെയും വൈകിട്ടും ദുർഗ്ഗാക്ഷേത്രദര്‍ശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ കഴിക്കണം. പൗര്‍ണ്ണമി ദിനങ്ങളില്‍ സന്ധ്യക്ക്‌ ക്ഷേത്രദര്‍ശനം നടത്തുന്നത് പുണ്യകരമായി പണ്ടുപണ്ടേ വിശ്വസിച്ചു പോരുന്നു. അന്ന് സന്ധ്യയ്ക്ക് വിളക്ക് പൂജയോടെ പൗർണ്ണമി വ്രതം പൂര്‍ണമാകും.

ഈ ദിവസം വ്രതമെടുക്കാൻ കഴിയാത്തവർ ഗണപതിയുടെയും ദുർഗ്ഗയുടെയും ശിവന്റെയും സാന്നിദ്ധ്യമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി കഴിവിനൊത്ത വഴിപാട് നടത്തണം. ഈ ദിവസം
ഓം ഗം ഗണപതയേ നമഃ , ഓം ദും ദുർഗ്ഗായ നമഃ , ഓം നമഃ ശിവായ എന്നീ മൂലമന്ത്രങ്ങൾ കഴിയുന്നത്ര തവണ ജപിക്കുന്നത് പുണ്യദായകവും ആഗ്രഹസാഫല്യപ്രദവുമാണ്.

ഭൂമിയിലെ സകല ചരാചരങ്ങളെയും ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ ബാധിക്കാറുണ്ട്‌. വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഇതുമായി ബന്ധമുണ്ട്. അമാവാസി ദിവസം മാനസിക വിഷമങ്ങളും മന: പ്രയാസവും ആസ്ത് മ പോലുള്ള രോഗങ്ങളും ചില ആളുകളെ വല്ലാതെ ബുദ്ധിമുട്ടിക്കും. എന്നാൽ പൗർണ്ണമി പലർക്കും അനന്ദദായകമാണ്‌. മസ്തിഷ്കോർജ്ജം വർദ്ധിക്കുന്ന ദിവസമാണിത് അതിനാലാണ് അന്ന് നവോന്മേഷം കൈവരുന്നത്.

  • ജ്യോതിഷരത്നം വേണു മഹാദേവ്,
    +91 9847475559

+91 8921709017
Story Summary: Significance of Vishaka Powrnami or Budda Poornima and Relavance of Ganapathy, Durga Pooja on That day

Tags


error: Content is protected !!
Exit mobile version