Saturday, 23 Nov 2024

വ്യാഴം മാറി; ദുരിതമുക്തിക്ക് ഇവർ
ഇനി രാജഗോപാലമന്ത്രം ജപിക്കണം

ജ്യോതിഷി പ്രഭാസീന സി പി
സർവ്വവശ്യം, ധനസമൃദ്ധി, തൊഴിൽ രംഗത്ത് ഉയർച്ച, തൊഴിൽ ലബ്ധി, വ്യാഴ ദോഷപരിഹാരം എന്നിവയ്ക്ക് അത്യുത്തമമാണ് രാജഗോപാലമന്ത്ര ജപം. അത്ഭുത ഫലസിദ്ധിയുള്ള ഈ മന്ത്രത്താൽ ശ്രീകൃഷ്ണ, മഹാവിഷ്ണു ക്ഷേത്രത്തിൽ അർച്ചന നടത്തിയാൽ തൊഴിൽ ലബ്ധി മാത്രമല്ല, തൊഴിൽ രംഗത്ത് ലാഭവും അസൂയാവഹമായ പുരോഗതിയുമുണ്ടാകും. ദിവസവും മന്ത്രം 108 തവണ ജപിക്കുന്നത് എല്ലാവിധ ഉയർച്ചയും നൽകും. എല്ലാത്തരത്തിലുമുള്ള വ്യാഴദോഷങ്ങൾക്കും ശത്രുദോഷങ്ങൾക്കും ശാപദോഷങ്ങൾക്കും ഉത്തമ പരിഹാരമാണ് ഈ ശ്രീകൃഷ്ണ മന്ത്ര ജപം എന്ന് വിശ്വസിക്കുന്നു. ഈ മന്ത്രം പതിവായി ജപിച്ചാൽ എല്ലാ ഭയപ്പാടുകളും ദുരിതങ്ങളും അലച്ചിലുകളും മാറും. വിദ്യാസംബന്ധമായ പുരോഗതിക്കും പ്രയോജനപ്പെടും. ഔദ്യോഗിക രംഗത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും തടസങ്ങളും നീക്കുന്നതിനും നല്ലതാണ്. കർമ്മം ചെയ്യുന്നതിന് വേണ്ട കാര്യപ്രാപ്തി കൈവരുന്നതിന് ഉത്തമമായ രാജഗോപാലമന്ത്രം കലാരംഗത്തെ തടസം അകറ്റി മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനും കൂടുതൽ ആൾക്കാരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനും സഹായിക്കും.

ഇതുവരെ സ്വസ്ഥമായി ജീവിച്ച ചിലർക്ക് വ്യാഴമാറ്റം കാരണം ഇനി ദോഷ ദുരിതങ്ങൾ വർദ്ധിക്കുവാൻ സാധ്യതയുണ്ട്. വ്യാഴഗ്രഹം 12 വര്‍ഷത്തിന് ശേഷം മീനം രാശിയില്‍ എത്തിയത് കഴിഞ്ഞ ആഴ്ച, അതായത് 2022 ഏപ്രിൽ 13 നാണ്. മീനത്തിലേക്കുള്ള വ്യാഴത്തിന്റെ വരവ് ചില രാശിയിൽ ജനിച്ചവർക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നാൽ മറ്റ് ചിലർക്ക് ഗുണദോഷ സമ്മിശ്രവും വേറൊരുകൂട്ടർക്ക് ഏറെ ദോഷകരവുമാണ്. ഈ ദോഷങ്ങളിൽ നിന്നും മുക്തി നേടാൻ രാജഗോപാല മന്ത്രജപം സഹായിക്കും.

ഇടവക്കൂറിലെ കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി, കർക്കടകക്കൂറിലെ പുണർതം അവസാന കാൽ, പൂയം, ആയില്യം, കന്നിക്കൂറിലെ ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി, വൃശ്ചികക്കൂറിലെ വിശാഖം നാലാം കാൽ, അനിഴം, തൃക്കേട്ട, കുംഭക്കൂറിലെ അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് വ്യാഴമാറ്റം നല്ലതാണ്. ഇവർ രാജഗോപാലമന്ത്രം കൂടി പതിവായി രാവിലെയും വൈകിട്ടും ജപിച്ചാൽ സദ്ഫലം വർദ്ധിക്കും.

മേടക്കൂറിലെ അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, ചിങ്ങക്കൂറിലെ മകം, പൂരം, ഉത്രം ആദ്യ കാൽ, തുലാക്കൂറിലെ ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ മകരക്കൂറിലെ ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രഫലമാണ് ലഭിക്കുക. ഇവർ രാജഗോപാലമന്ത്രം എന്നും രാവിലെയും വൈകിട്ടും ജപിച്ചാൽ ദോഷങ്ങൾ കുറയും.

ഇപ്പോൾ വ്യാഴമാറ്റം ഏറെ ദോഷകരമായി ഭവിച്ചിരിക്കുന്ന മിഥുനം രാശിയിലെ മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ, ധനുക്കൂറിലെ മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ, മീനക്കൂറിലെ പൂരുരുട്ടാതി അവസാന കാൽ ഉത്തൃട്ടാതി, രേവതി നക്ഷത്രജാതർക്ക് ഈ വ്യാഴമാറ്റം ഏറെ ദോഷകരമാണ്. അതിനാൽ ഇവർ എന്നും രണ്ടുനേരം രാജഗോപാലമന്ത്രം ജപിച്ചാൽ ക്ലേശ ദുരിതങ്ങൾ ഈശ്വരകൃപയാൽ അനായാസം മറികടക്കാൻ കഴിയും.

രാജഗോപാലമന്ത്രം ജപിക്കുമ്പോൾ ഋഷിഃ ചന്ദഃസ് ചേർത്ത് ജപിക്കാൻ ശ്രദ്ധിക്കണം. തുളസിയുടെയോ രുദ്രാക്ഷത്തിന്റെയോ ജപമാല ഉപയോഗിച്ച് 108 പ്രാവശ്യം ജപിക്കുന്നത് വളരെ നല്ലതാണ്. അത്രയും കൂടുതൽ ജപിക്കാൻ സാധിക്കാത്തവർ 36 പ്രാവശ്യമോ 28 പ്രാവശ്യമോ 21 പ്രാവശ്യമോ ജപിച്ചാൽ മതി. ശ്രീകൃഷ്ണ ഭഗവാനെ മനസ്സിൽ സങ്കല്പിച്ച് നെയ് വിളക്ക് കൊളുത്തി ജപിക്കുന്നതാണ് ഏറ്റവും നല്ലത്.

രാജഗോപാലമന്ത്രം

ശ്രീ നാരദഃ ഋഷിഃ അനുഷ്ടുപ്പ് ഛന്ദഃ
രാജഗോപാലക മഹാവിഷ്ണുർദ്ദേവത.

ഓം കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താനാം അഭയംങ്കര ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനയ

ജ്യോതിഷി പ്രഭാസീന സി പി,

91 9961442256
Email ID: prabhaseenacp @gmail.com

Story Summary: Significance and Benefits of Rajagopal Mantram

error: Content is protected !!
Exit mobile version