വ്യാഴം രാശി മാറുമ്പോൾ ദോഷപരിഹാരം വിഷ്ണു മന്ത്ര ജപം, പൂജ, വഴിപാടുകൾ
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
നവഗ്രഹങ്ങളിലെ ഏറ്റവും ശുഭഫല ദാതാവായ വ്യാഴം വക്രഗതി കഴിഞ്ഞ് വീണ്ടും കുംഭം രാശിയിൽ പ്രവേശിക്കുന്ന 2021 നവംബർ 20 ന് ശനിയാഴ്ച വൈകിട്ട് വിഷ്ണുപ്രീതികരമായ ഉപാസനകളും വഴിപാടുകളും നടത്തുന്നത് ഉത്തമമായ ദോഷപരിഹാരമാണ്. രാത്രി 11 മണി 31 മിനിട്ടിന് കുംഭം രാശിയിൽ എത്തുന്ന വ്യാഴം, 2022 ഏപ്രിൽ 13 വൈകിട്ട് 3 മണി 50 മിനിട്ട് വരെ അവിടെ തുടരും. അതിന് ശേഷം മീനം രാശിയിൽ പ്രവേശിക്കും.
ഈ മാറ്റം 12 രാശികളിൽ പിറന്നവരുടെയും ഭാഗ്യ നിർഭാഗ്യങ്ങളെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിക്കും. ഇതു വരെ അനുകൂല ഫലങ്ങൾ അനുഭവിച്ചു വന്നവരിൽ ചിലർക്ക് ഇനി ചിലപ്പോൾ വിഷമതകൾ കൂടും; ഈശ്വരാധീനം കുറയും. മറ്റു ചിലർക്ക് ദുരിതങ്ങൾ ശമിക്കും. ഈ പകർച്ച മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1), മിഥുനം (മകയിരം 3, 4, തിരുവാതിര, പുണര്‍തം 1, 2, 3) ചിങ്ങം (മകം, പൂരം, ഉത്രം 1), തുലാം (ചിത്തിര 3, 4, ചോതി, വിശാഖം 1,2, 3), മകരം (ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1, 2) എന്നീ കൂറുകാർക്ക് ശുഭഫലങ്ങൾ നൽകും .
ഇടവം (കാര്‍ത്തിക 2, 3, 4, രോഹിണി, മകയിരം 1, 2) വൃശ്ചികം (വിശാഖം 4, അനിഴം, തൃക്കേട്ട) കുംഭം (അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3) കൂറുകാർക്ക് ദോഷകരമാണ്. കര്‍ക്കടകം (പുണര്‍തം 4, പൂയം, ആയില്യം) കന്നി (ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2) ധനു (മൂലം, പൂരാടം, ഉത്രാടം1) മീനം (പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി) കൂറുകാർക്ക് ഗുണദോഷസമ്മിശ്ര ഫലങ്ങൾ അനുഭവത്തിൽ വരാം.
അതിനാൽ കുംഭം, ധനു, വൃശ്ചികം, കന്നി, കർക്കടകം, ഇടവം, മീനം രാശിക്കാർ വ്യാഴം ക്രമഗതിയിൽ മീനം രാശിയിലേക്ക് പകരുന്നതിനിടയിലുള്ള അഞ്ചുമാസ കാലത്ത് മുടങ്ങാതെ വ്യാഴപ്രീതി കർമ്മങ്ങൾ ചെയ്യണം. വിഷ്ണു പൂജയും മന്ത്രജപവും വഴിപാടുകളുമാണ് ഏറ്റവും മികച്ച വ്യാഴ ദോഷപരിഹാരങ്ങൾ . വിഷ്ണു സഹസ്രനാമ ജപം, ഭാഗ്യസൂക്ത ജപം, വിഷ്ണുവിന്റേയോ കൃഷ്ണന്റെയോ ക്ഷേത്രത്തിൽ ഭാഗ്യസൂക്ത അർച്ചന, നെയ് സമർപ്പണം, വ്യാഴാഴ്ചകളിൽ നെയ്‌വിളക്ക്, മഞ്ഞ കലർന്ന വസ്ത്ര ധാരണം എന്നിവയാണ് പൊതുവായുള്ള വ്യാഴ ദോഷപരിഹാരങ്ങൾ. നവഗ്രഹ സന്നിധികളിൽ വ്യാഴത്തിന് പൂജയും വഴിപാടുകളും നടത്താം. കൂടാതെ ഗുരുവായൂർ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലുള്ള മഹാക്ഷേത്ര ദർശനവും സത്ഫലങ്ങൾ പ്രധാനം ചെയ്യും. വിഷ്ണു പ്രീതിക്ക് എന്നും രാവിലെ വിഷ്ണു ഗായത്രിയും സുദർശന മന്ത്രവും വിഷ്ണു മൂലമന്ത്രവും ജപിക്കണം.
വിഷ്ണു മൂലമന്ത്രം
ഓം നമോ നാരായണായ
വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
മഹാസുദര്‍ശന മന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്രൌഷധാസ്ത്ര ശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേജ്വാലാപരീതായ
സര്‍വ്വദിക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ ഹും ഫള്‍സ്വാഹ
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559
Story Summary: Remedies for Jupiter Transit on 2021 November 20