Saturday, 23 Nov 2024

വ്യാഴദൃഷ്ടി 3 കൂറുകാർക്ക് ഗുണം; ഇവർക്ക് ശനിദോഷമില്ല

അനിൽ വെളിച്ചപ്പാട്

2021 ഏപ്രിൽ 6 (1196 മീനം 23) അതിപുലർച്ചെ 12.24 ന് വ്യാഴം കുംഭം രാശിയിലേക്ക് മാറുന്നു. അന്നു മുതൽ 2021 സെപ്തംബർ 14 ഉച്ചയ്ക്ക് 2.20 വരെ വ്യാഴം കുംഭം രാശിയിലും തുടർന്ന് 2021 നവംബർ 20 വരെ വീണ്ടും മകര രാശിയിലും ആയിരിക്കാം.

നവഗ്രഹങ്ങളില്‍ അതീവപ്രാധാന്യമുള്ള ഗ്രഹമാണ് ദേവഗുരുവായ വ്യാഴം അഥവാ ബൃഹസ്പതി. വ്യാഴത്തിന്റെ രാശിമാറ്റം അതിപ്രധാനമാകുന്നു. ഏതൊരാള്‍ക്കും സൂര്യനും വ്യാഴവും ശനിയും ചാരവശാല്‍ മോശമാകുകയും അതോടൊപ്പം അവരുടെ ദശാപഹാരകാലവും മോശമായി വന്നാല്‍ അത് അതീവ ദോഷപ്രദം തന്നെയായിരിക്കും.

ലക്ഷം ദോഷങ്ങളെ ഹനിക്കും

എത്ര ദോഷപ്രദമായി നിന്നാലും വ്യാഴത്തിന്‍റെ ദൃഷ്ടി ‘ലക്ഷം ദോഷങ്ങളെ ഹനിക്കും’ എന്നാണ് പ്രമാണം. ഇപ്പോഴുള്ള വ്യാഴമാറ്റത്തിൽ ഈ ‘വ്യാഴദൃഷ്ടി’യാൽ കൂടുതൽ ഗുണങ്ങൾ ലഭിക്കുന്നത് മിഥുനക്കൂറ്, ചിങ്ങക്കൂറ്, തുലാക്കൂറ് എന്നിവർക്കായിരിക്കും. മിഥുനക്കൂറിന്റെ അഷ്ടമശ്ശനി ദോഷവും തുലാക്കൂറിന്റെ കണ്ടകശ്ശനിദോഷവും ഈ കാലയളവിൽ ബാധിക്കുന്നതുമല്ല.

തുല്യ സമയത്തിൽ തുല്യ വിസ്തീർണ്ണം എന്ന നിയമ പ്രകാരമാണ് നക്ഷത്ര – ഗ്രഹസഞ്ചാരങ്ങൾ സംഭവിക്കുന്നത്. അതായത്, വ്യാഴം അല്ലെങ്കിൽ മറ്റേതൊരു ഗ്രഹവും 12 രാശിയും മാറുന്നതിന് എടുക്കുന്ന സമയം അതാത് ഗ്രഹത്തിന് പറഞ്ഞിട്ടുള്ള സമയം തന്നെയായിരിക്കും. എന്നാൽ ചിലപ്പോൾ ഓരോ രാശിയിലും വേഗത കൂടാം (അതിചാരം), വേഗത കുറയാം (വക്രം). എന്നാൽ 12 രാശികളും മാറിവരുമ്പോൾ ആകെയുള്ള സമയം ഒന്നു തന്നെ ആയിരിക്കും. സൂര്യൻ നടുക്കും അപ്പുറത്ത് വ്യാഴവും (അല്ലെങ്കിൽ മറ്റൊരു ഗ്രഹം), ഇപ്പുറത്ത് ഭൂമിയും വരുമ്പോൾ ഭൂമിയിൽ നിന്ന് നോക്കിയാൽ പ്രസ്തുത ഗ്രഹത്തിന് വക്രം (തിരിച്ച് വരവ്) സംഭവിക്കുന്നതായി തോന്നും. എന്നാൽ സൂര്യനിൽ നിന്ന് നോക്കിയാൽ ഇത് സംഭവിക്കുകയുമില്ല.

ഇതുപോലെ സൂര്യന്റെ അപ്പുറവും ഇപ്പുറവും വ്യാഴവും ഭൂമിയും വരികയും സൂര്യനുമായി വ്യാഴം വളരെ അടുത്ത് വരികയുംകൂടി ചെയ്യുമ്പോൾ അതിചാരവും (വേഗക്കൂടുതൽ) സംഭവിക്കുകയും ചെയ്യും. സൂര്യനോട് അടുത്തുവരുമ്പോൾ ഗ്രഹത്തിന് വേഗം കൂടും. സൂര്യനോട് കൂടുതൽ അകലും തോറും ഗ്രഹവേഗം കുറയുകയും ചെയ്യും. അതുകൊണ്ടാണ് ചിലപ്പോൾ ഒരു നക്ഷത്രം 60 നാഴികയിൽ കൂടുതലോ കുറവോ ഒക്കെ സംഭവിക്കുന്നത്. കാരണം ചന്ദ്രൻ ആ ദിവസങ്ങളിൽ സൂര്യനുമായി വളരെ അടുത്തോ വളരെ ദൂരെയോ ആയിരിക്കും. മറ്റ് ഗ്രഹങ്ങൾക്കും ഇതായിരിക്കും സംഭവിക്കുന്നത്.

ഇതൊക്കെ ഓരോ രാശികളിലും സംഭവിക്കാം. എന്നാൽ 12 രാശികളും കടക്കുന്ന ആകെയുള്ള കാലം കണക്കുകൂട്ടുമ്പോൾ ഒരൊറ്റ കണക്കുമാത്രമേ ലഭിക്കുകയുമുള്ളൂ.

വ്യാഴഗ്രഹം: ചില പ്രത്യേക അറിവുകള്‍

വ്യാഴം ഒരുപ്രാവശ്യം സൂര്യനെ പ്രദക്ഷിണം വെക്കാൻ 11 വർഷവും 10 മാസവും 12 ദിവസവും എടുക്കും. അതിനെയാണ് നമ്മൾ പൊതുവെ 12 വർഷമെന്നും ‘ഒരു വ്യാഴവട്ടം’ എന്നുമൊക്കെ പറയുന്നത്. അപ്പോൾ വ്യാഴം ഒരു രാശി കടക്കാൻ 361 ദിവസമെടുക്കും. ഇതിനിടയിൽ ചിലപ്പോൾ വേഗം കൂടി ഈ പറയുന്ന കാലത്തിനുമുമ്പേ രാശി മാറിയാൽ അതിനെ ‘അതിചാരം’ എന്നും വേഗം കുറഞ്ഞ് പിന്നിലേക്ക് സഞ്ചരിക്കുന്നത് ‘വക്രം’ എന്നും അറിയപ്പെടുന്നു.

വ്യാഴം കഴിഞ്ഞ കുറെ കാലങ്ങളായി അതിചാരത്തിലും വക്രത്തിലും ഒക്കെയായി സഞ്ചരിക്കുന്നുണ്ട്. വ്യാഴഗ്രഹത്തിന് അതിചാരം വരുന്നത് പൊതുവെ നല്ലതല്ലെന്നും എന്നാൽ വ്യാഴത്തിന് വക്രഗതി വരുന്നത് ഉത്തമം ആണെന്നുമുള്ള വിലയിരുത്തലാണ് മറ്റ് പല ജ്യോതിഷ പണ്ഡിതരെപ്പോലെ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിനുമുള്ളത്. അതിചാരത്തിൽ സഞ്ചരിച്ച കാലങ്ങളിലൊക്കെയും ലോകത്തിന് ദുരിതവും മഹാമാരിയും നൽകിയ ചരിത്രം മാത്രമേ സംഭവിച്ചിട്ടുമുള്ളൂ. വ്യാഴം സ്വയം കറങ്ങുന്നതിന് 9 മണിക്കൂറും 50 മിനിറ്റും എടുക്കുന്നുണ്ട്. അതായത് ഏകദേശം 5 മണിക്കൂർ പകലും അതുപോലെ രാത്രിയും. വ്യാഴത്തിന്റെ സഞ്ചാര വേഗം ഒരു മിനിറ്റിൽ ശരാശരി 777 കിലോമീറ്ററാണ്.

ശനിഗ്രഹത്തിന്റെ പന്ത്രണ്ടാം ഭാവത്തിലായി വ്യാഴം അതിന്റെ ശത്രുനക്ഷത്രത്തിൽ നിന്നാലോ അല്ലെങ്കിൽ വ്യാഴം ശനിയുടെ പന്ത്രണ്ടിൽ ആ രാശിയുടെ അന്ത്യദ്രേക്കാണത്തിൽ നിന്നാലോ അതുമല്ലെങ്കിൽ വ്യാഴം അതിന്റെ ശത്രുനക്ഷത്രത്തിൽ നിൽക്കുകയും ശനിയുമായി യോഗം വരികയും ചെയ്തിട്ടുള്ള കാലങ്ങളിൽ ലോകത്ത് മഹാമാരി പൊട്ടിപ്പുറപ്പെടുകയും കൃത്യമായ ചികിത്സ നൽകാൻ പോലും മാനവരാശിയ്ക്ക് സാധിക്കാത്ത നിസ്സഹായാവസ്‌ഥയും ഓരോ 19 വർഷത്തിൽ ചെറുതും പിന്നെ ഓരോ 99 വർഷത്തിൽ ഭീകരവുമായ രോഗാവസ്‌ഥയിൽ ഇത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഇന്ന് ജ്യോതിഷ വിശ്വാസികൾ തിരിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ 1550 മുതലുള്ള ജ്യോതിഷ-ഗ്രഹചിന്ത നടത്തി ലഭിച്ച ജ്യോതിഷ വിവരങ്ങൾ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പബ്ലിഷ് ചെയ്തിട്ടുണ്ട്. അത് അതിശയിപ്പിക്കുന്ന ഒരു സത്യമായി മനസ്സിലാക്കാൻ സാധിക്കുന്നതുമാണ്.

സാധാരണ ജ്യോതിഷചിന്ത നടത്തുന്നവരിൽ നിന്നും വ്യത്യസ്‌ഥമായി, ‘രാഷ്ട്രജാതകം’ ഗണിക്കുന്ന ജ്യോതിഷ പണ്ഡിതരാണ് ഇപ്രകാരം രാജ്യങ്ങൾക്ക് സംഭവിക്കാവുന്ന ഗുണദോഷങ്ങൾ വിശകലനം ചെയ്യുന്നത്. നിർഭാഗ്യവശാൽ രാഷ്ട്രജാതകം കൈകാര്യം ചെയ്യുന്നവരുടെ കുറവ് ഈ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇപ്രകാരമുള്ള ജ്യോതിഷവിവരങ്ങൾ ലോകത്തിനു മുന്നിലെത്തിക്കാൻ സാധിക്കാത്ത അവസ്‌ഥയും വന്നിരിക്കുന്നു.

വ്യാഴം വക്രത്തില്‍
2021 ജൂൺ 20, (1196 മിഥുനം 06) രാത്രി 8.36.38 സെക്കന്റ് മുതല്‍ വ്യാഴം വക്രഗതി ആരംഭിച്ച് 20 21 ഒക്ടോബർ 18 ന് (1196 തുലാം 02) രാവിലെ 10.43.53 സെക്കന്റിന് മകരം രാശിയിൽത്തന്നെ മടങ്ങിയെത്തി ആ വക്രഗതി അവസാനിക്കും. ഒരു മലയാളവർഷം ഈ വ്യാഴം രണ്ടുരാശികളിൽ മാത്രം സഞ്ചരിക്കുന്നതിനാൽ കഴിഞ്ഞ വ്യാഴമാറ്റത്തിൽ ഒരു വർഷത്തിൽ മൂന്ന് രാശികളിൽ സഞ്ചരിച്ചതിലുള്ള ദോഷങ്ങളൊന്നും തന്നെ ഈ രാശിമാറ്റത്തിൽ സംഭവിക്കുകയില്ല.

വക്രത്തില്‍ (പിന്നിലേക്ക്) സഞ്ചരിക്കുന്ന വ്യാഴത്തിന് ഇരട്ടിബലം ഉണ്ടായിരിക്കും. എന്നാല്‍ വക്രശ്ശനി ദോഷപ്രദവുമാണ്.

ഏത് രാശിയുടെ ഫലം പറയണം?

ഒരു ഗ്രഹത്തിന് വക്രമോ അതിചാരമോ ഭവിച്ചാല്‍ ഏത് രാശിയുടെ ഫലം പറയണം?

“അതിചാരേതു വക്രേതു പൂര്‍വ്വരാശിഗതം ഫലം” എന്ന പ്രമാണം അനുസരിച്ച് വേഗത കൂടിയ കാരണത്താലോ (അതിചാരം), വേഗത കുറഞ്ഞ കാരണത്താലോ (വക്രം) ഗ്രഹം രാശി മാറിയാല്‍, ആദ്യം നിന്ന രാശിയുടെ ഫലമാണ് പറയേണ്ടത് എന്ന് സാരം. വേഗത കൂടിയ കാരണത്താല്‍ രാശി മാറിയാല്‍ അത് ‘അതിചാരം’. വേഗതകുറഞ്ഞ് പിന്നിലേക്ക് സഞ്ചരിക്കുന്നത് ‘വക്രം’. എന്നാൽ മിക്ക ജ്യോതിഷ വിശ്വാസികളും ഇത് മനസ്സിലാക്കാത്തതിനാൽ രാശിമാറുന്ന ഫലം അവർക്ക് അറിയണമെന്നുള്ളത് നിർബ്ബന്ധം തന്നെയാകുന്നു.

വ്യാഴത്തിന്റെ വക്രഗതിക്കാലം പൊതുവെ ശുഭപ്രദമായിരിക്കും.

വ്യാഴഗ്രഹം 12 രാശികളും പൂര്‍ത്തിയാക്കാന്‍ ഏകദേശം 11 വര്‍ഷവും 10 മാസവും 12 ദിവസവു മെടുക്കുന്നു. സാമാന്യമായി പറഞ്ഞാല്‍ 12 വര്‍ഷം അഥവാ ഒരു വ്യാഴവട്ടം. അപ്പോള്‍ ഒരു രാശിയില്‍ വ്യാഴം സ്ഥിതിചെയ്യുന്നത് ഏകദേശം ഒരുവര്‍ഷക്കാലം ആയിരിക്കുമല്ലോ.? ആ ഒരുവര്‍ഷം പൂര്‍ത്തിയാകും മുമ്പ് വ്യാഴം (അല്ലെങ്കില്‍ ഏതൊരു ഗ്രഹവും അതിന് പറഞ്ഞിട്ടുള്ള കാലത്തിനുമുമ്പ്) പിന്നെയുള്ള രാശിയിലേക്ക് മാറുന്നതിനെയാണ് ‘അതിചാരം’ എന്ന് പറയുന്നത്. കഴിഞ്ഞ രാശിമാറ്റസമയത്തും വ്യാഴത്തിന് അതിചാരം സംഭവിച്ചിട്ടുണ്ടായിരുന്നു.

ലളിതമായി പറഞ്ഞാല്‍ വ്യാഴം 20-11-2020 മുതല്‍ 20-11-2021 വരെ മകരം രാശിയില്‍, ആ ഭാവത്തിൽ നിന്നാലുള്ള ഫലം തന്നെയാണ് പറയേണ്ടതെന്ന് സാരം. എന്നാൽ ജ്യോതിഷപണ്ഡിതർക്ക് ഇതിൽ ഭിന്നാഭിപ്രായമുള്ളതായി കണ്ടുവരുന്നു. വ്യാഴം അപ്പോൾ നിൽക്കുന്ന രാശിയുടെ ഫലംതന്നെ പറയുന്ന ജ്യോതിഷപണ്ഡിതരും നിരവധിയാണ്. വക്രം, അതിചാരം എന്നിവ വിശദമായി വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക:

https://www.facebook.com/uthara.astrology/photos/a.104245266392423.10966.104223383061278/783909208426022/?type=3&theater

ലേഖനത്തിന്റെ പൂർണ്ണരൂപത്തിന് സന്ദർശിക്കുക:
http://www.uthara.in

അനിൽ വെളിച്ചപ്പാട്,
ഉത്തര അസ്ട്രോ റിസർച്ച് സെന്റർ, കരുനാഗപ്പള്ളി.
Visit: http://www.uthara.in/
Like&Follow: https://www.facebook.com/uthara.astrology
മന്ത്രങ്ങൾ ഇവിടെ ലഭ്യമാണ്: https://uthara.in/manthram/

Story Summary: Jupiter Transit to Aquarius and Benifits of it’s Drishti


error: Content is protected !!
Exit mobile version